മാനത്തേക്ക് നോക്കി, നെഞ്ചിടിപ്പോടെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ ..
കൂട്ടിക്കൽ : തിമിർത്തുപെയ്തുകൊണ്ടിരുന്ന മഴയ്ക്ക് വെള്ളിയാഴ്ച പകൽ അല്പം ശമനമുണ്ടായെങ്കിലും കൂട്ടിക്കൽ നിവാസികളുടെ ഉള്ളിൽ തീയാണ്. മഴയ്ക്ക് ഇരുണ്ടുകൂടിയാൽ നെഞ്ചിടിപ്പ് ഉയരുമെന്ന് ജെ.ജെ. മർഫി ക്യാമ്പിൽ കഴിയുന്നവർ പറയുന്നു. അഞ്ചുദിവസമായി ഇവർ ക്യാമ്പിലെത്തിയിട്ട്. 73 പേരാണ് ക്യാമ്പിൽ കഴിയുന്നത്. തിരികെ താമസ സ്ഥലത്തേക്കെത്തുമ്പോൾ വീടും കൃഷിയിടങ്ങളും അതേപടി കാണണമേയെന്ന പ്രാർത്ഥനയിലാണിവർ. കഴിഞ്ഞപ്രളയം നൽകിയ നാശത്തിൽ ഇതുവരെ മോചിതരായിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിൽ 63 ദിവസത്തോളം ക്യാമ്പിൽ കഴിയേണ്ടിവന്നതായി 80 വയസ്സുകാരിയ മ്ലാക്കര വലിയവീട്ടിൽ ഭാരതിയമ്മ തങ്കപ്പൻ പറയുന്നു. താമസിക്കാൻ യോഗ്യമല്ലാതായ വീടാണുള്ളത്. 2004-ൽ ആശ്രയപദ്ധതിയിലൂടെ ലഭിച്ച വീട് ചോർന്നൊലിക്കുന്ന നിലയിലാണ്. പ്രദേശത്ത് അപകട സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ക്യാമ്പിലേക്കെത്തിയത്. ഇനി ഇവിടെ എത്രനാളെന്ന് അറിയില്ല. തിരികെ ചെല്ലുമ്പോൾ വീട് സ്ഥലത്തുണ്ടാകുമോയെന്ന ആശങ്കയുണ്ടെന്നും ഭാരതിയമ്മ പറയുന്നു. അറുപത് വർഷത്തോളമായിട്ട് മ്ലാക്കര പ്രദേശത്താണ് താമസം.
ഒരുവർഷത്തിനിടെ രണ്ടാംതവണയാണ് ക്യാമ്പിലേക്കെത്തുന്നത്. കുട്ടികളെയും പ്രായമായവരെയും കൊണ്ട് സ്ഥിരമായി ക്യാമ്പിൽ കഴിയുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കൊച്ചുപറമ്പിൽ ശ്രീജിത്ത് പറയുന്നു. അപകടസാധ്യതയില്ലാത്ത സ്ഥലത്തേക്ക് സ്ഥിരതാമസം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയവീട് വെച്ച് മാറുവാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. ഒരോ മഴക്കാലവും നെഞ്ചിടിപ്പാണ് നൽകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ദുരിതത്തിലായി. കഴിഞ്ഞപ്രളയത്തിൽ ആകെയുള്ള വരുമാന മാർഗമായിരുന്ന കൃഷിയും നശിച്ചു.
കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടെ അടിക്കടി ക്യാമ്പിലേക്കെത്തുന്നത് ജീവിതം ദുരിതമാക്കുന്നതായി വീട്ടമ്മയായ രമണി പറയുന്നു.
മുൻപ് താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ താമസിക്കാൻ കഴിയാതായതോടെ കുന്നിൽനിന്നിറങ്ങി വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ മഴയെത്തിയാൽ ക്യാമ്പിലേക്കുതന്നെ വരേണ്ട സ്ഥിതിയാണെന്ന് വൃദ്ധദമ്പതിമാരായ പ്ലാച്ചേരിയിൽ ബേബിയും (70) സാറാമ്മയും (68) പറയുന്നു. മൂന്ന് സെന്റ് സ്ഥലത്ത് സുരക്ഷാഭീഷണിയുള്ളതിനാലാണ് താഴെ ഭാഗത്തേക്ക് താമസം മാറ്റിയത്. എന്നാൽ മഴ ആരംഭിച്ചതോടെ വീണ്ടും ക്യാമ്പിലേക്ക് മാറേണ്ട സ്ഥിതിയുണ്ടായതായി ഇവർ പറയുന്നു.