അൾത്താരയിൽ കൈമുത്ത്, അരമനയിൽ അങ്കംവെട്ട്; സിറോ മലബാർ സഭ എങ്ങോട്ട്?
പ്രതിഷേധ സമരം, കേസ്, കോടതി, കയ്യാങ്കളി.. രാഷ്ട്രീയ പാര്‍ട്ടികളെ തോല്‍പ്പിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി സിറോ മലബാര്‍ സഭയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ ഇടിവെട്ട് ഡയലോഗുകളും കുതികാല്‍വെട്ടും. ഒരു മാസ് മസാല പടം പോലെ സംഭ്രമജനകം!..
അനുസരണവും അച്ചടക്കവും പരസ്പര സ്‌നേഹവും ക്ഷമയും വിശ്വാസികളെ പഠിപ്പിക്കുന്ന വൈദികരും മെത്രാന്മാരും പരസ്പരം പോരടിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ജനം. പലപ്പോഴും അത് ഒരു ക്രമസമാധാന പ്രശ്‌നമായി. ഒടുവില്‍ ഒരു ആര്‍ച്ച് ബിഷപ്പിന്റെ പണി പോയി. അതില്‍ പ്രതിഷേധിച്ച് പ്രകടനവും മഹാസമ്മേളനവും. ഇനിയുമെത്ര പേര്‍ക്ക് ‘പണി’ പോകുമെന്ന് കണ്ടറിയണം. അധികാര,ആരാധന,സാമ്പത്തിക തര്‍ക്കങ്ങളില്‍ പെട്ട് ഉഴലുകയാണ് സഭ. ഇതിന്റെ ഉള്ളറകളിലേക്ക്.
സിറോമലബാര്‍ സഭയില്‍ ഒരു പിളര്‍പ്പുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആരാധന ക്രമങ്ങളുടെ പേരില്‍ പിളര്‍പ്പുകളുണ്ടായ ചരിത്രം സഭയ്ക്കുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. കത്തോലിക്കാസഭയിലെ അന്തിമ കോടതിയായ വത്തിക്കാന്റെ നിര്‍ദേശത്തിന് ശേഷവും തര്‍ക്കം തുടരുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ അടുത്തിടെ തുടങ്ങിയതൊന്നുമല്ലന്നതാണ് യാഥാർഥ്യം. സഭയിലെ പാശ്ചാത്യ, പൗരസ്ത്യ വാദങ്ങളാണ് ഇന്നുള്ള എല്ലാ പ്രശ്‌നങ്ങളുടേയും മൂലബിന്ദു. ആരാധന ക്രമവും ആചാരങ്ങളും പാശ്ചാത്യ ലത്തീന്‍ രീതികളില്‍ തുടരണമെന്ന നിലപാടുള്ളവരും ലത്തീന്‍ അധിനിവേശം തുടങ്ങുന്നതിനു മുമ്പുള്ള പുരാതന സുറിയാനി പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന നിലപാടുള്ളവരും തമ്മിലുള്ള സംഘര്‍ഷമാണ് സിറോമലബാര്‍ സഭയില്‍ തുടരുന്നത്. പൗരസ്ത്യ വാദത്തോട് ആഭിമുഖ്യമുള്ള പക്ഷം സഭാ ഭരണത്തില്‍ പിടിമുറക്കുന്നത് മറുപക്ഷത്തെ അസ്വസ്ഥമാക്കുന്നു. എല്ലാ തര്‍ക്കങ്ങളുടേയും അടിസ്ഥാന കാരണം ഇതാണെന്ന് വേണമെങ്കിൽ പറയാം.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി തര്‍ക്കം എല്ലാ അതിര്‍ത്തികളും ലംഘിക്കുന്ന കാഴ്ചയാണ്. സഭയുടെ തലവനെതിരെ പരസ്യ പ്രക്ഷോഭവും പോര്‍വിളികളും സാധാരണമായി. സഭാധ്യക്ഷനെ അനുസരിച്ച് കൊള്ളാമെന്ന് പ്രതിജ്ഞ എടുത്ത വൈദികര്‍ അദ്ദേഹത്തിനെതിരെ പരസ്യ നിലപാടുകളും പ്രസ്താവനകളും ഇറക്കുന്നു. പൊതു ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വൈദികർ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തി. ചിലയിടങ്ങളില്‍ കയ്യാങ്കളി വരെയെത്തി. കുര്‍ബാനയ്ക്കിടെ പള്ളിക്കുള്ളില്‍ വരെ സംഘര്‍ഷം നടന്നു. വൈദികരോടൊപ്പം വിശ്വാസികളും പക്ഷം പിടിച്ചതോടെ യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം പോലെ മറ്റൊരു പോരാട്ടത്തിന് വേദിയാകുമോ എന്ന ആകാംക്ഷയിലായി പൊതുജനം. സിറോമലബാര്‍ സഭയിലെ പ്രധാന രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു. എറണാകുളം-അങ്കമാലി മേജർ അതിരൂപതയുടെ അധ്യക്ഷനായ മേജർ ആർച്ച് ബിഷപ്പാണ് സിറോമലബാര്‍ സഭയുടെ തലവൻ. അതു കൊണ്ട് തന്നെ സഭാധ്യക്ഷനും എറണാകുളം-അങ്കമാലിയുടെ തലവനുമാകേണ്ടത് അതേ രൂപതക്കാരനാകണമെന്നാണ് എറണാകുളം-അങ്കമാലിക്കാരുടെ നിലപാട്. അതിരൂപതയില്‍ പുതിയ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചെങ്കിലും അത് ഒരു ശാശ്വത പരിഹാരമാണെന്ന് ആരും കരുതുന്നില്ല.
ലിറ്റര്‍ജി (ആരാധനക്രമം) സംബന്ധിച്ചും കുരിശ് (മാര്‍തോമാ കുരിശ്) സംബന്ധിച്ചും മുമ്പ് പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അത് ഇത്ര രൂക്ഷമായിരുന്നില്ല. ഇപ്പോഴത്തേത് പരസ്യമായ വിഴുപ്പലക്കലാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായ സഭാ തലവനെതിരെയുള്ള പടയൊരുക്കമായാണ് പ്രശ്‌നം ആദ്യം പുറത്തേക്കെത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള മെത്രാന്‍ കൂടിയായ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. സാധാരണ ഗതിയില്‍ അതിരൂപതാ നേതൃത്വത്തിനിടയില്‍ മാത്രം അറിയേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു ഇത്. അങ്ങേയറ്റം പോയാല്‍ ഒരു സിവില്‍ കേസില്‍ ഒതുങ്ങുമായിരുന്ന വിഷയം. ഇപ്പോള്‍ സഭാധ്യക്ഷന്‍ കോടതിയില്‍ വിചാരണ നേരിടേണ്ട അവസ്ഥയിലാണ്.
എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട്
രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റതാണ് വിവാദത്തിനിടയാക്കിയത്. അഞ്ച് സ്ഥലങ്ങളിലായുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് പറയുന്നത്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വില 13 കോടി രൂപ. സഭാ അധികൃതരുടെ കൈയില്‍ കിട്ടിയതാകട്ടെ 9 കോടി രൂപ മാത്രം. മുഴുവന്‍ പണം നല്‍കുന്നതുവരെ ഈടായി രണ്ട് സ്ഥലങ്ങള്‍ ഇടപാടുകാരന്‍ അതിരൂപതയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി. രജിസ്‌ട്രേഷനായി 10 കോടി രൂപയോളം രൂപതയ്ക്ക് വീണ്ടും മുടക്കേണ്ടി വന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
അതിരൂപതയുടെ സ്ഥലം ഉപയോഗിച്ച് കര്‍ദിനാള്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാട് നടത്തിയെന്നും രൂപതയ്ക്ക് വന്‍ നഷ്ടം വരുത്തിയെന്നുമാണ് കര്‍ദിനാളിനെ എതിര്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ പറയുന്നത്. അതിരൂപതയെ നശിപ്പിക്കുകയാണ് കര്‍ദിനാള്‍ ചെയ്യുന്നതെന്നും രാജിവെച്ച് നിയമ നടപടി സ്വീകരിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഇതിനായി പൊതു ജനമധ്യത്തിലുള്ള പ്രതിഷേധം വരെ നടത്തി അവര്‍. വൈദികരുടെ പിന്തുണയോടെ വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടനകള്‍ രൂപവത്ക്കരിച്ച് കര്‍ദിനാളിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. അതിരൂപതയുടെ വിവിധ കാനോനിക സമിതികളുമായോ രണ്ട് സഹായ മെത്രാന്മാരുമായോ ആലോചിക്കാതെ കര്‍ദിനാളും ചില അടുപ്പക്കാരും ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഭൂമി കച്ചവടമെന്നും അതില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതു കൊണ്ട് കര്‍ദിനാളിനെതിരെ നടപടി വേണമെന്നുമാണ് ഇവര്‍ പറയുന്നത്. കര്‍ദിനാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടു.
എന്നാല്‍ സഭയുടെ പരമോന്നത സമിതിയായ മെത്രാന്‍ സിനഡ് കര്‍ദിനാളിന് അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചത്. ഭൂമി ഇടപാടില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ദിനാളിനെ മാത്രം കുറ്റപ്പെടുത്താനാവില്ല എന്ന് സിനഡ് വിലയിരുത്തി. അതിരൂപതാ ആലോചന സമിതികളിലും സഹായ മെത്രാന്മാരോടും ഭൂമി വില്‍പന വിഷയം കൂടിയാലോചിച്ചിരുന്നുവെന്നും ഇവരുടെ അനുമതിയോടെയാണ് സ്ഥലവില്‍പനയെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനഡ് വിലയിരുത്തിയത്. ഭൂമി ഇടപാടില്‍ വീഴ്ച പറ്റിയെങ്കിലും ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു സിനഡ് വ്യക്തമാക്കിയത്. അതു കൊണ്ട് കര്‍ദിനാളിനെ ക്രൂശിക്കാനാകില്ലന്നും സിനഡ് പറയുന്നു. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ചെയ്തതെല്ലാം നിയമപരമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്തിരിക്കുന്നത്. എന്നാല്‍ എങ്ങനേയും കര്‍ദിനാള്‍ പുറത്ത് പോയെ പറ്റു എന്ന ഉറച്ച നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍.
സിനഡിനെ വിമത വൈദികരും സഹായ മെത്രാന്മാരും അംഗീകരിക്കാതായതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായ മാര്‍പാപ്പയുടെ സഹായം തേടി സിറോ മലബാര്‍ സഭാനേതൃത്വം. സ്ഥലം ഇടപാടില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് കര്‍ദിനാളും സമ്മതിച്ചു. പുറമെ നിന്നുള്ള രണ്ട് അന്വേഷണ കമ്മീഷനെ വത്തിക്കാന്‍ ഇക്കാര്യങ്ങള്‍ നിയോഗിക്കാന്‍ നിയമിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച വത്തിക്കാന്‍ സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.
വിഭാഗീയത രൂക്ഷമായതോടെ അരമന വിപ്ലവത്തിന് കോപ്പു കൂട്ടിയ രണ്ട് സഹായ മെത്രാന്മാരെ രൂപതാ ഭരണത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അതിരൂപതയുടെ ഭരണം അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിക്കുകയും ചെയ്തു വത്തിക്കാന്‍. സിറോ മലബാര്‍ സഭയില്‍ ആദ്യമായാണ് രണ്ട് മെത്രാന്മാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തായിരുന്നു അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടര്‍ന്നെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കായിരുന്നു. സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ വത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിലാണ് വിമത വൈദികരിലെ പ്രധാനിയായ ഫാ. പോള്‍ തേലക്കാട് അടക്കം മൂന്ന് വൈദികര്‍ പ്രതിയായ വ്യാജരേഖാ വിവാദം ഉടലെടുക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഭൂമിവില്പനയുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകളും സാമ്പത്തിക നേട്ടവും ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന രേഖ ഇവര്‍ വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്. കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറി ഫാ. ആന്റണി കല്ലൂക്കാരനാണ് ഈ കേസില്‍ ഒന്നാം പ്രതി. കര്‍ദിനാളിന്റെ പ്രധാന വിമര്‍ശകനായ ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതിയും ഭൂമി ഇടപാട് സംഭവം ആദ്യം അന്വേഷിച്ച് കര്‍ദിനാള്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയ ഫാ. ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതിയുമാണ്.കര്‍ദിനാള്‍ അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതായും, വന്‍ സമ്പത്തിക നിഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജരേഖകളായിരുന്നു ഇവ.
സിറോ-മലബാര്‍ സഭയുടെ തലവനായ കര്‍ദിനാളിന് ഇന്ത്യ മുഴുവന്‍ അധികാര പരിധിയുള്ള പത്രിയാര്‍ക്കീസ് പദവി ലഭിക്കുന്നതിനുവേണ്ടി മറ്റു കത്തോലിക്കാ സഭകളുടെ അനുമതി ലഭിക്കുന്നതിനായി ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് പണം കൈമാറിയതായി തെറ്റിദ്ധരിപ്പിക്കും വിധം ബിഷപ്പുമാരുടെ പേരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടങ്ങിയ രേഖ നാലാം പ്രതി ആദിത്യ വ്യാജമായി നിര്‍മ്മിച്ച് മറ്റ് പ്രതികള്‍ക്ക് കൈമാറിയെന്നും ഇവര്‍ കര്‍ദിനാളിനെ പുറത്താക്കുന്നതിനായി ഈ രേഖ ഉപയോഗിച്ചുമെന്നുമാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഭൂമി ഇടപാടില്‍ കര്‍ദിനാളിന് സാമ്പത്തിക നേട്ടമുണ്ടായില്ലങ്കില്‍ തങ്ങളുടെ ആരോപണത്തിന് ശക്തിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ വിമതരുടെ തന്ത്രമായിരുന്നു ഇതെന്നാണ് പോലീസ് കണ്ടെത്തിയത്. ഈ സംഭവത്തോടെ കര്‍ദിനാളിന്റേത് മനഃപൂര്‍വമായ വീഴ്ചയല്ലെന്ന കര്‍ദിനാള്‍ അനുകൂലികളുടെ വാദത്തിന് ശക്തി കൂടി.
വ്യാജരേഖ ഇറങ്ങിയതോടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ് ജേക്കബ് മനത്തോടത്തും കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന നിലപാട് സ്വീകരിച്ചു. വീണ്ടും പ്രതിസന്ധിയായി. എറണാകുളം-അങ്കമാലി ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ഉപജാപങ്ങളും കൂടിയാലോചനകളും പൊടിപൊടിച്ചു. ആരോപണ പ്രത്യാരോപണങ്ങളില്‍ വിശ്വാസികളും വൈദികരും അടക്കം നിര്‍ലോഭം പങ്കെടുത്തു. ഒടുവില്‍ അഡ്മിനിസ്ട്രറ്ററേയും രണ്ട് സഹായ മെത്രാന്മാരേയും മാറ്റാന്‍ സിനഡ് തീരുമാനിക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ പാലക്കാട് രൂപതയിലേക്ക് തിരിച്ചയക്കുകയും സഹായ മെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ മെത്രാനായും ജോസ് പുത്തന്‍ വീട്ടിലിനെ ഫരീദാബാദ് സഹായമെത്രാനായും നിയമിച്ചു. മാണ്ഡ്യ മെത്രാനായിരുന്ന മാര്‍.ആന്റണി കരിയിലിനെ പൂര്‍ണ ഭരണച്ചുമതലയോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരിയായും നിയമിക്കുകയും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ദീര്‍ഘകാലം സിനഡ് സെക്രട്ടറിയും സിനഡിന്റെ പിന്തുണയുമുള്ള കരിയില്‍ എത്തുന്നതോടെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന ചിന്തയിലായിരുന്നു വത്തിക്കാനും സിനഡും. എന്നാല്‍ പ്രശ്‌നം ഒന്നു കൂടി വഷളാവുകയാണ് ചെയ്തത്. സിനഡ് കൊണ്ടുവന്ന കുര്‍ബാന ഏകീകരണത്തിന്റെ പേരിലായിരുന്നു പിന്നീടുള്ള യുദ്ധം.
കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ് വി.കുര്‍ബാന അഥവാ ബലിയര്‍പ്പണം. എല്ലാ ഞായറാഴ്ചകളിലും മറ്റ് കടപ്പെട്ട ദിവസങ്ങളിലും വി.കുര്‍ബാനയില്‍ പങ്കുകൊള്ളണമെന്നത് കത്തോലിക്കാ സഭയുടെ അഞ്ച് കല്‍പ്പനകളില്‍ പ്രധാന കല്‍പ്പനയുമാണ്. എന്നാല്‍ ഈ കുര്‍ബാന അര്‍പ്പണ രീതിയുടെ പേരില്‍ ഒരു ആര്‍ച്ച് ബിഷപ്പിന് തന്നെ രാജിവെക്കേണ്ടി വന്നിരിക്കുകയാണ് കത്തോലിക്കാ സഭയിലെ പ്രധാന വ്യക്തിസഭയായ സിറോ മലബാര്‍ സഭയില്‍. കേരള കത്തോലിക്കാ സഭയില്‍ ആദ്യമായാണ് ആരാധനാക്രമ പ്രശ്‌നത്തിന്റെ പേരില്‍ ഒരു ബിഷപ്പിന്റെ രാജി വത്തിക്കാന്‍ ചോദിച്ച് വാങ്ങന്നത്.
സിറോ മലബാര്‍ സഭയിലെ 35 രൂപതകളിലും പല രീതിയിലുള്ള കുര്‍ബാന അര്‍പ്പണമാണ് നില നിന്നിരുന്നത്. 1999 ലാണ് കുര്‍ബാന ക്രമം ഏകീകരിക്കാന്‍ സിറോ മലബാര്‍ മെത്രാന്‍ സിനഡ് തീരുമാനം എടുത്തത്. ഇതില്‍ തര്‍ക്കങ്ങളുണ്ടായതോടെ പൂര്‍ണമായും ജനാഭിമുഖം, പൂര്‍ണമായും മദ്ബഹാഭിമുഖം, സിനഡ് ക്രമം (50:50)എന്നിങ്ങനെ മൂന്നു രീതിയിലുള്ള കുര്‍ബാന അര്‍പ്പത്തിന് അനുമതി നല്‍കി. ഓരോ രൂപതയിലേയും രീതികള്‍ അതത് മെത്രാന്മാര്‍ക്ക് തീരുമാനമെടുക്കാനുള്ള അനുമതി നല്‍കിയിരുന്നു. കോവിഡ് കാലത്ത് കുര്‍ബാന ടിവിയിലൂടെ സംപ്രേക്ഷണം ചെയ്ത സമയത്താണ് ഇത് കൂടുതല്‍ വ്യക്തമായത്. കുര്‍ബാന ഓണ്‍ലൈനിലും ടിവിയിലും കാണുന്ന വിശ്വാസികള്‍ക്കിടയില്‍ തന്നെ ഇത് ആശയക്കുഴപ്പമുണ്ടാക്കി.പലരും കുര്‍ബാന ഏകീകരണം പെട്ടന്ന് നടപ്പിലാക്കണമെന്ന അഭിപ്രായമുയര്‍ത്തി.
ഇതേത്തുടര്‍ന്ന് 2021 ന് ചേര്‍ന്ന മെത്രാന്‍ സിനഡ് കുര്‍ബാന ഏകീകരിക്കാന്‍ തീരുമാനിച്ചു. സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയ്യാറാക്കിയത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കിയത്. 2021 ജൂലൈ 3 നു മാര്‍പ്പാപ്പ ഇതിന് അംഗീകാരം നല്‍കുകയും അത് വളരെ വേഗം നടപ്പിലാക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഭൂമി വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് കുര്‍ബാന ഏകീകരണത്തിന് സിനഡ് ഇറങ്ങിപ്പുറപ്പെട്ടത്. ഇതോടെ കുര്‍ബാന ഏകീകരണം ഭൂമി വില്‍പ്പന വിവാദം മറയ്ക്കാനാണെന്ന നിലപാടെടുത്തു എറണാകുളം-അങ്കമാലി അതിരൂപത.
കഴിഞ്ഞ 50 വര്‍ഷങ്ങളായി തങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്ന ജനാഭിമുഖ രീതിയില്‍ മാത്രമെ ഇനിയും കുര്‍ബാന ചൊല്ലു എന്ന ഉറച്ച നിലപാടെടുത്തു എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍. വിശ്വാസികളുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. സിറോ മലബാര്‍ രീതികളേക്കാള്‍ ലത്തീന്‍ രീതികള്‍ പിന്തുടരുന്നവരാണ് എറണാകുളം അങ്കമാലി അതിരൂപത. കുര്‍ബാന വസ്ത്രങ്ങളിലും ആചാരങ്ങളിലും അവര്‍ ലത്തീന്‍ രീതികളാണ് പിന്തുടരുന്നത്. സിറോ മലബാര്‍ സഭ വലിയ നോമ്പിന് തുടക്കമായ വിഭൂതി തിരുനാള്‍ തിങ്കളാഴ്ച ആചരിക്കുമ്പോള്‍ എറണാകുളം അങ്കമാലി രൂപതയില്‍ ലത്തീന്‍ റീത്തിലുള്ളതുപോലെ ബുധനാഴ്ചയാണ് വിഭൂതി ആചരണം. മറ്റ് പല രീതികളിലും എറണാകുളം അങ്കമാലി രൂപത ലത്തീന്‍ വിഭാഗത്തെയാണ് പിന്തുടരുന്നത്.
കുര്‍ബാന ഏകീകരണം സംബന്ധിച്ച് കര്‍ദിനാള്‍ ഇറക്കിയ സര്‍ക്കുലറുകള്‍ വിമത വൈദികര്‍ തള്ളിക്കളഞ്ഞു. ഒഴിവ് കൊടുക്കാനുള്ള രൂപതാ മെത്രാന്റെ അധികാരം ഉപയോഗിച്ച് അതിരൂപതയ്ക്ക് ഇളവ് നല്‍കണമെന്ന് ബിഷപ്പ് കരിയിലിനോട് അവര്‍ ആവശ്യപ്പെട്ടു. അപ്രകാരം ബിഷപ് രൂപതയ്ക്ക് ഇളവ് നല്‍കുകയും ചെയ്തു. കുര്‍ബാന ഏകീകരണത്തെ ആദ്യം മുതല്‍ എതിര്‍ത്ത ഫരീദാബാദ് രൂപതയും ഇരിങ്ങാലക്കുട രൂപതയും ഒടുവില്‍ വഴങ്ങി. എന്നാല്‍ എറണാകുളം മാത്രം വഴങ്ങിയില്ല. ഒടുവില്‍ 2022ലെ ഈസ്റ്റര്‍ മുതല്‍ കുര്‍ബാന ഏകീകരണം നടപ്പിലാക്കണമെന്ന് കര്‍ദിനാള്‍ അന്ത്യ ശാസനം നല്‍കി. കര്‍ദിനാളും ബിഷപ്പ് കരിയിലും സംയുക്ത സര്‍ക്കുലര്‍ ഇറക്കുകയും ഓശാന ഞായറാഴ്ച ഇരുവരും ഒരുമിച്ച് എറണാകുളം ബസ്ലിക്ക ദൈവാലയത്തില്‍ പുതിയ ക്രമത്തില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കാക്കനാട് സൗണ്ട് സെന്റ് തോമസിലെ സഭാ ആസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ബിഷപ്പ് കരിയില്‍ തന്റെ ഒപ്പും സിലും വാങ്ങി സമ്മര്‍ദ്ദത്തില്‍പ്പെടുത്തി സര്‍ക്കുലറില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും 2022 ഡിസംബര്‍ വരെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് ഒഴിവു നല്‍കുകയാണെന്നും അറിയിച്ചു.
ഓശാന ഞായറാഴ്ച കര്‍ദിനാള്‍ പോലീസ് സംരക്ഷണത്തില്‍ ബസ്ലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ബിഷപ്പ് കരിയില്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തില്ല. ഇതോടെ പ്രശ്‌നം വീണ്ടും വഷളായി. എറണാകുളത്തിന് പുറത്തുള്ള രൂപതകളും വിശ്വാസികളും എറണാകുളം രൂപതയ്‌ക്കെതിരെ തിരിഞ്ഞു. സഭാ ഐക്യത്തിന് തടസ്സം നല്‍ക്കുകയും വിശ്വാസികളെ ഇതര മതവിശ്വാസികള്‍ക്കിടയില്‍ അപഹാസ്യരാക്കുകയും ചെയ്യുന്നതാണ് എറണാകുളം-അങ്കമാലി രൂപതയുടെ നിലപടെന്ന് അവര്‍ കുറ്റപ്പെടുത്തി. ഐക്യം തകരുന്നത് നല്ലതല്ലെന്നും സിറോ മലബാര്‍ സിനഡിനെ അനുസരിക്കാന്‍ ആ സഭയിലെ ഒരു അംഗമെന്ന നിലയില്‍ എറണാകുളം അതിരൂപതയ്ക്ക് ബാധ്യത ഉണ്ടന്നുമായിരുന്നു വത്തിക്കാന്റെ നിലപാട്. പല തവണ ഇതു സംബന്ധിച്ച് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം ബിഷപ്പ് കരിയിലിന് കത്തുകളയക്കുകയും അനുസരണക്കേട് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വഴങ്ങാന്‍ വിമത വൈദികര്‍ ബിഷപ്പിനെ സമ്മതിച്ചില്ല. സിനഡും പല തവണ കരിയിലിന് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. വത്തിക്കാന്‍ കരിയില്‍ ബിഷപ്പിനോട് രാജിവെക്കാന്‍ നിര്‍ദേശിച്ചു. മാര്‍പാപ്പയെ അംഗീകരിക്കുന്നുണ്ടെങ്കില്‍ രാജിവെക്കാതെ മറ്റ് തരമില്ലെന്ന നിലയിലായി ബിഷപ്പ് കരിയില്‍. ആര്‍ച്ച് ബിഷപ് കരിയിലിന് പകരം തൃശൂര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാക്കി. അനുസരണക്കേടിന് വലിയ ശിക്ഷയാണ് മാര്‍. കരിയിലിന് വത്തിക്കാന്‍ നല്‍കിയത്. ആര്‍ച്ച് ബിഷപ്പ് എന്ന ടൈറ്റില്‍ മാത്രമെ കരിയിലിന് ഉണ്ടാകുകയുള്ളു. സ്ഥാന വസ്ത്രങ്ങൾ ഉപയോഗിക്കാന്‍ സാധ്യമല്ല. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും സംബന്ധിക്കാനും സാധിക്കില്ല. തുടര്‍ന്ന് തന്റെ മാതൃ സന്ന്യസ സഭയായ സി.എം.ഐ സഭയിലേക്ക് കരിയില്‍ തിരികെ പോയി. ബാംഗ്ലൂര്‍ ക്രൈസ്റ്റിലെ മുന്‍ പ്രിന്‍സിപ്പൽ, കൊച്ചി രാജഗിരി കോളേജിലെ ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച പണ്ഡിതനായ ആന്റണി കരിയിലിന് ഒടുവില്‍ അനുസരണക്കേടിന്റെ ഫലമായി രാജി സമര്‍പ്പിക്കേണ്ടി വന്നു. സിറോ മലബാര്‍ സഭയിലെ ഒരു അപൂര്‍വ സംഭവമായി ഇത്.
സഭാകേന്ദ്രങ്ങളെ ഞെട്ടിച്ച് മാർ കരിയിലിന്റെ ’ ബോംബ് ’
താൻ രാജിവെക്കാനിടയായ സാഹചര്യങ്ങൾ വിശദീകരിച്ച് പിന്നീട് ആന്റണി കരിയിൽ പുറത്തുവിട്ട കത്ത് അസാധാരണവും സഭാകേന്ദ്രങ്ങളെ ഞെട്ടിക്കുന്നതുമായിരുന്നു. സിനഡിൽ നടന്ന കാര്യങ്ങൾകൂടി വെളിപ്പെടുത്തുന്നതായിരുന്നു കത്ത്.
അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ(റെസ്റ്റിറ്റ്യൂഷൻ) കോതമംഗലം കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങൾ സിനഡ് നിർദേശിക്കുന്ന വിലയ്ക്ക്, സിനഡ് പറയുന്ന വ്യക്തികൾക്കു വിൽക്കാൻ തന്നോടു നിർദേശിച്ചെന്ന വെളിപ്പെടുത്തലാണ് ഏറ്റവും സ്ഫോടനാത്മകം. ഭൂമിയിടപാടിൽ മുഴുവൻ പണവും കൈമാറാൻ കഴിയാതെവന്നപ്പോൾ ഈടായി നൽകിയതാണ് കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും. അതിരൂപതയ്ക്കു കിട്ടിയ ഈ സ്ഥലങ്ങൾ വിറ്റ് നഷ്ടപരിഹാരം വേണ്ടെന്ന നിലപാടായിരുന്നു വൈദികർക്ക്.
കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ഭാരത പൂജ
സിറോമലബാര്‍ സഭയിലെ ആരാധന രീതികളുമായി കലഹിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാട് ഇതാദ്യമായല്ല. സിറോ മലബാര്‍ സഭയുടെ ആദ്യ കര്‍ദിനാളും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും ആരാധനക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് കാലാവധി തീരുംമുമ്പ് രാജിവെച്ചത്. ആര്‍ച്ച് ബിഷപ് കരിയിലിനെപ്പോലെ വത്തിക്കാന്‍ അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങിയതല്ലെങ്കിലും ലിറ്റര്‍ജി വിഷയത്തില്‍ കര്‍ദിനാള്‍ പാറേക്കാട്ടിലുമായി യോജിപ്പിലല്ലായിരുന്നു വത്തിക്കാന്‍. അന്ന് സിറോ മലബാര്‍ സഭ ഒരു സ്വയംഭരണാവകാശമുള്ള സഭ അല്ലാതിരുന്നത് കാര്യങ്ങള്‍ വത്തിക്കാന് കൂടുതല്‍ എളുപ്പമാക്കി.
ലത്തീന്‍ സുറിയാനി കുര്‍ബാന പോലെ ഭാരത പൂജയും നടപ്പിലാക്കാനാണ് കര്‍ദിനാള്‍ പാറേക്കാട്ടില്‍ ശ്രമിച്ചത്. ബലിയര്‍പ്പണത്തിനിടെ പുരോഹിതര്‍ ധരിക്കുന്ന വേഷഭൂഷാദികള്‍ ഭാരതീയമാക്കണമെന്ന നിര്‍ദേശം വന്നു. മറ്റ് സംസ്‌ക്കാരങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഭാരതീയ സംസ്‌കാരത്തോട് കൂടുതല്‍ അനുരൂപണം വേണമെന്ന വാദമായിരുന്നു അദ്ദേഹത്തിന്. വേദങ്ങളില്‍ നിന്നും പഠിക്കാനും സ്വാംശീകരിക്കാനും തയ്യാറാകണമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹം കാവി ധരിച്ചു. ഹൈന്ദവ പൂജകളോട് സമാനമായ രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചു. ലത്തീന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഭാരതീയ സംസ്‌കാരവും അള്‍ത്താരയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളോട് പൊതുവേ എതിര്‍പ്പായിരുന്നു സഭയ്ക്കുള്ളിലെ ഭൂരിപക്ഷത്തിന്.
സ്വന്തം മണ്ണില്‍ ക്രൈസ്തവികത നട്ടുവളര്‍ത്താനുള്ള ശ്രമമായാണ് ഇതിനെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണ്ടത്. പ്രത്യേകിച്ചും എറണാകുളം അങ്കമാലി അതിരൂപതക്കാര്‍. ക്രൈസ്തവ ഗ്രന്ഥങ്ങളിലും ആചാരങ്ങളിലും പുരാതന ഗ്രീക്ക്, റോമന്‍ മതങ്ങളില്‍ നിന്നും സാംശീകരിച്ചവ ഏറെയാണന്നാണ് ഇതിനെ അനുകൂലിച്ചവര്‍ പറയുന്നത്. കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഭാരത സഭയ്ക്ക് പുതിയ വഴി നടന്നുണ്ടാക്കാന്‍ ശ്രമിച്ച മോശയായിരുന്നുവെന്നാണ് പാറേക്കാട്ടിലിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ എഴുതിയ ലേഖനത്തില്‍ ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞത്.പാറേക്കാട്ടിലന്റെ ഈ നിലപാടുകള്‍ ഏറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തി. നിലപാട് തിരുത്താനും അദ്ദേഹം തയ്യാറായില്ല.
കുര്‍ബാന വിവാദം പോലെ തന്നെ സിറോമലബാര്‍ സഭയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരു വിവാദമാണ് കുരിശ് വിവാദം. മാര്‍ തോമ കുരിശ് എന്ന് വിളിക്കപ്പെടുന്ന ക്രിസ്തുവിന്റെ രൂപമില്ലാത്ത കുരിശ് പള്ളികളില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വിവാദം ഉടലെടുത്തത്.
പോര്‍ച്ചുഗീസ് ആഗമനത്തിന് മുമ്പ് കേരളത്തിലെ മാര്‍തോമ നസ്രാണികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കുരിശാണ് മാര്‍തോമ കുരിശ്. മൈലാപ്പൂരിലെ തോമാശ്ലീഹായുടേതെന്ന് പറയപ്പെടുന്ന കല്ലറയില്‍ നിന്ന് 1548ല്‍ പോര്‍ച്ചുഗീസ് മിഷനറിമാരാണ് ഈ കുരിശ് കണ്ടെത്തിയത്. ഇതിന് പുറമെ കേരളത്തിലെ പുരാതനമായ പല പള്ളികളില്‍നിന്നും ഇത്തരം കുരിശുകള്‍ കണ്ടെടുത്തിട്ടുണ്ട്. തോമാശ്ലീഹ തന്നെയാണ് ഈ കുരിശ് കേരളത്തില്‍ എത്തിച്ചതെന്ന പാരമ്പര്യവും ചിലര്‍ വിശ്വസിക്കുന്നുണ്ട്.
ഇടക്കാലത്ത് മാര്‍ തോമ നസ്രാണികളുടെ പാരമ്പര്യത്തില്‍ ഉള്ള ഈ കുരിശ് ക്രൂശിത രൂപത്തിന് പകരം ഉപയോഗിക്കണമെന്ന് മെത്രാന്‍ സിനഡ് തീരുമാനിച്ചു. ഇതോടെ സഭ രണ്ടു പക്ഷത്തായി. പൗരസ്ത്യ വാദികളായിരുന്നു മാര്‍ തോമ കുരിശിനായി വാദിച്ചത്. എന്നാല്‍ പാശ്ചാത്യ വാദികളെന്ന് അറിയപ്പെടുന്ന എറണാകുളം-അങ്കമാലി അതിരൂപത ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സിറോമലബാര്‍ സഭയുടെ ഔദ്യോഗിക കുരിശായി മാര്‍തോമ കുരിശാണ് ഉപയോഗിക്കുന്നത്. വത്തിക്കാന്‍ ഈ കുരിശിനെ അംഗീകരിക്കുകയും 1986ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് വി.കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ മാര്‍തോമ കുരിശ് തയ്ച്ചു ചേര്‍ത്ത കുര്‍ബാന വസ്ത്രം (കാപ്പ) അണിയുകയും മാര്‍തോമ കുരിശ് ചുംബിക്കുകയും ചെയ്തിരുന്നു.
മൂന്നാം നൂറ്റാണ്ടില്‍ പരിശുദ്ധാത്മാവിന്റെ അവതാരമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പേര്‍ഷ്യയിലെ മാനി എന്നൊരാള്‍ സ്ഥാപിച്ച മാനിക്കേയന്‍ മതക്കാര്‍ നിര്‍മിച്ച കുരിശാണ് ഇതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ മാനി ഒരു കുരിശും സ്ഥാപിച്ചിട്ടില്ലെന്നും അത്തരം വാദങ്ങള്‍ തെളിയിക്കാന്‍ വിമര്‍ശകര്‍ക്കായിട്ടില്ലെന്നും യേശുക്രിസ്തുവന്റെ ഉയര്‍പ്പിന്റെ പ്രതീകമാണ് ഈ കുരിശെന്നും പൗരസ്ത്യസഭകള്‍ ക്രിസ്തുവിന്റെ രൂപമടങ്ങിയ കുരിശിനെ വണങ്ങുന്ന പാരമ്പര്യമില്ലെന്നുമാണ് പൗരസ്ത്യവാദികള്‍ പറയുന്നു. 1991 ല്‍ അസീസി മാസികയില്‍ വന്ന ഒരു ലേഖനമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 1988 ല്‍ അതിരമ്പുഴ പള്ളിയില്‍ ക്രൂശിതരൂപം മാറ്റി മാര്‍തോമക്കുരിശ് സ്ഥാപിച്ചതിനെതിരെയായിരുന്നു ലേഖനം. തുടര്‍ന്ന് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ലേഖനങ്ങള്‍ പലയിടത്തും പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്നാണ് ഇത് വിവാദമായതും ചര്‍ച്ചകളില്‍ ഇടം പിടിച്ചതും.
പല രൂപതകളിലും പ്രശ്‌നങ്ങളുണ്ടായി. ഇടവക വൈദികര്‍ ഈ കുരിശ് പള്ളിക്കുള്ളില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ചില പള്ളികള്‍ താത്കാലികമായി അടച്ചിടേണ്ട അവസ്ഥ വരെ ഉണ്ടായി. ഒടുവില്‍ ഇത് ഉപയോഗിക്കേണ്ട പള്ളികളില്‍ ഉപയോഗിക്കാം അല്ലാത്തവര്‍ക്ക് ക്രൂശിത രൂപവും ഉപയോഗിക്കാം എന്ന നിലയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
സിറോ മലബാര്‍ സഭ: ഉത്ഭവവും വളര്‍ച്ചയും
കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാര്‍ സഭ. കത്തോലിക്കാ സഭയിലെ 24 പൗരസ്ത്യ സഭകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് ഇത്. മലബാറിലെ (കേരളത്തിലെ) സിറിയന്‍ പാരമ്പര്യമുളള സഭ എന്നാണ് സിറോ മലബാര്‍ സഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഇന്നത്തെ കത്തോലിക്കാസഭ സിറോ മലബാര്‍ സഭ, ലത്തീന്‍ സഭ (ലത്തീന്‍ ആചാരങ്ങളും ആരാധന ക്രമവും പിന്തുടരുന്നു), സിറോ മലങ്കരസഭ (കൂനന്‍ കുരിശ് സത്യത്തിന്‌ശേഷം രൂപം കൊണ്ട യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് കത്തോലിക്കാ സഭാ കൂട്ടായമയിലേക്ക് എത്തി) എന്നീ മൂന്ന് സഭകള്‍ ഒന്നു ചേരുന്നതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സിറോ മലബാര്‍ സഭയ്ക്ക് വിശ്വാസികളും രൂപതകളുമുണ്ട്. 35 രൂപതകളാണ് ഈ സഭയുടെ കീഴിലുള്ളത്.
യേശുവിന്റെ ശിഷ്യന്മാരിലൊരാളായ തോമാ ശ്ലീഹ എ.ഡി 52-ല്‍ കൊടുങ്ങല്ലൂരില്‍ വരുകയും വിവിധ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തതിന്റെ ഫലമായാണ് ക്രിസ്തുമതം കേരളത്തില്‍ വളര്‍ന്നതെന്നാണ് വിശ്വാസം. ‘മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍’ എന്ന പേരിലാണ് ഇവിടുത്ത വിശ്വാസികള്‍ അറിയപ്പെട്ടത്.
കേരളത്തിലെ (അന്നത്തെ മലബാര്‍) ക്രിസ്ത്യാനികള്‍ പേര്‍ഷ്യയും സിറിയയുമുള്‍പ്പെടുന്ന പൗരസ്ത്യ നാടുകളിലെ ആരാധന ക്രമങ്ങളാണ് പിന്തുടര്‍ന്നിരുന്നത്.പേര്‍ഷ്യയില്‍ നിന്നും വന്ന ബിഷപ്പുമാരാണ് കേരളത്തിലെ പുരാതന ക്രിസ്ത്യാനികളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുന്ന കാലത്ത് ബാബിലോണിയന്‍ പാത്രിയാര്‍ക്കീസിന്റെ കീഴിലായിരുന്നു ഇവിടുത്തെ ക്രിസ്ത്യാനികള്‍. അവരുടെ ആരാധന ഭാഷ സുറിയാനിയായിരുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് പേര്‍ഷ്യന്‍ മെത്രാനും സഭയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാദേശികമായ ഒരു നേതാവും എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ഈ ഭരണകര്‍ത്താവ് ആര്‍ക്കദിയോന്‍ അഥവാ ജാതിക്ക് കര്‍ത്തവ്യന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പോര്‍ച്ചുഗീസ് മിഷനറിമാരുടെ വരവോട് ഈ പദവി പതിയെ ഇല്ലാതായി. പോര്‍ച്ചുഗീസുകാര്‍ ഇവിടുത്തെ സഭയുടെ ആത്മീയ, ഭൗതിക കാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. മാര്‍തോമാ ക്രിസ്്ത്യാനികളെ മാര്‍പാപ്പയുടെ അധികാരത്തിന് കീഴിലാക്കി.
പോര്‍ച്ചുഗീസുകാരനായിരുന്ന ഗോവന്‍ ആര്‍ച്ച് ബിഷപ് 1599 ല്‍ ഉദയംപേരൂരില്‍ വിളിച്ചു ചേര്‍ത്ത സൂനഹോദിസില്‍ വെച്ച് മാര്‍തോമാ ക്രിസ്ത്യാനികളുടെ സകല പാരമ്പര്യങ്ങളും ഇല്ലാതാക്കി. തോമാശ്ലീഹാ തങ്ങള്‍ക്ക് നല്‍കിയതാണെന്ന് മാര്‍തോമാ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്ന സുറിയാനി ആരാധനാക്രമം അപ്പാടെ മാറ്റി പകരം ലത്തീന്‍ രീതിയിലുള്ള ആരാധനാക്രമവും പാശ്ചാത്യസഭാരീതികളും നടപ്പിലാക്കി. സുറിയാനി ആരാധനാ ഗ്രന്ഥങ്ങള്‍ അസാധുവാക്കുകയും നശിപ്പിക്കുകയും ചെയ്തു.പൗരസ്ത്യ സുറിയാനി റീത്തിന് പകരം ലത്തീന്‍ റീത്ത് നടപ്പിലാക്കാനുള്ള നിയമനിര്‍മ്മാണവും ഉദയംപേരൂര്‍ സൂനഹദോസിലുണ്ടായി. കുര്‍ബാനയും മറ്റ് കൂദാശകളുമെല്ലാം ലത്തീന്‍ക്രമത്തിലാക്കി. ഇതില്‍ പ്രതിഷേധമുണ്ടായിരുന്ന മാര്‍തോമാ ക്രിസ്ത്യാനികള്‍ 1653 ജനുവരി മൂന്നാം തിയതി ആര്‍ച്ച്ഡീക്കന്റേയും വൈദികരുടെയും നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ മാതാവിന്റെ പള്ളിയില്‍ ഒരുമിച്ചുകൂടി കുരിശില്‍ കയറുകെട്ടി അതില്‍ മുറുകെ പിടിച്ചുകൊണ്ട് മിഷനറിമാരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സഭയെയും ജീവനുള്ളിടത്തോളം കാലം ഞങ്ങളംഗീകരിക്കുകയില്ല എന്ന് ശപഥം ചെയ്തു. കൂനന്‍കുരിശു സത്യമെന്നാണ് ഇത് അറിയപ്പെടുന്നത്. ഇങ്ങിനെ എതിര്‍ത്തവര്‍ അന്ത്യോക്യന്‍ ലിറ്റര്‍ജി സ്വീകരിച്ച് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭയായി മാറി. പില്‍ക്കാലത്ത് ഇവര്‍ വിവിധ സ്വതന്ത്ര സഭകളായി വിഭജിക്കപ്പെട്ടു.മാര്‍പാപ്പയുമായി ബന്ധത്തില്‍ തുടര്‍ന്ന സുറിയാനി കത്തോലിക്കര്‍ 19-ാം നൂറ്റാണ്ടോടു കൂടി സിറോ-മലബാര്‍ സഭ എന്ന പേരു സ്വീകരിച്ചു.പിന്നീട് ഘട്ടംഘട്ടമായി പല മാര്‍പാപ്പാമാര്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ലത്തീന്‍ ഭരണത്തിന്‍കീഴില്‍ നിന്നും വേര്‍തിരിച്ച് അവര്‍ക്കായി വിവിധ രൂപതകള്‍ അംഗീകരിച്ച് നല്‍കുകയും 1992 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സിറോ മലബാര്‍ സഭയെ സ്വയംഭരണ അവകാശമുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി പ്രഖ്യാപിക്കുകയും സഭാ തലവാനായി മേജര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുകയും ചെയ്തു.