കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ക്യൂവിൽ നിൽക്കുന്നവരുടെ ദുരിതത്തിന് ശമനമില്ല
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾ ചീട്ടെടുക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ട ഗതികേടിൽ. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് കൗണ്ടർ ഉണ്ടെങ്കിലും ചീട്ട് നൽകാൻ മതിയായ ജീവനക്കാർ ഇല്ലാത്തതാണ് തിരക്കിന് കാരണം. മലയോര മേഖലയുടെ ആകെ ആശ്രയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. കാഞ്ഞിരപ്പള്ളി താലൂക്കിന് പുറമെ പീരുമേട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നു വരെ രോഗികൾ ആശ്രയിക്കുന്നത് ജനറൽ ആശുപത്രിയെയാണ്.
ദിനംപ്രതി 800 മുതൽ 1200 വരെയാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം. എന്നാൽ ഇവിടെ ഡോക്ടറെ കാണുന്നിടത്തെക്കാൾ തിരക്കാണ് ചീട്ടെടുക്കുന്നിടത്ത്. തിങ്കളാഴ്ചകളിൽ ഇവിടത്തെ ക്യൂ ആശുപത്രി കവാടം വരെ നീളും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കൗണ്ടറുകളുണ്ടെങ്കിലും ഒരു കൗണ്ടറിന്റെ പ്രയോജനം മാത്രമാണ് ഫലത്തിലുള്ളത്. ഒരു കൗണ്ടറിലെ ചീട്ട് നൽകിയ ശേഷം വേണം അടുത്ത കൗണ്ടറിലെ ചീട്ട് നൽകാൻ എന്നതാണ് നിലവിലെ സ്ഥിതി.
രണ്ട് കൗണ്ടറുകളിലായി നാല് ജീവനക്കാർ വേണമെന്നിരിക്കെ രണ്ട് പേർ മാത്രമുള്ളതാണ് ചീട്ട് നൽകുന്നയിടത്തെ തിരക്കിന് കാരണം. പനി ബാധിതർ അടക്കം രോഗികളുടെ എണ്ണം വർധിച്ചാണ് ചീട്ട് എടുക്കുന്നതിനുള്ള തിരക്ക് വർധിക്കാൻ മറ്റൊരു കാരണം. തിരക്കേറിയാലും കൂടുതൽ ജീവനക്കാരെ നിയമിക്കാനോ വേഗത്തിൽ ചീട്ട് നൽകുന്നതിനോ നടപടികളുണ്ടാകാറില്ലെന്നതാണ് രോഗികളുടെ പരാതി.
മഴയും വെയിലും കൊണ്ട് ചീട്ടിനായി ഏറെ നേരം കാത്ത് നിൽക്കേണ്ട ഗതികേടിലാണ് ഇവിടെ എത്തുന്ന രോഗികൾ. പലരും നിന്ന് വലയുന്പോൾ സമീപത്തെ ഇരിപ്പിടങ്ങളിൽ അഭയം തേടും. ഇതിന് ശേഷം വീണ്ടും ഇവർ ക്യൂവിൽ പ്രവേശിക്കുന്പോൾ വാക്കുതർക്കവും പതിവാണ്. തിരക്കുള്ള ദിവസങ്ങളിലെങ്കിലും ചീട്ട് നൽകുന്ന കൗണ്ടറുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നതാണ് രോഗികളുടെ ആവശ്യം.