അതിതീവ്രമഴ കൂടുന്നു

: സംസ്ഥാനത്ത് മഴക്കെടുതികൾ കൂടാൻകാരണം കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കാരണമാണ് കൂമ്പാരമേഘങ്ങൾ കൂടിയത്. ഇതിനൊപ്പം വിവിധ ഇടങ്ങളിൽ പ്രാദേശികമായും കൂമ്പാരമേഘങ്ങൾ ഉണ്ടായപ്പോൾ മഴയുടെ ശക്തി വീണ്ടും കൂടി. ഇൗ രണ്ട് ഘടകങ്ങളും ചേർന്നപ്പോൾ അതിതീവ്രമഴ കിട്ടുന്ന ഇടങ്ങളും വർധിച്ചു. ഞായറാഴ്ച മുണ്ടക്കയത്ത് 220 മില്ലീമീറ്ററും തീക്കോയിയിൽ 190 മില്ലീമീറ്ററും മഴയാണ് പെയ്തത്. 200 മില്ലിമീറ്റർ കടന്നാൽ അതിതീവ്രമഴയാണ്.

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പലയിടത്തും ഞായറാഴ്ച വൈകുന്നേരത്തോടെ അതിതീവ്രമഴ തുടങ്ങി. ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ഇത്രയും അളവ് മഴ ലഭിച്ചത്. മഴ ഒഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞാൽ ഇൗർപ്പം നീരാവിയായി മാറി മേഘരൂപവത്‌കരണം വേഗത്തിലാകുന്നതാണ് വൈകുന്നേരം ശക്തമായ മഴയ്ക്ക് ഇടയാക്കിയത്. തലേന്നത്തെ മഴമൂലം ഭൂമിയിലെ ഇൗർപ്പം ഒന്നിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുകയും വൈകീട്ട് അന്തരീക്ഷം തണുക്കുന്നതോടെ പെയ്തിറങ്ങുകയുമാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കാരണം, കടലിൽനിന്നുള്ള ഇൗർപ്പംമൂലമുള്ള മേഘരൂപവത്‌കരണവും തീവ്രമായിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്ന് 16 കിലോമീറ്റർ വരെ ഉയരത്തിൽ ഒന്നിനുമീതെ ഒന്നായി മേഘങ്ങൾ വരുന്നതിനേയാണ് കൂമ്പാരമേഘങ്ങളെന്ന് വിളിക്കുന്നത്. തുടർച്ചയായ മഴമൂലം ദുർബലമായ മൺചെരിവുകളിലേക്ക്, അതിതീവ്രമഴ പെയ്യുമ്പോൾ ഉരുൾപൊട്ടലിന് സാധ്യത കൂടുന്നെന്നും ശാസ്ത്രജ്ഞനായ ഡോ.എം.ജി. മനോജ് പറഞ്ഞു.

error: Content is protected !!