കോസ്‌വേകൾ മൂടി; യാത്രാമാർഗം അടഞ്ഞു 

എരുമേലി: മലവെള്ളപ്പാച്ചിലിൽ പമ്പയും അഴുതയാറും കരയേറി. അഴുതയാറ്റിലെ മൂക്കംപെട്ടി കോസ്‌വേയും പമ്പയാറ്റിലെ അരയാഞ്ഞിലിമൺ കോസ്‌വേയും വെള്ളത്തിലായി ഗതാഗതമാർഗം അടഞ്ഞു. 500-ഓളം കുടുംബങ്ങൾ അധിവസിക്കുന്ന അരയാഞ്ഞിലിമൺ ഗ്രാമത്തിന്റെ ഏക യാത്രാമാർഗമായ കോസ്‌വേ വെള്ളത്തിലായതോടെ നാട് ഒറ്റപ്പെട്ടു. കുറുവാമൂഴി-കരിമ്പിൻതോട് സമാന്തര പാതയിൽ മണിമലയാറിന് കുറുകെയുള്ള ഓരുങ്കൽകടവ് പാലത്തിൽ വെള്ളംകയറി ഗതാഗതം നിലച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കോസ്‌വേകൾ വെള്ളത്തിലായത്. 

പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ് അരയാഞ്ഞിലിമൺ ഗ്രാമം. പകൽ ഗ്രാമത്തിന് പുറത്ത് പണിക്കുപോയവരിൽ പലരും തിരികെ വീട്ടിലെത്താനാവാതെ ഗ്രാമത്തിന്റെ ഇക്കരെ ഇടകടത്തിയിൽ കുടുങ്ങി. അസുഖമോ, അപകടമോ ഉണ്ടായാൽ ആശുപത്രിയിലെത്താൻ മാർഗമില്ലാത്ത സ്ഥിതിയിലാണ് ഗ്രാമീണർ. നടപ്പാലം ഉണ്ടായിരുന്നെങ്കിലും 2018-ലെ പ്രളയത്തിൽ തകർന്നു. വനത്തിലൂടെ കിലോമീറ്ററുകൾ നടന്ന് പെരുന്തേനരുവിയിലെത്തിയെങ്കിലെ വാഹന സൗകര്യം ലഭിക്കൂ. ഓരോ കാലവർഷങ്ങളിലും ഗ്രാമീണർ നേരിടുന്ന ദുരിതമാണിത്. ഞായറാഴ്ച രാത്രിയിൽ കോസ്‌വേയിൽ വെള്ളം കയറിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ ജലനിരപ്പ് താഴ്ന്നനിലയിലെത്തി. മഴ തുടർന്നതോടെ വീണ്ടും വെള്ളത്തിലായി. 

മൂക്കംപെട്ടി കോസ്‌വേ മുങ്ങിയതിനാൽ എഴുകുംമൺ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട സാഹചര്യമാണ്. അഴുതമുന്നി നടപ്പാലം വഴിയും എയ്ഞ്ചൽവാലി പാലം വഴിയും കണമലയിലെത്താം. ജലനിരപ്പ്‌ വീണ്ടും ഉയർന്നാൽ എയ്ഞ്ചൽവാലി പാലവും വെള്ളത്തിനടിയിലാവും. അഴുതമുന്നി, മൂലക്കയം, ആറാട്ടുകയം, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെടാൻ കാരണമാകും. 2018-ലെ പ്രളയത്തിൽ നാട് പൂർണമായി ഒറ്റപ്പെട്ടിരുന്നു.

error: Content is protected !!