ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ് – ആരോഗ്യമന്ത്രി വീണാ ജോർജ്
മുണ്ടക്കയം: സംസ്ഥാനത്തെ എല്ലാ മേഖലകളിലും വികസന നേട്ടങ്ങൾ ഉണ്ടായ വർഷമാണിതെന്ന് മന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും അവർ പറഞ്ഞു.
എൽ.ഡി.എഫ്. സർക്കാരിന്റെ വാർഷിക ആഘോഷവും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസനരേഖ പ്രകാശനവും ഉദ്ഘാടനവും മുണ്ടക്കയത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി.
എം.എൽ.എ. സർവീസ് ആർമിയുടെ നേതൃത്വത്തിൽ 100 കിടപ്പുരോഗികൾക്ക് 1000 രൂപ വീതം പ്രതിമാസം നൽകുന്ന‘കാരുണ്യ സ്പർശം 2022 പൂഞ്ഞാർ’ എന്ന പദ്ധതി ചങ്ങനാശ്ശേരി എം.എൽ.എ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.
എം.എൽ.എയുടെ വെബ്സൈറ്റ് ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ. നിർവഹിച്ചു.
കെ.ജെ.തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ.രാജേഷ്, ജോർജ്കുട്ടി ആഗസ്തി, ശുഭേഷ് സുധാകരൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ജിയാസ് കരിം, രാജീവ് നെല്ലിക്കുന്നേൽ, സാജൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കുറിച്ചതിന്റെ വികസന രേഖയാണ് പ്രകാശനം ചെയ്തത്.
1200 കോടിയിലധികം രൂപ വിനിയോഗിച്ച് നടപ്പാക്കിയതും, ഭരണാനുമതി നേടിയതടക്കമുള്ള പദ്ധതികളുണ്ട്. കേന്ദ്ര ജല ജീവൻ മിഷന്റെ സഹകരണത്തോടെ സമ്പൂർണ കുടിവെള്ളപദ്ധതി ആവിഷ്കരിച്ച് ഭരണാനുമതി നേടിയെടുത്തു. എരുമേലിയിൽ ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് ജലം എത്തിക്കും.
പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് നിവാസികൾക്ക് ഉൾപ്പെടെ പുനരധിവാസത്തിന് സ്ഥലം വാങ്ങാൻ സർക്കാർ ധന സഹായം ലഭ്യമാക്കി.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പരിഹാര പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരുകയാണ്. നദികളിലും, പുഴകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രളയം തടയുന്നതിന് മുന്നൊരുക്കങ്ങൾ നടപ്പാക്കിയതായും രേഖയിൽ പറയുന്നു.