സംരക്ഷിതമേഖല : ജനവാസമേഖല വേർതിരിക്കൽ സങ്കീർണം
: ബഫർസോൺ സംബന്ധിച്ച 2019-ലെ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും കേരളത്തിന് മുന്നിൽ ബാക്കിയാകുന്നത് സങ്കീർണമായ നടപടികൾ. ജനവാസമേഖലയെ ഒഴിവാക്കിയുള്ള സംരക്ഷിതമേഖല നിശ്ചയിക്കലാണ് ശ്രമകരമായ പ്രവൃത്തി.
വനത്തിനോട് ചേർന്ന് ഒരു കിലോമീറ്ററിൽ ജനവാസമോ കൃഷിയോ ഇല്ലാത്ത ഇടം കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കലാണ് പ്രധാനം.
പ്രശ്നങ്ങൾ ഇവ
• കോടതി ജനവാസമേഖലകളെ ഒഴിവാക്കിത്തരാൻ തീരുമാനിച്ചാലും അത് വേർതിരിക്കുക എന്നത് സങ്കീർണമായ പ്രവൃത്തിയാണ്.
• വില്ലേജ് രേഖകളിൽ വനം, സ്വകാര്യഭൂമികൾ ഒരേ രജിസ്റ്ററിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വനാതിർത്തികൾ തിട്ടപ്പെടുത്തി രേഖയാക്കാൻ 1989-ലാണ് കേരളം തീരുമാനിച്ചത്. റവന്യൂ, വനംവകുപ്പുകൾ തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ വനം, സ്വകാര്യഭൂമി വേർതിരിച്ചിടണമെന്നായിരുന്നു തീരുമാനം. സംയുക്ത പരിശോധന പൂർത്തിയായില്ല. സ്വകാര്യഭൂമിയിൽതന്നെ ജനവാസമുള്ളത്, അല്ലാത്തത് എന്നീ വേർതിരിവ് നിലവിലെ ചട്ടപ്രകാരം അസാധ്യം.
• വേർതിരിവ് നടന്നയിടത്തും വനം, സ്വകാര്യഭൂമി വിവരങ്ങൾ വെവ്വേറെ രജിസ്റ്ററാക്കാൻ പറ്റിയില്ല. അടിസ്ഥാന റവന്യൂഘടന വില്ലേജായിരിക്കെ ഇതിൽ പ്രത്യേക വേർതിരിവ് പറ്റില്ലന്ന് കേരളം കേന്ദ്രത്തെ മുമ്പേ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി നിർദേശിച്ചാലും ഇൗ വേർതിരിവ് എങ്ങനെ പറ്റുമെന്ന് നിശ്ചയിക്കണം.
• ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരാമർശിച്ച 123 വില്ലേജുകളിൽ വനം, കൃഷിഭൂമി(വാസഭൂമി) വേർതിരിവുണ്ടാക്കിയിരുന്നുവെങ്കിൽ കൃഷിക്കാർക്ക് ആശങ്ക മാറിയേനെ.
• വനം ഉൾപ്പെടുന്ന വില്ലേജ് മൊത്തമായി വനമേഖലയായി പരിഗണിക്കുന്ന പരമ്പരാഗത രീതിയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്.
• തമിഴ്നാട് സർക്കാർ വനം മാത്രമുള്ള വില്ലേജ് പദവിയുള്ള ഇടങ്ങൾ ഉണ്ടാക്കിയത് ഇൗ വേർതിരിവ് കൃത്യമാക്കാനാണ്.