പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് ; രാജിവെച്ചവർ ബാങ്കിനെ നഷ്ടത്തിലാക്കിയതായി ആരോപണം
കാഞ്ഞിരപ്പള്ളി: തുടര്‍ച്ചയായി ആറു വര്‍ഷക്കാലം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ലാഭവിഹിതം നല്‍കുകയും ചെയ്ത പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് രണ്ടുവര്‍ഷക്കാലംകൊണ്ട് ഒരു കോടിയിലേറെ രൂപ നഷ്ടത്തിലായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബാങ്ക് പ്രസിഡന്റിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങളായ വൈസ് പ്രസിഡന്റ് റീനാമോള്‍ ഷാമോന്‍, മറിയാമ്മ ജോസഫ്, ജലാല്‍ പൂതക്കുഴി, സിസിലിക്കുട്ടി ജേക്കബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രസിഡന്റ് അധികാരമേല്‍ക്കുമ്പോള്‍ ബാങ്ക് 15 ലക്ഷം രൂപ ലാഭത്തിലായിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തേക്ക് മാറിയതിനുശേഷം ബോര്‍ഡ് അംഗങ്ങളുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെ ഇടതു ഭരണസമിതിയംഗങ്ങളും ഒരുപറ്റം ജീവനക്കാരും ചേര്‍ന്ന് ബാങ്കിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇതില്‍ നിന്നു രക്ഷപ്പെടുന്നതിനും സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുംവേണ്ടി ബോധപൂര്‍വം നടത്തിയ ഒളിച്ചോട്ടമാണ് പ്രസിഡന്റും എല്‍ഡിഎഫിലെ മറ്റ് മൂന്ന് അംഗങ്ങളും നടത്തിയ രാജി.
ഇടതു നേതാവ് ഒരു കോടിയിലേറെ രൂപയും , മറ്റൊരു നേതാവ് അരക്കോടിയോളം രൂപയും വര്‍ഷങ്ങളായി കുടിശിക വരുത്തിയതിനെ ബോര്‍ഡംഗങ്ങളായ തങ്ങള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ബാങ്കില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ബിനാമി പേരുകളില്‍ എടുത്ത പല വായ്പകളും കുടിശിക വരുത്തി ബാങ്കിനെ പ്രതിസന്ധിയിലാക്കിയ മറ്റ് ഇടതു നേതാക്കളെ മാറ്റി നിര്‍ത്തി ചെറിയ തുകകള്‍ വായ്പയെടുത്ത നിര്‍ധനരായ സഹകാരികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ച് തുടര്‍ച്ചയായി നോട്ടീസ് അയച്ചതിനെയും, മതിയായ ഈടില്ലാതെയും ബോര്‍ഡ് അറിയാതെയും പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നിയമവിരുദ്ധമായി ലോണ്‍ പുതുക്കി അനുവദിക്കുന്നതിനെയും തങ്ങള്‍ ചോദ്യം ചെയ്യുകയും സഹകരണ വകുപ്പില്‍ നിയമാനുസൃതം പരാതി നല്‍കുകയുമാണ് ചെയ്തത്. ബാങ്ക് വന്‍ നഷ്ടത്തിലേക്ക് കുതിക്കുന്നത് ചൂണ്ടിക്കാണിക്കുകയും നിയമവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്ത ഡയറക്ടര്‍ ബോര്‍ഡംഗം ജലാല്‍ പൂതക്കുഴിക്കെതിരേ ചില ജീവനക്കാരെ കൂട്ടുപിടിച്ച് കള്ളക്കേസില്‍ കുടുക്കി ബോര്‍ഡില്‍ നിന്ന് പുറത്താക്കല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജലാലിനെതിരേ നിരന്തരമായ വ്യക്തിഹത്യ നടത്തുന്ന നടപടികളാണ് ഇടത് അംഗങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
പുറത്താക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നത് വാസ്ത വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. ഇവര്‍ക്കെതിരേ നടപടിയെടുത്തത് ബോര്‍ഡ് ഏകകണ്ഠമായിട്ടാണ്. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് മെംബറുമായ മാര്‍ട്ടിന്‍ തോമസ് ഉള്‍പ്പെടെ ഏഴു പേര്‍ നല്‍കിയ പരാതി അന്വേഷിച്ച സബ് കമ്മിറ്റി കുറ്റക്കാരെന്നു കണ്ടെത്തി പേരു പരാമര്‍ശിച്ച ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി എം.ആര്‍. സിന്ധുവിനെതിരേ രേഖാമൂലം നോട്ടീസ് നല്‍കണമെന്ന അഞ്ച് അംഗങ്ങളുടെ രേഖാമൂലമായ ആവശ്യത്തെ നിരാകരിക്കുകയും ഫയലുകളില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അവസരം ഇവര്‍ക്ക് നല്‍കിയെന്ന് സെക്രട്ടറി സമ്മതിക്കുകയുണ്ടായി. ഇടക്കുന്നം ബ്രാഞ്ച് മാനേജരായിരിക്കെ നല്‍കിയ ഫര്‍ണിച്ചര്‍ ലോണുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കാന്‍ തയാറാകണം.
നിയമവിരുദ്ധ നടപടികളിലൂടെ ബാങ്കിനെ പ്രതിസന്ധിയിലാക്കിയര്‍ സഹകാരികളോട് മാപ്പു പറയണമെന്നും ബാങ്കിന്റെ സുരക്ഷയ്ക്കായി സഹകാരികളുടെയും നിക്ഷേപകരുടെയും പിന്തുണയുണ്ടാവണമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.