റബ്ബറിന്‌ കുത്തനെ വിലയിടിയുമെന്ന്‌ വ്യാജപ്രചാരണം

: ഏതാനുംദിവസങ്ങളായി വിലകുറയുന്നതിന്റെ ചുവടുപിടിച്ച് റബ്ബറിനു വൻതോതിൽ വിലയിടിയുമെന്നു വ്യാജപ്രചാരണം. ചില വൻകിട കമ്പനികളാണ് ഇതിനു പിന്നിലെന്നാണു സൂചന. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ വില അൽപ്പംകൂടി മെച്ചപ്പെടാനാണു സാധ്യതയെന്നു വിപണി വിലയിരുത്തുന്നവർ പറയുന്നു. ആർ.എസ്.എസ്.-നാല് ഇനത്തിനു ബുധനാഴ്ച കിലോയ്ക്ക് 170 രൂപയായിരുന്നു. ഈ മാസം തുടക്കത്തിൽ 179 രൂപ വരെയെത്തിയിരുന്നു.

വിലകുറയാൻ പ്രധാനമായി രണ്ടു കാരണങ്ങളാണ്. 1. മേയിൽ മഴയായിരുന്നതിനാൽ മഴമറയിട്ടു കർഷകർ ജൂണിൽ റബ്ബർ വെട്ടി. മേയിൽ ഇതു പതിവുള്ളതല്ല. അതുകൊണ്ട് ധാരാളം റബ്ബർ വിപണിയിലെത്തുകയും ആവശ്യക്കാർ കുറയുകയും ചെയ്തു.

  1. ഇനിയും വില കുത്തനെ കുറയുമെന്നു കമ്പനികളുടെ ഭാഗത്തുനിന്നു പ്രചാരണമുണ്ടായതോടെ മുഴുവൻ സ്റ്റോക്കും കർഷകർ വിറ്റു.

രൂപയുടെ മൂല്യമിടിയുമ്പോൾ ഇറക്കുമതിച്ചെലവും നാട്ടിലെ വിലയും കൂടേണ്ടതാണ്. എന്നാൽ, മറിച്ചാണു സംഭവിച്ചത്. കമ്പനികൾ ദീർഘകാലത്തേക്ക് ഇറക്കുമതിക്കരാർ നൽകിയതാണു കാരണം.

വളരെമുമ്പു നൽകിയ കരാർപ്രകാരമുള്ള ഇറക്കുമതിയാകും ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് രൂപയുടെ മൂല്യമിടിഞ്ഞത് തത്കാലം ബാധിക്കില്ല. എന്നാൽ, പുതിയ കരാറുകൾക്കു ചെലവേറും.

ഇതു വരുംമാസങ്ങളിൽ നാട്ടിലെ റബ്ബറിനു വിലകൂടാൻ സഹായകമാകും. വിലക്കൂടലിന് രണ്ടുഘടകങ്ങൾകൂടി കാരണമാകുമെന്നാണു കരുതുന്നത്. 1. കർഷകരുടെ കൈയിൽനിന്നു വിപണിയിലേക്കു വൻതോതിൽ സ്റ്റോക്കെത്തിക്കഴിഞ്ഞതിനാൽ ലഭ്യത കുറയും. ‌

  1. ഇത്തവണ റബ്ബർമരങ്ങളിൽ ഇലപൊഴിച്ചിൽ കൂടുതലാണ്, ഇതു പാൽ കുറയ്ക്കും, റബ്ബർ ലഭ്യതയെ ബാധിക്കും.

മഴമാറി സെപ്റ്റംബർ മുതലാണ് സാധാരണ പുതിയ റബ്ബർസീസൺ തുടങ്ങുന്നത്. ഫെബ്രുവരിവരെ ഇതു തുടരും. ഇത്തവണ മഴ കാലംതെറ്റി പെയ്തതിനാൽ ഇതെല്ലാം മാറിമറിഞ്ഞു. മഴമറയിട്ടവർ ഇനിയുള്ള ദിവസങ്ങളിലും രംഗത്തിറങ്ങും.

അടുത്ത ആഴ്ചകളിൽ വില മെച്ചപ്പെടാൻ സാധ്യത

error: Content is protected !!