വീണ്ടും പുലി ; കടമാൻകുളം എസ്റ്റേറ്റിൽ പുലിയുടെ മുന്നിൽപ്പെട്ട തൊഴിലാളി ദമ്പതിമാർ ഓടിരക്ഷപ്പെട്ടു
മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ് ടി റബ്ബർ എസ്റ്റേറ്റിൽ പുലിയുടെ മുന്നിൽപ്പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കടമാങ്കുളം ഡിവിഷനിലെ 58-ഏക്കർ പ്രദേശത്ത് ടാപ്പിങ് ജോലി ചെയ്തു വരികയായിരുന്ന കടമാങ്കുളം പേഴകത്തുവയലിൽ സാബു(58), ഭാര്യ മിനി (56) എന്നിവരാണ് പുലിയെ നേരിട്ടുകണ്ടത്.
ജോലി ചെയ്യുന്നതിനിടെ മരത്തിനുമുകളിൽ പുലിയെ കാണുകയായിരുന്നു. പുലിയെകണ്ട് ഭയന്ന് സാബു നിലവിളിച്ചു പിന്നോട്ടു ഓടാൻ ശ്രമിച്ചു. ഇതിനിടെ പുലി മരത്തിനുമുകളിൽനിന്നും താഴെയിറങ്ങി. സമീപത്ത് ടാപ്പിങ് ജോലി ചെയ്തിരുന്ന ഭാര്യ മിനിയേയും കൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ നിലത്തുവീണ് മിനിക്ക് പരിക്കേറ്റു. ഇവരുടെ ബഹളം കേട്ട് സമീപത്തെ ജോലിക്കാരും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മിനിയെയും രക്തസമ്മർദമുയർ ന്ന സാബുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടമാങ്കുളത്ത് കെണിഒരുക്കി കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.