പ്രതിസന്ധിയിലായ സഹ. ബാങ്കുകൾക്കായി സംരക്ഷണനിധി വരുന്നു 

പ്രതിസന്ധിയിലായ സഹകരണബാങ്കുകളെ സഹായിക്കാൻ പ്രത്യേകസഹകരണ സംരക്ഷണ സഞ്ചിതനിധി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. 

പ്രാഥമിക കാർഷിക വായ്പാസംഘങ്ങളുടെ മിച്ചധനവും കരുതൽധനവും പൊതുധാരണയുടെ അടിസ്ഥാനത്തിൽ സ്വരൂപിച്ചാകും നിധി രൂപവത്കരിക്കുക. ഇതിനായി സഹകരണച്ചട്ടത്തിൽ ഭേദഗതിവരുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 

സംഘങ്ങൾ നിധിയിലേക്ക് കൊടുക്കുന്ന തുക നിശ്ചിത കാലപരിധിക്കുശേഷമോ സംഘങ്ങൾക്ക് അത്യാവശ്യമുണ്ടായാലോ പലിശയടക്കം തിരികെ നൽകും. കുറഞ്ഞത് 500 കോടി സമാഹരിക്കുന്ന തരത്തിലാണ് പദ്ധതി. ഇതിൽനിന്ന് ആദ്യം കരുവന്നൂർ ബാങ്കിന് സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രതിസന്ധിയിലായതും, അത് തരണംചെയ്യാൻ കഴിയുമെന്ന് ഉത്തമബോധ്യമുള്ളതുമായ പ്രാഥമിക കാർഷികവായ്പസംഘങ്ങൾക്കാണ് പണം നൽകുക. വിനിയോഗവും തിരിച്ചടവും ഉറപ്പാക്കാൻ സംഘംതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരീക്ഷണസമിതികൾ രൂപവത്കരിക്കും. 

നിലവിലുള്ള നിക്ഷേപ ഗാരന്റി ബോർഡിന്റെ പ്രവർത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. നിക്ഷേപകർക്ക് പരമാവധി രണ്ടുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ബോർഡിലൂടെ നൽകുന്നത്. സംഘം പ്രവർത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഈ തുക നൽകുക.

പ്രതിസന്ധിഘട്ടങ്ങളിൽ അഞ്ചുലക്ഷം രൂപവരെയുള്ള തുക നിക്ഷേപകർക്ക് തിരികെ നൽകുംവിധം വ്യവസ്ഥകളിൽ മാറ്റംവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

സഹകരണച്ചട്ടത്തിൽ ഭേദഗതി വരുത്തും ആദ്യ സഹായം കരുവന്നൂർ ബാങ്കിന്

കരുവന്നൂരിന് ഉടൻ 35 കോടി നൽകും 

കരുവന്നൂർ സഹകരണബാങ്കിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചുനൽകാൻ 35 കോടി അടിയന്തരമായി നൽകും. 

കേരള ബാങ്കിൽനിന്ന് 25 കോടിയും സഹകരണ വികസനക്ഷേമനിധി ബോർഡിൽനിന്നും 10 കോടിയുമാണ് നൽകുക. കഴിഞ്ഞദിവസം അന്തരിച്ച ഫിലോമിനയുടെ നിക്ഷേപം പൂർണമായി ശനിയാഴ്ച അവരുടെ വീട്ടിലെത്തി ബന്ധുക്കളെ ഏൽപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്കിന്റെ കൈവശമുള്ള സ്വർണവും മറ്റു ബാധ്യതകളിൽപ്പെടാത്ത സ്ഥാവരവസ്തുക്കളും ഈടായി സ്വീകരിച്ചാണ് കേരളബാങ്ക് 25 കോടി നൽകുക.

error: Content is protected !!