സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് രവീന്ദ്രൻ വൈദ്യർ
രവീന്ദ്രൻ വൈദ്യർ
മുണ്ടക്കയം: സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഒളിവിൽ കഴിയാനെത്തിയ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുമായി ബന്ധം സ്ഥാപിച്ചത് വലിയ ഭാഗ്യമായി കരുതുന്നെന്ന് സ്വാതന്ത്ര്യ സമരസേനാനി എം.കെ. രവീന്ദ്രൻ വൈദ്യർ. കോട്ടയം ജില്ലയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്രസമരസേനാനിയാണ് തൊണ്ണൂറ്റിയേഴുകാരനായ കോരുത്തോട്, മങ്കുഴി വീട്ടിൽ രവീന്ദ്രൻ വൈദ്യർ.
1943-ൽ കണ്ണൂർ കയ്യൂർ കേസിൽ പ്രതിചേർക്കപ്പെട്ട നായനാർ പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞ കാലഘട്ടം. അന്ന് വൈദ്യരും സുഹൃത്തായ തോട്ടപ്പള്ളി രാമൻ വൈദ്യരുമാണ് അദ്ദേഹത്തെ സഹായിച്ചത്. ഇ.കെ. നായനാർ, ഒളിവുകാല ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കും പ്രതിസന്ധികൾക്കും ഇടയിലും ഫലിതം പറയുമായിരുന്നെന്ന് വൈദ്യർ ഓർമിക്കുന്നു. പക്ഷേ, കാലങ്ങൾക്കുശേഷമാണ് അന്ന് ഒളിവിൽ കഴിഞ്ഞത് നായനാരാണെന്ന് മനസ്സിലായത്.
പന്തളം രാജകുടുംബത്തിലെ ഒരാൾ എന്നാണ്, പാർട്ടി നേതാക്കന്മാർ അന്ന് ഇ.കെ.യെ പ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്.
സി.കേശവൻ, എം.എൻ. ഗോവിന്ദൻനായർ, ശങ്കരനാരായണൻ തമ്പി, വി.വി. വർക്കി, അക്കാമ്മ ചെറിയാൻ എന്നീ പ്രമുഖരോടൊപ്പം സ്വാതന്ത്ര്യസമരരംഗത്ത് പ്രവർത്തിച്ചതിൽ അഭിമാനമുണ്ടെന്നും വൈദ്യർ പറയുന്നു.
പൂഞ്ഞാറിലെ പുരാതനമായ മങ്കുഴി വീട്ടിൽ കുഞ്ഞിന്റെയും കല്യാണിയുടെയും മകനാണ് വൈദ്യർ. 1946-ൽ നിയമലംഘനം ആരോപിച്ച് പനച്ചിപ്പാറയിൽവെച്ച് വൈദ്യരടക്കം 13-പേരെ പോലീസ് അറസ്റ്റുചെയ്തു. രണ്ടുവർഷം കഠിനതടവായിരുന്നു ശിക്ഷ. പൂജപ്പുര സെൻട്രൽ ജയിലിലെ കൊടിയമർദ്ദനം ഇന്നും വൈദ്യരുടെ പേടിസ്വപ്നമാണ്.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നിരവധി കേസുകളിൽ പോലീസ് പ്രതിയാക്കി. ഇതിന്റെ പേരിൽ കുടുംബാംഗങ്ങളെ പോലീസ് ഭീഷണിപ്പെടുത്തി.
പിന്നീട്, സഹപ്രവർത്തകനും ഉറ്റസുഹൃത്തുമായ കെ.ആർ. ഭാസിയുടെ നിർദ്ദേശപ്രകാരമാണ് 44-വർഷം മുമ്പ് വൈദ്യരും കുടുംബവും കോരുത്തോട്ടിലേയ്ക്ക് താമസംമാറ്റിയത്.
1954-ൽ പൂഞ്ഞാറിലെത്തിയ ശ്രീനാരായണഗുരുവിനെ നേരിൽക്കണ്ട് അനുഗ്രഹം തേടി. ഗുരുവിന്റെ പ്രഥമശിഷ്യനും വൈദ്യരുടെ അമ്മാവനുമായ സ്വാമി മാധവാനന്ദയ്ക്കൊപ്പമായിരുന്നു ഇത്.
1972-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താമ്രപത്രം നൽകി. 2008-ൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ആദരിച്ചു. 2004-ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിർദേശപ്രകാരം കോട്ടയം ജില്ലാ കളക്ടർ പി.കെ.ജയശ്രീ, വൈദ്യരെ വീട്ടിലെത്തി ആദരിച്ചു.