ഏതുനിമിഷവും അപകടം പ്രതീക്ഷിച്ച് സംരക്ഷണമില്ലാതെ ആറ്റുതീരത്തെ വീടുകളിൽ ജനങ്ങൾ
ഇളംകാട് : പകൽ വീട്ടിൽവന്ന് കഞ്ഞിയും കറിയും വെച്ച് ഇവിടെ തങ്ങും. വൈകീട്ട് ബന്ധുക്കളുടെ വീട്ടിലാണ് കിടപ്പ്. എപ്പോളാണ് മലവെള്ളം വരുന്നതെന്നോ വീടിരിക്കുന്ന സ്ഥലം വെള്ളത്തിലൂടെ പോകുന്നതെന്നോ അറിയില്ലല്ലോ… പുല്ലകയാറിന്റെ തീരത്ത് താമസിക്കുന്ന പലരും ഇങ്ങനെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത് .
കഴിഞ്ഞ ഒക്ടബോറിൽ മ്ലാക്കരക്കുന്നിലും മൂപ്പൻമലയിലുമായി ഉണ്ടായ 38 ഉരുൾപൊട്ടലിൽ വന്ന കല്ലും പാറക്കൂട്ടങ്ങളും രണ്ടുമാസം മുൻപാണ് ആറ്റിലെ വെള്ളമൊഴുക്കിന് തടസ്സമാകാതിരിക്കാൻ താത്കാലികമായി വാരിക്കൂട്ടിയത്. ആയിരക്കണക്കിന് ലോഡ് കല്ലും അവശിഷ്ടങ്ങളും പൂർണമായി മാറ്റാൻ കഴിയാത്തതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആറിന്റെ ഇരുതീരങ്ങളിലേക്കുമായി വലിച്ചുകൂട്ടുക മാത്രമാണ് ചെയ്തത്.
കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ ഇത്തരത്തിൽ ഇരുവശങ്ങളിലുമായി കൂട്ടിവെച്ച കല്ലും പാറക്കൂട്ടങ്ങളും വീണ്ടും അടർന്ന് ആറ്റിലേക്കുപതിച്ചു. ഇളംകാട് മുതൽ ഏന്തയാർവരെ കുറച്ചുഭാഗത്ത് മാത്രമാണ് നിലവിൽ കല്ലും പാറകളും നീക്കംചെയ്തത്. ബാക്കിഭാഗങ്ങളിൽനിന്ന് കഴിഞ്ഞ പ്രളയത്തിന്റെ അവശിഷ്ടങ്ങൾ ഇനിയും നീക്കാനുണ്ട്. ഇളംകാട് മുതൽ ഏന്തയാർ വരെയും. തുടർന്ന് മുണ്ടക്കയം വരെയുമുള്ള ആറ്റുതീരത്ത് താമസിക്കുന്ന പല കുടുംബങ്ങളുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്.
തലമുറകളായി ആറ്റുതീരത്ത് താമസിക്കുന്നവരാണ് ഏറെയും. ഒട്ടും സുരക്ഷിതമല്ല തങ്ങളുടെ വാസ സ്ഥലമെന്ന് അറിയാത്തവരല്ല ആരും. പക്ഷേ, വീട് പൂർണമായി നശിക്കാത്തതിനാൽ പലർക്കും ആനുകൂല്യങ്ങൾ കിട്ടിയില്ല. വെള്ളം ഉയർന്നാൽ വീടും സ്ഥലവും ഒരുപക്ഷേ ആറ്റിലേക്കുതന്നെ ഇടിഞ്ഞു വീണെന്നും വരാം. കഴിഞ്ഞവർഷം പ്രളയത്തിൽ മരിച്ച ഇളംകാട് ഓലിക്കൽ ഷാലിറ്റിന്റെ വീടിരുന്ന ഭാഗത്തെ നിരവധി പേർ ഇവിടം ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറി.പകരം മറ്റൊരു വാസകേന്ദ്രമോ, വാടകവീടോ കണ്ടെത്താൻ കഴിയാത്തവരാണ് ഇനിയും പ്രദേശത്ത് രണ്ടും കൽപ്പിച്ച് കഴിയുന്നത്. ഇടിഞ്ഞുപോയ ഭാഗത്തെ ആറ്റുതീരം പലരും സ്വന്തമായി കല്ലിറക്കി കെട്ടിയും കോൺക്രീറ്റ് ചെയ്തും താത്കാലികമായി ഉറപ്പിച്ചു. ഇളംകാട്-മുക്കുളം പാലത്തിന് സമീപത്തെ പല വീടുകളും കെട്ടിടങ്ങളും ഇപ്പോളും അപകടാവസ്ഥയിലാണ്. ഇവിടെനിന്നും മറ്റെങ്ങോട്ടും മാറാൻ കഴിയാത്തതിനാൽ പലരും ഉള്ള വീടുകൾ നന്നാക്കി ഇവിടെത്തന്നെ കഴിയുകയാണ്.