പാലാ-പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; ഏഴുപേർക്ക് പരിക്ക്
പാലാ-പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ കൂട്ടിയിച്ച് രണ്ടുപേർ മരിച്ചു. അഞ്ചുമാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് സി.എസ്.കെ.പമ്പിന് സമീപമായിരുന്നു അപകടം. ഉടുമ്പന്നൂർ കാഞ്ഞിരത്തുങ്കൽ ഇസ്മയിലിന്റെ ഭാര്യ കുമളി അട്ടപ്പള്ളം നേതാജിനഗർ മേട്ടിൽ ഷംല(47), ഇടുക്കി ബൈസൺവാലി മുട്ടുകാട് വാഴക്കല്ലുങ്കൽ നാരായണൻ(മണി-65) എന്നിവരാണ് മരിച്ചത്.
ഇവർ രണ്ടുകാറിൽ യാത്രചെയ്തിരുന്നവരാണ്. ചികിത്സയ്ക്കുപോയി മടങ്ങിയവരുടെയും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. ഷംലയുടെ മകൻ ഷിയാസ്(24), ഭാര്യ സുൽഫി(21), ഇവരുടെ അഞ്ചുമാസം പ്രായമുള്ള മകൻ (ഇയാൻ) എന്നിവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷംലയും കുടുംബവും ഷിയാസിന്റെ മകൻ ഇയാന്റെ ചികിത്സയ്ക്കായി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയിട്ട് കുമളിക്ക് മടങ്ങുകയായിരുന്നു.
ഷിയാസാണ് ഈ കാർ ഓടിച്ചിരുന്നത്. ഈ വാഹനം നിയന്ത്രണംവിട്ട് വട്ടംകറങ്ങിയപ്പോൾ പൊൻകുന്നം ഭാഗത്തുനിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച നാരായണന്റെ സഹോദരൻ പാറത്തോട് സ്വദേശി ഹരിദാസ്(64), ഹരിദാസിന്റെ ഭാര്യ ഓമന(57), ഇവരുടെ മകൻ അരുൺ(34), നാരായണന്റെ മറ്റൊരു സഹോദരൻ കട്ടപ്പന സ്വദേശി രാജൻ(65) എന്നിവർക്കും പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണാണ് ഇവർ സഞ്ചരിച്ച കാർ ഓടിച്ചിരുന്നത്.
നാരായണനും കുടുംബാംഗങ്ങളും പൊൻകുന്നം പുതിയകാവ് ക്ഷേത്രത്തിൽ, സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തിട്ട് പൂവരണിയിലെ സഹോദരിയുടെ വീട്ടിലേക്ക് വരുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പാലാ എസ്.എച്ച്.ഒ. കെ.പി.തോംസന്റെ നേതൃത്വത്തിൽ പോലീസും രക്ഷാപ്രവർത്തനത്തിനെത്തി. മരിച്ച നാരായണന്റെ ഭാര്യ ഓമന. മക്കൾ: പരേതയായ അഞ്ജലി, ആര്യ (സൗദി അറേബ്യ), ഐശ്വര്യ(നഴ്സിങ് വിദ്യാർഥിനി-െബംഗളൂരു). മരുമകൻ: ശ്രീജിത്ത്. ഷംലയുടെ മക്കൾ: ഷിയാസ്, ഷിഹാന. കബറടക്കം വെള്ളിയാഴ്ച നടക്കും.