കാലവർഷക്കെടുതി വിളനാശം ; കർഷകർ ചെയ്യേണ്ടതെന്തെല്ലാം..
സംസ്ഥാനത്തുടനീളം കാലവർഷക്കെടുതി വലിയ നാശനഷ്ടങ്ങളാണ് കാർഷികമേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. അഞ്ചുദിവസം നീണ്ടുനിന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും ഇതുവരെ 74 കോടിയുടെ നാശനഷ്ടങ്ങൾ കാർഷികമേഖലയിൽ പ്രാഥമിക റിപ്പോർട്ട് പ്രകാരം വിലയിരുത്തിയിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകർക്ക് വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി കൃഷിവകുപ്പ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കൺട്രോൾ സെന്ററുകൾ തുറന്നിട്ടുണ്ട്.
വിവരങ്ങൾ അറിയിക്കണം
പ്രകൃതിക്ഷോഭം നിമിത്തം കാർഷികവിളകൾക്ക് നാശംസംഭവിച്ചാൽ കർഷകർ പ്രസ്തുതവിവരം സമീപത്തെ കൃഷിഭവനിൽ ആദ്യം അറിയിക്കണം. നേരിട്ടോ അല്ലെങ്കിൽ www.aims.kerala.gov.in വഴിയോ വിവരം അധികൃതരെ അറിയിക്കാം. എ.ഐ.എം.എസ്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. വിളകൾ ഇൻഷുർ ചെയ്തിട്ടില്ലാത്ത കർഷകർ വിളനാശം സംഭവിച്ചു 10 ദിവസത്തിനുള്ളിലും ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനുള്ളിലും അപേക്ഷ സമർപ്പിക്കണം. സ്ഥലപരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകൾ അതേപടി നിലനിർത്തണം. അർഹമായ നഷ്ടപരിഹാരം ഓരോ കർഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് വരും.
രജിസ്‌ട്രേഷൻ
എ.ഐ.എം.എസ്. പോർട്ടൽ വിവിധ സേവനങ്ങൾക്കായി ഉപയോഗിക്കുന്നതിനായി www.aims.kerala.gov.in വഴി രജിസ്റ്റർ ചെയ്യണം. കർഷകന്റെ ഫോട്ടോ, ഭൂമിസംബന്ധമായ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്ത് കർഷക രജിസ്‌ട്രേഷൻ സ്വന്തമായോ അക്ഷയ സെന്ററുകൾ മുഖേനയോ കൃഷിഭവൻ മുഖാന്തരമോ ചെയ്യാം. കർഷക രജിസ്‌ട്രേഷൻ നടത്തിയതിനുശേഷം ലഭിക്കുന്ന യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചാകണം വിളനാശം റിപ്പോർട്ട് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി പോർട്ടലിൽ പ്രവേശിക്കേണ്ടത്.
എങ്ങനെ ഇൻഷുർചെയ്യാം
മൂന്നുതരം വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും കേന്ദ്രസർക്കാരുമായി സംയോജിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസൽ ഭീമ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയാണവ. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ 27 ഇനം കാർഷിക വിളകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അംഗമാകാം
- ഐ.ഐ.എം.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് ഇതേ പോർട്ടലിൽത്തന്നെ വിളകൾ ഇൻഷുർ ചെയ്യുന്നതിനായി അപേക്ഷിക്കാം.
- കൃഷി ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയ്ക്കുശേഷം കർഷകന് മൊബൈൽ ഫോണിൽ ഒരു മെസേജ് ലഭിക്കും.
- മെസേജിന്റെ അടിസ്ഥാനത്തിൽ കർഷകന് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിലോ ഗ്രാമീണ ബാങ്ക് ശാഖകളിലോ അടയ്ക്കാം. അടച്ചശേഷം ഓൺലൈനായി പോളിസിയും കരസ്ഥമാക്കാം.
ആർക്കെല്ലാം അംഗമാകാം
- സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഇൻഷുർചെയ്യാം.
- നെൽക്കൃഷിക്ക് ഓരോ കർഷകനും പ്രത്യേകമായോ ഗ്രൂപ്പ് ഫാമിങ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പദ്ധതിയിൽ അംഗമാകാം.
നിബന്ധനകൾ
- പ്രീമിയം തുക അടച്ച ദിവസംമുതൽ ഏഴു ദിവസങ്ങൾക്കുശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. 2. വിളകൾക്ക് ഉണ്ടാക്കുന്ന പൂർണ നാശത്തിനുമാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഭാഗികമായ നഷ്ടം കണക്കാക്കുന്നതല്ല. എന്നാൽ, നെൽക്കൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാൽ അത് പൂർണ നഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും.
- കൃഷിഭൂമിയിലെ വിളകൾ പൂർണമായി ഇൻഷ്വർ ചെയ്യണം.