വൈസ്മെൻസ് ക്ലബ്ബിന്റെ കിഡ്‌നി കെയർ കാരുണ്യപദ്ധതി അഭിനന്ദനാര്‍ഹം
കാഞ്ഞിരപ്പള്ളി : ജീവിതശൈലി രോഗത്തിന്റെ മൂർത്തീഭാവമായ വൃക്കരോഗികൾക്ക് ഏറെ ആശ്വാസകരവും, പുണ്യവുമായ ഡയാലിസിസ് കിറ്റ് വിതരണം – കിഡ്‌നി കെയർ പദ്ധതി നടപ്പിലാക്കുന്ന കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ പ്രവർത്തകരെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രശംസിച്ചു. കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ 38-ാം പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളായി ജോജി വാളിപ്ലാക്കലിന്റെയും മറ്റ് ടീം അംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് വൈസ്‌മെന്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമവും കിഡ്‌നി കെയർ – കാരുണ്യപ്രവൃത്തികളുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈസ്‌മെന്‍സ് മുന്‍ ജില്ലാ ഗവര്‍ണര്‍ ബിജു അടുപ്പുകല്ലേലിന്റെ മുമ്പാകെ ഭാരവാഹികളായി ജോജി വാളിപ്ലാക്കല്‍ – പ്രസിഡന്റ്, റജി കുളമറ്റം – സെക്രട്ടറി, റ്റെഡി ജോസ് മൈക്കിള്‍ കുഴിവേലിത്തടം – വൈസ് പ്രസിഡന്റ്, സോണി പാറപ്പുറം – ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി ചുമതലേയറ്റു.
പൊതുസമ്മേളനത്തില്‍ അന്തരിച്ച മുന്‍ പ്രസിഡന്റുമാരായിരുന്ന ടി.എം. ജോണി, ജോയി ഞള്ളത്തുവയലില്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ ചാപ്റ്റര്‍ പ്രസിഡന്റ് എന്‍.ജെ. ജോസഫ്, മാത്യു വെട്ടിയാങ്കല്‍ എന്നിവര്‍ അനാച്ഛാദനം ചെയ്തു. ആദ്യകാല അംഗങ്ങളെ മുന്‍ പ്രസിഡന്റുമാരായ അഡ്വ. ബിജി മാത്യു, ജോബ് വെട്ടം എന്നിവര്‍ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നിര്‍ധനരായ 100 രോഗികള്‍ക്ക് വൈസ്‌മെന്‍സ് നല്‍കുന്ന ഡയാലിസിസ് കിറ്റിന്റെ വിതരണോദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് സെക്രട്ടറി ബിനോയി പുരയിടം, പ്രഫ. മാത്യു കടവില്‍, ജേക്കബ് പന്തിരുവേലി, ജോസ് കൊട്ടാരം എന്നിവര്‍ നേതൃത്വം നല്‍കി.