ക്ഷേത്രങ്ങളിൽ രാമായണമാസാചരണത്തിന് തുടക്കമായി

പൊൻകുന്നം: ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും കർക്കടകം ഒന്നാംതീയതിയായ ഞായറാഴ്ച രാമായണ മാസാചരണ ത്തിന് തുടക്കമായി. വിവിധ ഹൈന്ദവസംഘടനകൾ വീടുകൾ തോറുമുള്ള പാരായണവും ചടങ്ങുകളും നടത്തുന്നുണ്ട്.

വീടുകളിൽ വൈകീട്ടാണ് പാരായണം. ക്ഷേത്രങ്ങളിൽ രാവിലെയും വൈകീട്ടും രാമായണ പാരായണം നടത്തും. കൂടാതെ വൈകീട്ട് ഭഗവതിസേവയുമുണ്ടാവും.

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണ ഭാഗമായി രാമായണപ്രശ്‌നോത്തരി, പ്രഭാഷണങ്ങൾ, സമാപനദിവസം ത്രികാലപൂജ എന്നിവ നടത്തും. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ദിവസവും പാരായണം, വിശേഷാൽ ചടങ്ങുകൾ എന്നിവയുണ്ട്. കർക്കടകവാവുദിനത്തിൽ ക്ഷേത്രത്തിന് കിഴക്കേനടയിലെ വലിയ ചിറയിൽ മീനുകൾക്ക് ധാന്യങ്ങൾ സമർപ്പിക്കുന്ന മീനരി വഴിപാടും നടത്തും.

ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, വാഴൂർ വെട്ടികാട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ഇളമ്പള്ളി ശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ രാമായണമാസാചരണമുണ്ട്.

തമ്പലക്കാട് മഹാദേവക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, ഇളങ്ങുളം ശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂർക്കാട് ശാസ്താ ഭദ്രകാളിക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ രാമായണ മാസാചരണം നടത്തും.

അഖിലഭാരത അയ്യപ്പസേവാസംഘം, വിശ്വഹിന്ദുപരിഷത്ത്, ഭജനയോഗങ്ങൾ തുടങ്ങിയവയും രാമായണമാസാചരണം നടത്തും.

കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതി ദിവ്യക്ഷേത്രത്തിൽ രാമായണ മാസാചരണവും ഗ്രന്ഥശാല ഉദ്ഘാടനവും ശനിയാഴ്ച നടക്കും. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാവിലെ ആറിന് രാമായണ അഖണ്ഡ പാരായണം, 11-ന്‌ പുതുതായി ആരംഭിക്കുന്ന പുരാണ ഗ്രന്ഥശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജൻ കുന്നത്ത് നടത്തും. ക്ഷേത്ര മുഖ്യ കാര്യദർശി സരസ്വതി തീർത്ഥപാദ സ്വാമി അധ്യക്ഷത വഹിക്കും. ക്ഷേത്രത്തിലെ ആദ്യകാല പ്രവർത്തകൻ പുത്തൂർ പരമേശ്വരൻ നായരെ ട്രസ്റ്റ് ഭാരവാഹികൾ ആദരിക്കും. യോഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 കുട്ടികൾക്ക് പഠിക്കുന്നതിനുള്ള ഗ്രാന്റ് നൽകും. രാമായണ മാസാചരണത്തിന് സരസ്വതി തീർത്ഥപാദ സ്വാമികൾ, ബാബു കല്ലുംപുറത്ത്, കെ.കെ. പുരുഷോത്തമൻ കുഴിമാവ്, രജനി ഏന്തയാർ, സുശീല ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകും.

കാഞ്ഞിരപ്പള്ളി: മധുര മീനാക്ഷി കോവിലിൽ ഞായറാഴ്ച മുതൽ ഓഗസ്റ്റ് 16 വരെ വിശേഷാൽ ഗണപതിഹവനവും ഭഗവത് സേവയും നടത്തും. എല്ലാ ദിവസവും രാവിലെ ഏഴിന് രാമായണ പാരയണം നടത്തും. വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പേരും നാളും നൽകി ദേവസ്വം കൗണ്ടറിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.

error: Content is protected !!