കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു..
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും കുറവ് രോഗികളെ വലയ്ക്കുന്നു. ഒ.പി.യ്ക്ക് 400-ലധികം രോഗികളെത്തുന്ന അത്യാഹിതവിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. മലയോര മേഖലയിൽ രോഗികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയിൽ രാത്രിയും പകലുമായി നിരവധി രോഗികളാണ് എത്തുന്നത്. ചീട്ട് എടുത്ത് ഡോക്ടറെ കണ്ട് ചികിത്സ ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.
മേഖലയിൽ പനിബാധിതരുടെ എണ്ണം വർധിച്ചതോടെ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. രോഗികളെ കാണുന്നതിനൊപ്പം അപകടങ്ങളും പോലീസ് മെഡിക്കൽ കേസുകളെടുക്കുന്നതും ഡ്യൂട്ടിയിലുള്ള ഡോക്ടർ തന്നെയാണ്. വലിയ കേസുകളെത്തിയാൽ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്.
പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടും പനി ക്ലിനിക്കും ആശുപത്രിയിൽ ആരംഭിച്ചിട്ടില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഒരു ദിവസത്തെ മരുന്ന് നൽകി പിറ്റേന്ന് ഒ.പിയിൽ കാണിക്കാനാണ് നിർദേശിക്കുന്നത്. അവശനിലയിൽ എത്തുന്ന രോഗികൾ ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് ആശുപത്രിയിലുള്ളത്. നിരവധി രോഗികളെത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനത്തിന് എണ്ണം കൂട്ടണമെന്നാണ് ആവശ്യമുയരുന്നത്. സ്റ്റാഫ് നേഴ്‌സുമാരുടെ കുറവും അത്യാഹിതവിഭാഗത്തിലെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മൂന്ന് നഴ്‌സുമാരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ഇവരിൽ ഒരാൾ കുട്ടികളുടെ വാർഡിലേക്ക് പോയാൽ രണ്ട് പേരുടെ സേവനമാണ് ലഭിക്കുന്നത്. സ്റ്റാഫ് നഴ്‌സുമാരുടെ കുറവുള്ളതിനാൽ വോളന്ററി സ്റ്റാഫ് നഴ്‌സുമാരെയും എൻ.എച്ച്.എം. നഴ്‌സുമാരെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ 21 ഡോക്ടർമാരുടെയും 33 സ്റ്റാഫ് നഴ്‌സുമാരുടെയും സേവനമാണ് ആശുപത്രിയിലുള്ളത്. ഗൈനക്കോളജി, അനസ്‌തേഷ്യ തുടങ്ങിയ വിഭാഗങ്ങളൊഴിച്ചാൽ പത്തോളം ഡോക്ടർമാരുടെ സേവനമാണ് ഒ.പി.യിൽ ലഭിക്കുന്നത്.