തെരുവുനായ കടിച്ച പശുവിനു പേവിഷബാധ: പാൽ കുടിച്ചവർ ചികിത്സ തേടാൻ നിർദേശം
മുക്കൂട്ടുതറ: ദിവസവും പാൽ നൽകുന്ന ആകെയുള്ള പശുവിന് പേവിഷബാധയുണ്ടെന്നറിഞ്ഞ് നിവൃത്തിയില്ലാതെ അതിനെ കൊല്ലേണ്ടി വന്നതിന്റെ ഹൃദയവേദനയിലാണ് എരുമേലിക്ക്അടുത്തുള്ള ഒരു ക്ഷീര കർഷകൻ. പേവിഷബാധ ഉണ്ടെന്നുള്ളത് അറിയാതെ പശുവിന്റെ പാൽ കുടിച്ച പ്രദേശത്തെ നാട്ടുകാരിൽ പലരുടെയും അവസ്ഥയാകട്ടെ അതിലേറെ സങ്കടകരവും.
ഒരു തെരുവുനായ മൂലം പേവിഷബാധയുടെ ഭീതി പരന്നിരിക്കുകയാണ് എരുമേലി പഞ്ചായത്തിന്റെ അതിർത്തി ഗ്രാമമായ വെച്ചൂച്ചിറയിലെ കുളമാംകുഴിയിൽ. കഴിഞ്ഞ ദിവസമാണ് സംഭവം. പരന്പരാഗത ക്ഷീര കർഷകനായ ചെങ്ങഞ്ചേരിൽ അപ്പച്ചൻകുട്ടിയുടെ പശുവാണ് പേ വിഷ ബാധയേറ്റത്. തെരുവുനായ പശുവിനെ ആക്രമിച്ചിരുന്നു. മുറിവേറ്റ പശു തൊഴുത്തിൽ അസാധാരണമായ ശബ്ദവും പരാക്രമവും കാട്ടുന്നതു കണ്ട് വെറ്ററിനറി ഡോക്ടറെകൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് പേവിഷബാധയുണ്ടെന്ന് വ്യക്തമായത്. ഇതോടെ ഡോക്ടറുടെ നിർദേശപ്രകാരം പശുവിനെ കൊല്ലേണ്ടിവന്നു. കുത്തിവയ്പ് നൽകിയാണ് പശുവിനെ കൊന്നത്. സുരക്ഷാ മുൻകരുതൽ ഉറപ്പാക്കി ജഡം മറവുചെയ്തു.
പശുവിന്റെ പാൽ വാങ്ങി കുടിച്ചവരോട് അടിയന്തര പ്രതിരോധ ചികിത്സ തേടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. പാൽ തിളപ്പിച്ച് ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്നും എന്നാൽ ഈ പാൽ കൊണ്ട് മോര്, തൈര് എന്നിവ ഉപയോഗിച്ചവർ ശരിയായ പ്രതിരോധചികിത്സ സ്വീകരിക്കണമെന്നുമാണ് നിർദേശിച്ചത്. പശുവിനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷമുണ്ടെന്നുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നായയെ കണ്ടെത്തി പിടികൂടണമെന്നും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. ഒപ്പം നാട്ടുകാർക്ക് കടിയേൽക്കുന്ന സംഭവങ്ങളും പതിവായിമാറിയിരിക്കുന്നു. എരുമേലിയുടെ കിഴക്കൻ മേഖലയിൽ ഒട്ടേറെപ്പേരെ തെരുവുനായ കടിച്ചു. പലരും നാട്ടിലെ വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിക്കൊണ്ടിരിക്കുകയാണ്.
തെരുവുനായ നിയന്ത്രണ പരിപാടികൾ സമഗ്രമായി നടപ്പിലാക്കാതെ പ്രശ്നപരിഹാരമാകില്ല. അതിനായുള്ള ഫലപ്രദമായ നടപടികൾ ഉൗർജിതമായി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.