നൂറ്റമ്പതു അടി താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ മരണത്തെ മുഖാമുഖം കണ്ടു ഒരു കുടുംബം.. ഷമീറിനും കുടുംബത്തിനും ഇത് രണ്ടാം ജന്മം..
Posted on May 13, 2017
നൂറ്റമ്പതു അടി താഴ്ചയിലേക്ക് കരണം മറിഞ്ഞ കാറിൽ മരണത്തെ മുഖാമുഖം കണ്ടു ഒരു കുടുംബം.. ഷമീറിനും കുടുംബത്തിനും ഇത് രണ്ടാം ജന്മം..
കാഞ്ഞിരപ്പള്ളി : അർദ്ധരാത്രി സമയത്തു വിജനമായ സ്ഥലത്തു നൂറ്റമ്ബത് അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ കാറിൽ നിന്നും പുറത്തിറങ്ങുവാൻ പറ്റാതെ മരണത്തെ മുൻപിൽ കണ്ടു ഒരു കുടുംബം.. സ്ഥലം ഏതെന്നുപോലും നിശ്ചയമില്ല .. തൊട്ടു മുൻപിൽ നിറഞ്ഞൊഴുകുന്ന പുഴ .. കാറ് പുഴയുടെ തീരത്തു പുഴയിലേക്ക് വീഴുവാൻ ആഞ്ഞു നില്കുന്നു.. കാറിന്റെ വാതിലുകൾ എല്ലാം ലോക്ക് ആയതിനാൽ പുറത്തിറങ്ങുവാൻ യാതൊരു മാർഗവുമില്ല, കരഞ്ഞു നിലവിളിച്ചിട്ടും കേൾക്കുവാൻ പരിസരത്തെങ്ങും ആരുമില്ല, പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ഏക മാർഗമായ മൊബൈൽ ഫോണിന്റെ ബാറ്ററിയും തീർന്നു …
വൻ ദുരന്തം മുൻപിൽ കണ്ട ആ കുടുംബത്തെ സർവ്വേശ്വരൻ കാത്തു .. അധികം പരിക്കുകൾ പറ്റാതെ ആ കുടുംബം രക്ഷപെട്ടു .. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ ഷമീറും കുടുംബവും ആയിരുന്നു ആ കാറിനുള്ളിൽ മരണത്തെ മുഖാമുഖം കണ്ടത്.
തിരുവന്തപുരത്തു മകന്റെ ചികിത്സാർത്ഥം പോയതായിരുന്നു ഷമീർ കുടുംബത്തോടൊപ്പം. തിരികെ വരുന്ന വഴി രാത്രി ഒരുമണിക്കു കൊട്ടാരക്കര കലയപുരത്തു വച്ചാണ് അവർ അപകടത്തിൽ പെട്ടത്. റോഡിൽ എതിരെ വന്ന ലോറിയുടെ ഹൈ ബീം കണ്ണിലേക്കു അടിച്ചപ്പോൾ കാർ ഓടിച്ചിരുന്ന ഷമീറിന് നിയന്ത്രണം വിടുകയായിരുന്നു. റോഡിന്റെ സൈഡിലുള്ള ക്രഷ് ബാരിയർ തകർത്തു വണ്ടി നൂറ്റമ്പതു അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. മൂന്നു തവണ കരണം മറിഞ്ഞ വണ്ടി പുലമൺ തോടിനു സമീപത്തേക്കു പാഞ്ഞു . ആ സമയത്തു മനഃസാന്നിധ്യം കൈവരിച്ച ഷെമീർ വണ്ടിയുടെ ബ്രേക്ക് ചവിട്ടിയതിനാൽ വണ്ടി പുഴയിൽ വീഴാതെ പുഴയുടെ അരികിൽ ചേർന്ന് നിന്നു. വാതിലുകൾ എല്ലാം ലോക്ക് ആയതിനാൽ പുറത്തിറങ്ങുവാനുള്ള ശ്രമം വിഫലമായി .
നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവിടെ ഇരുന്നുകൊണ്ട് ഷെമീർ ഫയർഫോഴ്‌സിന്റെ നമ്പർ ആയ 101 ലേക്ക് വിളിച്ചു. ഫോണിലൂടെ വിവരം പറഞ്ഞുവെങ്കിലും സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കുവാനായില്ല. അധികം താമസിക്കാതെ ഷമീറിന്റെ മൊബൈൽ ഫോണിന്റെ ബാറ്ററി തീർന്നതോടെ കുടുബം അശ്ശങ്കയിലായി.
ലഭിച്ച വിവരം അനുസരിച്ചു ഫയർഫോഴ്‌സ് ഉടൻതന്നെ ഉണർന്നു പ്രവർത്തിച്ചു. എന്തായാലും അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് അവരെ കണ്ടെത്തി. എല്ലാവരെയും കാറിനുള്ളിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കി .
ഷമീറിനൊപ്പം അപകടത്തിൽ പെട്ടത് ഇവർ : ഭാര്യ നസിയ, മക്കളായ അബാൻ, സമ, സഹോദരീപുത്രൻ മുഹമ്മദ് ഷെഫാൻ എന്നിവർ.. അവരിൽ ഷമീറിന്റെ മകൾ സമക്കു നേരിയ പരിക്കുണ്ട് . മറ്റുള്ളവർ പരിക്കുകൾ പറ്റാതെ രക്ഷപെട്ടു.