ആശങ്കയോടെ മലയോര മേഖല
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിന്റെ ഞെട്ടൽ വിട്ടുമാറാത്ത ജനങ്ങളുടെ മനസിൽ വീണ്ടും ഭീതിയുണർത്തി കനത്ത മഴ. താലൂക്കിൽ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്.
രാവിലെ മുതൽ പെയ്ത മഴയിൽ മണിമല യാറ്റിലും ചിറ്റാർപുഴയിലും സമീപത്തെ ചെറിയ തോടുകളിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി – പട്ടിമറ്റം – പൂതക്കുഴി റോഡിലും പഴയിടം കോസ്വേയിലും കരിന്പുകയം പാലത്തിലും വെള്ളം കയറി. പഴയിടം കോസ്വേയിൽ ഞായറാഴ്ച രാത്രി കയറിയ വെള്ളം മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ ഇറങ്ങിയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം കിഴക്കൻമേഖലയിൽ വീണ്ടും മഴ ശക്തമായതോടെ പാലം മുങ്ങി. തടികളും ചപ്പുചവറും അടിഞ്ഞ് പാലത്തിന്റെ ഒരുവശം അടഞ്ഞ നിലയിലുമാണ്. പഴയിടത്ത് മണ്ണനാനിക്കു സമീപം പുനലൂർ – മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി. റോഡരികിൽ താമസിച്ചിരുന്ന അഞ്ചു കുടുംബങ്ങളെ ചെറുവള്ളി ഗവൺമെന്റ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി. കരിന്പുകയത്ത് കൈത്തോട്ടിൽനിന്ന് കരിന്പുകയം കല്ലറക്കാവ് റോഡിലും വെള്ളം കയറി. സമീപത്തെ അങ്കണവാടിയിലും റൂറൽ വെൽഫെയർ ക്ലബ്ബിലും ചെമ്മരപ്പള്ളിൽ മധുസൂദനൻപിള്ള, മണ്ണംപ്ലാക്കൽ ടോമി എന്നിവരുടെ വീടുകളിലും വെള്ളം കയറി. പൊൻകുന്നം – വിഴിക്കിത്തോട് – കുറുവാമൂഴി റോഡിൽ കുറുവാമൂഴി പാലം ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ജാഗ്രതാ നിർദേശം
മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. പലരും വീടുകളിലെ സാധനങ്ങൾ മാറ്റി. മുൻകരുതലിന്റെ ഭാഗമായി മണിമല ടൗണിൽ വെള്ളം കയറാൻ സാധ്യതയുള്ള കടകളിലെ സാധനങ്ങൾ വ്യാപാരികൾ മാറ്റി.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ട എല്ലാ മുൻകരുതലുകളും റവന്യു വകുപ്പ് സ്വീകരിച്ചതായി വെള്ളാവൂർ വില്ലേജ് ഓഫീസർ ആൻസൻ മാത്യു അറിയിച്ചു. തഹസിൽദാർ വിജയസേനൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.സ്കൂളുകളിൽ ആവശ്യം വന്നാൽ ക്യാമ്പ് തുറക്കാനും തീരുമാനമായി. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ കൺട്രോൾ റൂം നമ്പറായ 0481 2420037 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പ്രളയം മുന്നിൽക്കണ്ട് മലയോര മേഖല
മലയോര മേഖലകളായ മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. മുണ്ടക്കയം കോസ്വേ പാലവും കൂട്ടിക്കൽ ചപ്പാത്തും ഇന്നലെ വൈകുന്നേരത്തോടെ വെള്ളത്തിനടിയിലായി. ബൈപാസിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. മണിമലയാറിന്റെ തീരത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കൂട്ടിക്കൽ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ കൊക്കയാർ, നാരകംപുഴ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വലിയ നാശനഷ്ടം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശബരിമല പാത അപകടസാധ്യതയിൽ
മഴക്കെടുതിയിൽ വലയുകയാണ് എരുമേലിലും തുമരംപാറയും. ഓരുങ്കൽ കടവ് പാലം, ഇടകടത്തി അറിയാഞ്ഞിലിമണ്ണ് പാലം എന്നിവ വെള്ളത്തിനടിയിലായി. ശബരിമല പാതയിൽ യാത്ര അപകടസാധ്യതയിലായി. മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ് കിഴക്കൻ മലയോര പ്രദേശങ്ങൾ. കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ ഉറക്കമില്ലാതെ ജാഗ്രതയിൽ കഴിയുകയായിരുന്നു. പലരും വീടുകളിൽ നിന്ന് മാറേണ്ടി വന്നു. എരുമേലി ടൗണിൽ മുസ്ലിം പള്ളി മൈതാനം നിറഞ്ഞൊഴുകിയ നിലയിൽ വെള്ളപ്പൊക്കമായി മാറി.
അഴുതയാർ കര കവിഞ്ഞൊഴുകിയതോടെ മൂക്കൻപെട്ടി കോസ്വേ പാലം ഇന്നലെ വൈകുന്നേരം വെള്ളത്തിനടിയിലായി. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പമ്പാ നദിയിലെ എയ്ഞ്ചൽവാലി പാലം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കനത്ത മഴ തുടരുന്നത് മുൻനിർത്തി എരുമേലി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പോലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദേശം നൽകി. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. മലഞ്ചെരുവുകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി ജാഗ്രത പാലിക്കേണ്ടതാണെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഒറ്റപ്പെടലിൽ വലഞ്ഞ്
അറയാഞ്ഞിലിമണ്ണ്
ആകെയുള്ള ഗതാഗത മാർഗമായ പാലം മുങ്ങിയതോടെ മണിക്കൂറുകളോളം പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് അറയാഞ്ഞിലിമണ്ണ് ഗ്രാമം. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങുമ്പോഴും നാട്ടുകാർക്ക് ഭീതി ഒഴിയുന്നില്ല. മഴ ശക്തമാകുന്നതോടെ പമ്പാ നദി കര കവിഞ്ഞാൽ വീണ്ടും പാലം വെള്ളത്തിനടിയിലാകും. കോട്ടയം ജില്ലയിലെ ഇടകടത്തിയാണ് പത്തനംതിട്ട ജില്ലയിൽപ്പെട്ട അറയാഞ്ഞിലിമണ്ണിന് തൊട്ടടുത്തുള്ള പ്രദേശം. ഇവിടേക്കുള്ള കോസ്വേ പാലമാണ് വെള്ളപ്പൊക്കത്തിൽ ദുരിതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജനകീയ പദ്ധതിയിലൂടെ നിർമിച്ച ഉയരം കുറഞ്ഞ ഈ പാലത്തിന് പകരം ഉയരമേറിയ പാലം നിർമിക്കണമെന്ന ആവശ്യം ഇനിയും സഫലമായിട്ടില്ല.
കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി
കടവനാൽക്കടവ് പാലത്തിന് സമീപം മണിമലയാർ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. കടവനാൽക്കടവിൽ ഓലിക്കൽ മണിക്കുട്ടന്റെ വീടിന്റെ താഴത്തെ നിലയിൽ ഞായറാഴ്ച രാത്രി വെള്ളം കയറിയത് ഇതുവരെ ഇറങ്ങിയിട്ടില്ല.
ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു
കൂട്ടിക്കൽ, കൊടുങ്ങ, വല്യേന്ത, പ്ലാപ്പള്ളി അടക്കമുള്ള മേഖലയിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനം ആരംഭിച്ചു. രാത്രി വൈകിയും മഴ കുറയാത്തതിനെ തുടർന്ന് നിരവധി ആളുകളാണ് ക്യാന്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കൊപ്പം തന്നെ എല്ലാ വാർഡുകളിലെ അങ്കണവാടികളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. മേഖലയിലെ ചെറു പാലങ്ങളും റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
പ്രളയക്കെടുതി മേഖലകൾ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരിതങ്ങളും എംഎൽഎമാരായ ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സന്ദർശിച്ചു വിലയിരുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ആവശ്യമായ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിർദേശങ്ങൾ നൽകുകയും ചെയ്തു.
ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ദ്രുതകർമസേന, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ സുസജ്ജമാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.