വെള്ളം പൊങ്ങി, പതിവുപോലെ അറയാഞ്ഞിലിമണ്ണ് ഗ്രാമം മണിക്കൂറുകളോളം ഒറ്റപെട്ടു
മുക്കൂട്ടുതറ : കനത്ത മഴയിൽ ആകെയുള്ള ഗതാഗത മാർഗമായ കോസ്‌വെ പാലം മുങ്ങിയതോടെ മണിക്കൂറുകളോളം പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപെട്ടു അറയാഞ്ഞിലിമണ്ണ് ഗ്രാമം. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങുമ്പോഴും നാട്ടുകാർക്ക് ഭീതി ഒഴിയുന്നില്ല. മഴ ശക്തമാകുന്നതോടെ പമ്പാ നദി കര കവിഞ്ഞാൽ വീണ്ടും പാലം വെള്ളത്തിനടിയിലാകും. വർഷങ്ങളായി പെരുമഴകാലത്ത് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല.
കോട്ടയം ജില്ലയിലെ ഇടകടത്തി ആണ് പത്തനംതിട്ട ജില്ലയിൽ പെട്ട അറയാഞ്ഞിലിമണ്ണിന് തൊട്ടടുത്തുള്ള പ്രദേശം. ഇവിടേക്കുള്ള കോസ്‌വേ പാലമാണ് വെള്ളപ്പൊക്കത്തിൽ ദുരിതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജനകീയ പദ്ധതിയിലൂടെ നെടുനീളത്തിൽ നിർമിച്ച ഉയരം കുറഞ്ഞ ഈ പാലത്തിന് പകരം ഉയരമേറിയ പാലം നിർമിക്കണമെന്ന ആവശ്യം ഇനിയും സഫലമായിട്ടില്ല. 2018 ലെ മഹാ പ്രളയത്തിൽ പാലം അപകട സ്ഥിതിയിലായതാണ്. മൂന്ന് വശം ശബരിമല വനവും മറുവശം പമ്പാ നദിയുമായി തുരുത്ത് ആയ അറയാഞ്ഞിലിമണ്ണ് ഗ്രാമം അന്ന് പ്രളയത്തിൽ ആഴ്ചകളോളം ഒറ്റപ്പെട്ട നിലയിലായിരുന്നു. അന്ന് വൈദ്യുതി ലൈനുകൾ വലിച്ചു കെട്ടി നദിയുടെ അക്കരെയിലേക്ക് റോപ് വേ മാർഗം ആണ് പേടകത്തിൽ ഭക്ഷണം, മരുന്ന് എന്നിവ നൽകിയിരുന്നത്. ഇന്നലെ പ്രളയ ഭീഷണി നിറഞ്ഞപ്പോൾ നാട്ടുകാർ ഓർത്തത് അന്നത്തെ ഒറ്റപ്പെടൽ ആയിരുന്നു. പുതിയ പാലം നിർമിക്കാനുള്ള സർക്കാർ പദ്ധതി ഇഴയുകയാണെന്ന്
നാട്ടുകാർ പരാതി പറയുന്നു.