IHRD കോളജ് കാഞ്ഞിരപ്പള്ളിയിൽത്തന്നെ തുടരുവാൻ അനുമതി ലഭിച്ചു : ഡോ.എൻ . ജയരാജ് എംഎൽഎ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി IHRD കോളജ് കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിൽ തന്നെ തുടരാൻ ധാരണയായതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എംഎൽഎ അറിയിച്ചു. പേട്ട ഗവണ്മെന്റ് സ്കൂളിനും ഐഎച്ച്ആർഡിക്കും പുതിയ കെട്ടിടങ്ങൾ നിർമിക്കാനാണ് ആലോചനയെന്നും അദ്ദേഹം അറിയിച്ചു.
ഐ എച്ച്ആർഡിയുടെ സാന്നിധ്യം സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമോയെന്ന സ്കൂൾ അധികൃതരുടെ ആശങ്ക ഒഴിവാക്കാൻ ദേശീയപാതയ്ക്കും സ്കൂളിനും ഇടയിലുള്ള 45 സെന്റ് സ്ഥലം ഐഎച്ച്ആർഡിക്ക് നൽകാനും സ്കൂളിന് പുതിയ കെട്ടിടം നിർമിച്ച് എല്ലാ ക്ലാസ് മുറികളും ഇങ്ങോട്ട് മാറ്റാനും നിർദ്ദേശമുയർന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ ഗ്രൗണ്ട് നിർമിക്കും.
ഐഎച്ച്ആർഡി കോളജ് മതിൽ കെട്ടി തിരിക്കുകയും ഘട്ടംഘട്ടമായി അഞ്ചുനില കെട്ടിടം നിർമ്മിക്കും. ഈ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ഐഎച്ച്ആർഡി ഡയറക്ടർക്ക് ഉടനെ കൈമാറും. തുടർന്ന് മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഡോ.എൻ. ജയരാജ് അറിയിച്ചു.
വർഷങ്ങൾക്കു മുന്പ് കാഞ്ഞിരപ്പള്ളിക്ക് അനുവദിച്ച ഐഎച്ച്ആർഡി കോളജിന് സ്വന്തം സ്ഥലവും കെട്ടിടവും ലഭിക്കാനായി ഒട്ടേറെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി വിവിധ രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയും ചെയ്തു. എന്നാൽ, കാഞ്ഞിരപ്പള്ളിയിൽത്തന്നെ സ്ഥലം കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ മറ്റ് പഞ്ചായത്തുകൾ സ്ഥലം നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഐഎച്ച്ആർഡി കാഞ്ഞിരപ്പള്ളിയിൽ തന്നെ നിലനിർത്തണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഇതോടെ കോളജിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. ഇക്കാര്യം പൊതുവിദ്യാഭ്യാസ മന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. തുടർന്ന് മന്ത്രിമാരുടെയും ഐഎച്ച്ആർഡി, പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിഷ
യം ചർച്ച ചെയ്യുകയും കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിൽ കോളജ് നിലനിർത്തണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഐഎച്ച്ആർഡി ഡയറക്ടർക്ക് യോഗം നിർദേശം നൽകി.
തുടർന്ന് എൻജിനിയർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികളും ഹെഡ്മാസ്റ്ററും പിടിഎ പ്രതിനിധികളുൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.