ബഫർ സോൺ : എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടിക്കൽ കിഫയുടെ നേതൃത്വത്തിൽ കർഷകർ ധർണ നടത്തി
എരുമേലി : ബഫർ സോൺ വിഷയത്തിൽ കിഴക്കൻ പ്രദേശങ്ങളിൽ സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല പ്രതിഷേധ മാർച്ച് വമ്പിച്ച കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ബഫർ സോൺ നിയമം മൂലം ദുരിതത്തിലാകുന്ന എരുമേലി, വെച്ചൂച്ചിറ, കോരുത്തോട്, മുണ്ടക്കയം, കൊക്കയാർ , പെരുനാട് പഞ്ചായത്തുകളിലെ കർഷക പ്രതിനിധികളാണ് മാർച്ചിൽ പങ്കെടുത്തത്
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടിക്കൽ നടന്ന ധർണ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ജോണി കെ.ജോർജ്, ജോസ് ജെ. ചെരുവിൽ , ജോണി മാത്യു പൊട്ടംകുളം, ചാക്കോച്ചൻ ചെമ്പകത്തുങ്കൽ, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
നിലം നികത്തി കെട്ടിപ്പൊക്കിയ കോണ്ക്രീറ്റ് ഫ്ളാറ്റുകളിൽ ഇരുന്ന് മലയോര കർഷകരെ പടിയിറക്കുന്ന നിയമങ്ങൾ രചിക്കുന്നവർക്ക്താക്കീതാണ് ഈ ബഹുജന പ്രതിഷേധമെന്ന് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിച്ച കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രഖ്യാപിച്ചു. കർഷകരില്ലെങ്കിൽ രാജ്യം നശിക്കും. മൃഗങ്ങൾ പെരുകുന്നതിനല്ല ജനങ്ങൾക്ക് ഉയർന്ന ജീവിതനിലവാരം നൽകാനാണ് ഏതൊരു സർക്കാരും ശ്രമിക്കേണ്ടത്. കാലാകാലങ്ങളായി കർഷകർക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ കഴിയാത്ത വിധമായി നിയമങ്ങൾ മാറിയെന്ന് അലക്സ് ഒഴുകയിൽ പറഞ്ഞു.
സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. പെരിയാർ കടുവാ സംരക്ഷിത വന സങ്കേതത്തിന്റെ പരിധിയിലുള്ള എരുമേലി, വെച്ചൂച്ചിറ, കോരുത്തോട്, മുണ്ടക്കയം, കൊക്കയാർ, പെരുനാട്, പാറത്തോട്, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ കർഷക പ്രതിനിധികളാണ് മാർച്ചിൽ പങ്കെടുത്തത്. അഡ്വ. ജോസ് ജെ. ചെരുവിൽ, ജില്ലാ പ്രസിഡന്റ് ജോണി മാത്യു പൊട്ടൻകുളം, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് സുരേഷ് തോമസ് ചെന്പകത്തുങ്കൽ, വൈസ് പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ ജേക്കബ് കാട്ടൂർ, ജെയ്സണ് കുന്നത്തുപുരയിടം, ബിനു ജോസഫ്, ഭക്തവത്സലൻ, മമ്മൂഞ്ഞ് പാടിക്കൽ, സിൻ മാത്യു, സണ്ണി വെട്ടുകല്ലേൽ, സുബിൻ ജോസഫ്, ജെയിംസ് ആലപ്പാട്ട്, രാധാകൃഷ്ണൻ നായർ, സാബു കാലാപ്പറന്പിൽ എന്നിവർ നേതൃത്വം നൽകി.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എരുമേലി സൗത്ത്, കൊല്ലമുള, മ്ലാപ്പാറ, കുമളി,വണ്ടിപ്പെരിയാർ, മഞ്ഞുമല എന്നീ വില്ലേജുകളാണ് പെരിയാർ ടൈഗർ റിസർവ് ബഫർ സോണിൽ ആയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കേന്ദ്ര സർക്കാരിനെ കാണണമെന്നും റവന്യു, കൃഷി, വനം, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത ടീം രൂപീകരിക്കന്നും കിഫ ആവശ്യപ്പെട്ടു.