നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത സഹ. സംഘങ്ങൾ കോട്ടയം ജില്ലയിൽ 22
കോട്ടയം ജില്ലയിൽ 22 സഹകരണ സംഘങ്ങളാണ് കാലാവധി പൂർത്തിയായ നിക്ഷേപത്തുക മടക്കിനൽകാനാകാത്ത സ്ഥിതിയുള്ളത്. സഹകരണമന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
തോടനാൽ സർവീസ് സഹകരണബാങ്ക് (1351), മൂന്നിലവ് സർവീസ് സഹകരണബാങ്ക് (163), ഈരാറ്റുപേട്ട സർവീസ് സഹകരണബാങ്ക് (1660), പൂഞ്ഞാർ സർവീസ് സഹകരണബാങ്ക് (3963), വെള്ളൂർ സർവീസ് സഹകരണബാങ്ക് (785) എന്നിവ ഈ പട്ടികയിലുണ്ട്.
പൂഞ്ഞാർ സഹകരണബാങ്ക്
ഭരണസമിതിയംഗങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ബാങ്ക് വായ്പകൾ എടുത്തതും തിരിച്ചടവ് മുടങ്ങിയതുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. സ്ഥലത്തിന്റെ മൂല്യത്തേക്കാൾ ഉയർന്ന തുകയ്ക്ക് വായ്പകൾ നൽകിയെന്നും ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 2018-ൽ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാക്കി. ഇപ്പോഴും അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. വലിയ തുകകൾ നിക്ഷേപപകർക്ക് കൊടുക്കാനാകുന്നില്ലെങ്കിലും വിവാഹം, ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് നിക്ഷേപം തിരികെ നൽകുന്നുണ്ട്.
മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ വായ്പ കുടിശ്ശിക തിരിച്ച് ഈടാക്കാൻ നടപടികൾ എടുക്കാനായില്ല. 80 കോടിയോളം രൂപയാണ് വായ്പയുള്ളത്. 2018 ഡിസംബർ 23-ന് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡിസംബർ 18-ന് ഭരണസമിതിയെ പിരിച്ചുവിടുന്നത്.
ഇത് ബാങ്കിന്റെ വിശ്വാസ്യതയെ ബാധിക്കുകയും നിക്ഷേപകർ നിക്ഷേപം പിൻവലിക്കുകയും ചെയ്തു. 125 കോടി വരെ നിക്ഷേപം ഉണ്ടായിരുന്ന ബാങ്കിൽ 40 കോടിയോളം മാത്രമാണ് ഇപ്പോഴുള്ളത്.
ഈരാറ്റുപേട്ട സഹകരണബാങ്ക്
നിലവിൽ ബാങ്കിൽ വലിയ പ്രതിസന്ധിയെന്നുമില്ലെന്ന് പ്രസിഡന്റ് പറയുന്നു. 18 കോടി രൂപ നിക്ഷേപമുള്ളയിടത്ത് അതിലും താഴെയാണ് വായ്പ നൽകിയിരിക്കുന്നത്. വായ്പാ കുടിശ്ശിക ഉണ്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലല്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
തോടനാൽ സഹകരണബാങ്ക്
മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകൾ നല്കുകയും അവയുടെ തിരിച്ചടവ് മുടങ്ങുകയുംചെയ്തതാണ് തോടനാൽ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഈടായി സ്വീകരിച്ച സ്ഥലത്തിന്റെ മൂല്യത്തേക്കാൾ ഉയർന്നതുകയ്ക്ക് വായ്പകൾ നല്കി. വായ്പകൾ തിരിച്ചുപിടിക്കുന്നതിന് മുൻ ഭരണസമിതികളുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളുണ്ടായിെല്ലന്നും പരാതികളുയർന്നിരുന്നു.
ബാങ്ക് പ്രതിസന്ധിയിലായതോടെ അന്നത്തെ ഭരണസമിതിയംഗങ്ങൾ പലരും രാജിവച്ചു. തുടർന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായി. പിന്നീട് പുതിയ ഭരണസമിതി നിലവിൽവന്നു. കഴിഞ്ഞ അഞ്ചുവർഷമായി ബാങ്ക് വളർച്ച കൈവരിക്കുകയാണെന്ന് പ്രസിഡന്റ് ആർ.ടി. മധുസൂദനൻ പറഞ്ഞു. ചെലവുകൾ നിയന്ത്രിച്ചും കുടിശ്ശികനിവാരണം നടത്തിയും നിക്ഷേപ സമാഹരണത്തിലൂടെയും സാമ്പത്തികനില മെച്ചപ്പെടുത്താനായിട്ടുണ്ട്. രണ്ട് കോടിയോളം രൂപ നിക്ഷേപകർക്ക് തിരികെ നല്കാനാെയന്നും അദ്ദേഹം പറഞ്ഞു.
വെള്ളൂർ സർവീസ് സഹകരണബാങ്ക്
2018-ലാണ് 61 കോടിരൂപയുടെ അഴിമതി കണ്ടെത്തിയത്. വ്യവസ്ഥലംഘിച്ച് പലർക്കും വായ്പ നൽകിയിരുന്നു. ബാങ്കിന്റെ പരിധിക്ക് പുറത്തുനിന്നുള്ളവർക്കും വായ്പ നല്കിയതായി ആരോപണമുണ്ട്. മുൻ ഭരണസമിതി അംഗങ്ങളായ 32 പേരും മുൻ ജീവനക്കാരും മുൻപ്രസിഡന്റും ക്രിമിനൽ കേസ് നേരിടുകയാണ്. പുതിയ ഭരണസമിതി നിലവിൽ വന്നെങ്കിലും സഹകാരികളുടെ പൊതുയോഗം വിളിച്ച് നിലവിലെ സ്ഥിതി അറിയിക്കുവാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ക്രമവിരുദ്ധമായി നടത്തിയ ഭൂമി ഇടപാടുകളും വായ്പ കണ്ടുകെട്ടാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നാളിതുവരെ തിരിച്ചുപിടിച്ച തുക നിക്ഷേപകരുടെ അപേക്ഷ പ്രകാരം വിതരണം ചെയ്തിട്ടുണ്ടെന്നും ഭരണസമിതി അറിയിച്ചു.
മൂന്നിലവ് സഹകരണബാങ്ക്
മാനദണ്ഡങ്ങൾ പാലിക്കാതെ ബാങ്ക് വായ്പകൾ നൽകുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. 2018-ൽ 25 കോടിയോളം മാത്രം നിക്ഷേപമുള്ളപ്പോൾ 35 കോടി വായ്പ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷക്കാലം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നു. പിന്നീട് പുതിയ ഭരണസമിതിവന്നെങ്കിലും 2018-ലും 19-ലും വെള്ളപ്പൊക്കത്തിന്റെ പേരിലും തുടർന്നുള്ള രണ്ട് വർഷക്കാലം കോവിഡിന്റെ പേരിലും സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ കുടിശ്ശികയുള്ളവരിൽനിന്ന് പണം ഈടാക്കാൻ നടപടികൾ സ്വീകരിക്കാനായില്ല. മൊറട്ടോറിയം കാലാവധി കഴിഞ്ഞതു മുതൽ വായ്പ തിരിച്ചുപിടിക്കാൻ ജപ്തി നടപടി ആരംഭിച്ചുകഴിഞ്ഞതായി അധികൃതർ പറയുന്നു.
മന്ത്രി പരാമർശിച്ച മറ്റ് സഹകരണസംഘങ്ങൾ
: കോട്ടയം മാർക്കറ്റിങ് സഹകരണ സംഘം കെ. 363, കോട്ടയം എഫ്.സി.ഐ. എംപ്ലോയീസ് സഹകരണ സംഘം കെ. 654, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് എംപ്ലോയീസ് സഹകരണ സംഘം കെ.350, കോട്ടയം ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്സ് ആൻഡ് എസ്.എച്ച്.ജി. സഹകരണ സംഘം കെ. 1171, കോട്ടയം ജില്ല ഗ്രാമീണ കൈത്തൊഴിലാളി വനിത സഹകരണ സംഘം കെ. 1013, മോനിപ്പള്ളി മാർക്കറ്റിങ് സഹകരണ സംഘം (ലിക്വിഡേഷനിലാണ്), എം.ആർ.എം. ആൻഡ് പി.സി.എസ്., പാലാ മാർക്കറ്റിങ് സഹകരണ സംഘം, കടുത്തുരുത്തി സി.ആർ.എം.പി.സി.എസ്. 1397, എച്ച്.എൻ.എൽ. എംപ്ലോയീസ് സഹകരണ സംഘം കെ. 653, വൈക്കം താലൂക്ക് ഫാമിങ് ആൻഡ് ട്രേഡിങ് സഹകരണ സംഘം, വൈക്കം താലൂക്ക് വനിത സഹകരണസംഘം കെ. 955, കരിപ്പാടം വനിത സഹകരണസംഘം കെ. 902, തലയോലപ്പറമ്പ് വനിത സഹകരണസംഘം കെ. 982, വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം കെ. 1050, ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് വനിത സഹകരണസംഘം, മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണസംഘം കെ. 814 എന്നിവയും കാലാവധി തീർന്ന നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയാതെ പ്രതിസന്ധിയിലാണെന്ന് മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലുണ്ട്. ഇതിൽ പലതും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങളാണ്. അതത് തൊഴിൽ മേഖലയിലുണ്ടായ മാന്ദ്യവും പ്രശ്നങ്ങളും വായ്പയെടുത്തവരുടെ തിരിച്ചടവ് ശേഷിയെ പ്രതികൂലമായി ബാധിച്ചു.