അതിതീവ്ര മഴയും ഉരുൾപൊട്ടലും : എരുമേലിയിൽ വ്യാപകനാശം.

എരുമേലി : തെളിഞ്ഞ ആകാശം നോക്കി നിൽക്കവേ, കാർമേഘങ്ങൾ നിറഞ്ഞു.. തുടർന്ന് ജനങ്ങളെ പരിഭ്രാന്തരാക്കികൊണ്ട് പെയ്തിറങ്ങിയത് അതിതീവ്രമഴ.. പ്രളയം പോലെ വെള്ളം ഒഴുകിയെത്തിയതോടെ ജനം അങ്കലാപ്പിലായി.. ഇരുമ്പൂന്നിക്കര- കൊപ്പം – തുമരംപാറ ഭാഗത്ത് വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി എന്ന വാർത്തയും പുറത്തുവന്നതോടെ ജനങ്ങൾ മറ്റൊരു പ്രളയ ദുരന്തം മുൻപിൽ കണ്ടു. എന്നാൽ രണ്ടു മണിക്കൂർകൊണ്ട് തീവ്ര മഴ പെയ്തു തീർന്നതോടെ ജനത്തിന് ആശ്വാസമായി.

കാഞ്ഞിരപ്പള്ളി, എരുമേലി, പാറത്തോട് , ,മുണ്ടക്കയം പ്രദേശങ്ങളിൽ അതിതീവ്ര മഴ പെയ്തു.

എരുമേലി പ്രദേശത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പലയിടത്തും വൻ തോതിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചു. പത്തോളം വീടുകൾ ഭാഗികമായി തകർന്നു.

ഇരുമ്പൂന്നിക്കര മേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്ന് കൂടി അറിഞ്ഞതോടെ നാട്ടുകാരുടെ പരിഭ്രാന്തിക്ക്‌ അതിരുകളില്ലാതായി. ഇന്നലെ ഉച്ചക്ക് ശേഷം പെയ്തു തുടങ്ങിയ മഴ വൈകുന്നേരത്തോടെ ശമിച്ചില്ലായിരുന്നെങ്കിൽ പഴയ പ്രളയത്തിന്റെ സമാനമായ ദുരന്ത കാഴ്ചകളിലേക്ക് എത്തുമായിരുന്നു എരുമേലിയും പരിസരങ്ങളും. അതി തീവ്ര മഴയാണ് മേഖലയിലുടനീളം പെയ്തത്. ശക്തമായ മഴ നീണ്ടു നിന്നത് മൂലം തോടുകൾ കര കവിഞ്ഞു. ഇരുമ്പൂന്നിക്കര കൊപ്പം തുമരംപാറ പ്രദേശങ്ങളിലാണ് നാശ നഷ്‌ടങ്ങളേറെ. ഈ ഭാഗത്ത് വനത്തിൽ ഉരുൾപൊട്ടൽ സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർഡ് അംഗം ബിനോയ്‌ ഇലവുങ്കൽ പറഞ്ഞു. നിരവധി വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ കയർ വലിച്ചു കെട്ടി. പുത്തൻപീടികയിൽ നെജിമോൻ, ചെറുകരയിൽ ഷാജി, ചരളശേരി അബ്ദുൽ അസീസ്, പ്ലാമൂട്ടിൽ നിയാസ് എന്നിവരുടെ വീടുകളിൽ റോഡിലൂടെ ഒലിച്ചെത്തിയ വെള്ളം അടിഞ്ഞ് നാശനഷ്‌ടങ്ങൾ നേരിട്ടു. അബ്ദുൽ അസീസിന്റെ മതിലും ഗേറ്റും തകർന്ന് ഒലിച്ചുപോയി. പേരൂർത്തോട് ഭാഗത്ത് എരുമേലി – മുണ്ടക്കയം സംസ്ഥാന പാത വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. തോട് കര കവിഞ്ഞ് റോഡിലും വീടുകളിലും കടകളിലും കള്ള് ഷാപ്പിലും വെള്ളം കയറി. പലരുടെയും വീട്ടുപകരണങ്ങൾ തോട്ടിലൂടെ ഒഴുകുന്നത് കാണാമായിരുന്നു. ആദ്യമായാണ് പേരൂർത്തോട് ജംഗ്ഷൻ വെള്ളത്തിൽ മുങ്ങുന്നത്. എരുമേലിയിൽ വലിയ തോടും ചെറിയ തോടും കര കവിഞ്ഞു. വിലങ്ങുപാറ – റോട്ടറി ക്ലബ്ബ്‌ ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് തോടിനോട് ചേർന്നുള്ള പഞ്ചായത്ത്‌ റോഡിൽ വെള്ളം രണ്ട് അടിയോളം ഉയരത്തിലായി തോട് കര കവിഞ്ഞ് ഒഴുകുകയായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ ഇവിടെ നിരവധി വീടുകളാണ് വെള്ളത്തിൽ മുങ്ങിതാഴ്ന്നത്. ഇത്തവണ വീടുകളിൽ വെള്ളം കയറിയെങ്കിലും മഴയുടെ തീവ്രത കുറഞ്ഞതോടെ ജല നിരപ്പ് താഴ്ന്നിരുന്നത് ആശ്വാസം പകർന്നു. എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ വെള്ളം കയറുന്ന സ്ഥിതിയിൽ വലിയ തോട് കര കവിഞ്ഞിരുന്നു. ഇന്നലെ പകൽ ഉച്ച വരെ തീരെ താഴ്ന്ന നിലയിലാണ് തോടുകളിൽ വെള്ളം ഒഴുകിയിരുന്നത്.എന്നാൽ ഉച്ചക്ക് ശേഷം പെയ്ത മഴ പെട്ടന്നാണ് തോടുകളിൽ വെള്ളപ്പൊക്കമായി മാറിയത്. ഇത് ടൗണിൽ വലിയ തോതിലാണ് ഭീതി നിറച്ചത്. കെഎസ്ആർടിസി ഭാഗത്ത് വലിയ തോതിൽ വെള്ളക്കെട്ട് ഉയർന്നിരുന്നു. കൊരട്ടി – എരുമേലി റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. മേഖലയിൽ അതി തീവ്ര മഴയാണ് പെയ്തതെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. നാശ നഷ്‌ടങ്ങൾ ഏറെ സംഭവിച്ച ഇരുമ്പൂന്നിക്കര, തുമരംപാറ, ആശാൻ കോളനി പ്രദേശങ്ങളിൽ വാർഡ് അംഗം ബുനോയ്, വില്ലേജ് ഓഫിസർ വർഗീസ്, അസി. ഓഫിസർ അഷറഫ് എന്നിവർ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

error: Content is protected !!