നിർത്തിയിട്ട കാറിൽ എ.സി.യിട്ട്‌ ഉറങ്ങല്ലേ , അപകടകരം

നിർത്തിയിട്ട കാറിൽ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങുന്നവർ ശ്രദ്ധിക്കണം. ഏതു നിമിഷവും മരണം സംഭവിക്കാം. കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്പിൽ കാറിലെ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

മരണം സംഭവിക്കുന്നത്
കാറുകൾ പ്രവർത്തിപ്പിക്കു മ്പോൾ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്സ്‌ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ‘കാറ്റലിറ്റിക്ക് കൺവെർട്ടർ’ എന്ന സംവിധാനംവെച്ച് കാർബർ ഡൈ ഓക്സൈഡ് ആക്കിമാറ്റിയാണ് പുറത്തേക്ക് വിടുന്നത്.

തുരുമ്പിച്ചോ മറ്റുകാരണങ്ങൾകൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പിൽ ദ്വാരങ്ങൾ വീണാൽ ‘കാറ്റലിറ്റിക് കൺവെർട്ടറിൽ’ എത്തുന്നതിനുമുമ്പേ കാർബൺ മോണോക്സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾവഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ എ.സി. പ്രവർത്തിക്കുമ്പോൾ ഇത്തരം തകരാർ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാൽ കാർബൺ മോണോക്സൈഡിന്റെ ശക്തി വളരെ കുറയും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വാഹനത്തിൽ കയറിയാൽ ഉടൻ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.

വാഹനത്തിനുള്ളിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടർച്ചയായി തണുപ്പിക്കുന്ന രീതി) മോഡിലിടരുത്.

നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.

കാർ എ.സി.യോടെ നിർത്തിയിടുമ്പോൾ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോഡിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.

വാഹനം 25,000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എ.സി. സർവീസ് ചെയ്യുക.

error: Content is protected !!