നാട് വിറപ്പിച്ച് തെരുവുനായകൾ ; പൊൻകുന്നത്ത് അന്യസംസ്ഥാന തൊഴിലാളിയും, കന്യാസ്ത്രീയും ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു
പൊൻകുന്നം : പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധിപേർക്ക് കടിയേറ്റു. അന്യസംസ്ഥാന തൊഴിലാളിയും, കന്യാസ്ത്രീയും ഉൾപ്പെടെ വഴിയാത്രക്കാരായ 13 പേർക്കാണ് കടിയേറ്റത്. കടിയേറ്റവർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആന്റിറാബീസ് വാക്സിൻ നൽകി.
പൊൻകുന്നം ആര്യൻകലത്ത് രാജൻ(81), തച്ചപ്പുഴ പുളിന്താനത്ത് ലീലാമ്മ ജോർജ്(62), പൊൻകുന്നം ചിറ്റാട്ട് ഗോപകുമാർ(55), വാഴൂർ 19-ാംമൈൽ കടപ്പൂര് സൻജു ആന്റണിയുടെ വീട്ടിലെ ഇതരസംസ്ഥാന തൊഴിലാളി ജാർഖണ്ഡ് സ്വദേശി അരവിന്ദ്(21), പീരുമേട് പട്ടുമല രഞ്ജിത്ത്(31), തമ്പലക്കാട് സ്വദേശി രവീന്ദ്രൻ(63), 19-ാംമൈൽ മുണ്ടയ്ക്കൽ എം.കെ.ചാക്കോ(75), 19-ാംമൈൽ കളരിക്കൽ ബെന്നി ജോസഫ്(48), വാഴൂർ ഈസ്റ്റ് ആശാകിരണിലെ സിസ്റ്റർ എൽസ്(49), പൊൻകുന്നം വാളിപ്ലാക്കൽ അനൂജ(32), ചിറക്കടവ് കരിമുണ്ടയിൽ അനില(41), എരുത്വാപ്പുഴ അമ്പാട്ടുപറമ്പിൽ ജോസഫ്(42), നരിയനാനി അഴീക്കൽ ബാബു(54) എന്നിവർക്കാണ് കടിയേറ്റത്.
പൊൻകുന്നത്ത് വിവിധ ആവശ്യങ്ങൾക്കെത്തിയവരുൾപ്പെടെയുള്ളവർക്കും കെ.കെ.റോഡിലും പി.പി.റോഡിലും, 19-ാം മൈൽ-തച്ചപ്പുഴ റോഡിലും സഞ്ചരിച്ചവർക്കുമാണ് കടിയേറ്റത്. പൊൻകുന്നം കെ.വി.എം.എസ്.കവലമുതൽ ആൾക്കാരെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു, ഒരു നായ. നായ്ക്കളിലൊരെണ്ണത്തിനെ ആൾക്കാർ തല്ലിക്കൊന്നു; മറ്റൊന്ന് രക്ഷപ്പെട്ടു.
ജാർഖണ്ഡ് സ്വദേശി അരവിന്ദിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് നൽകിയ സിറം അലർജി പ്രകടിപ്പിച്ചു. അതിനാൽ ആ മരുന്ന് നൽകാതെ പുറത്തുനിന്ന് വാങ്ങിയ മരുന്നുപയോഗിച്ചാണ് വാക്സിൻ നൽകിയത്. ഇതിന് 13,500 രൂപയായി.
കടിച്ച നായ്ക്കൾക്ക് പേവിഷബാധയുണ്ടാകാമെന്ന സംശയത്താൽ ചികിത്സ തേടിയവർക്കെല്ലാം ഫുൾകോഴ്‌സ് വാക്സിനാണ് നൽകുന്നത്. മുപ്പത് ദിവസത്തിനുള്ളിൽ ഇത് അഞ്ചുതവണയായി നൽകും.