കെ.എസ്.ഇ.ബി. ജീവനക്കാരുടെ സമരം; തകരാർ പരിഹരിക്കാൻ വൈകിയതായി പരാതി 

ചോറ്റി: പ്രായമായ സ്ത്രീ തനിച്ചുതാമസിക്കുന്ന വീടിന്റെ സമീപത്ത് വൈദ്യുതിക്കമ്പി പൊട്ടിവീണു. കെ.എസ്.ഇ.ബി. ജീവനക്കാരുടെ സമരം മൂലം തകരാർ പരിഹരിക്കാൻ വൈകിയതായി പരാതി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൊട്ടിവീണ കമ്പി തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് പുനഃസ്ഥാപിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

നിർമലാരാം ചോറ്റി റോഡിൽ ശാന്തിനഗറിൽ ഉള്ളാട്ട് മേരി പാപ്പൻ (74) താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗത്താണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പൊട്ടിവീണത്. ഇതോടെ പ്രദേശത്തെ വീടുകളിലടക്കം വൈദ്യുതിയും മുടങ്ങി. പാറത്തോട് കെ.എസ്.ഇ.ബി. ഓഫീസിൽ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ലെന്നു അയൽവാസി നങ്ങാപറമ്പിൽ ടിപ്‌സി ആന്റണി പറഞ്ഞു. സമരത്തെ തുടർന്ന് 24 മണിക്കൂറ് കഴിഞ്ഞാണ് ജീവനക്കാർ തകരാർ പരിഹരിച്ചത്. തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയെങ്കിലും ജീവനക്കാർ സമരത്തിലാണെന്നാണ് അറിയിച്ചത്. വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിട്ടും കാര്യമുണ്ടായില്ല. ഇതോടെ കാഞ്ഞിരപ്പള്ളി പോലീസിലും ടിപ്‌സി ആന്റണി പരാതി നൽകി. ഞായറാഴ്ച തന്നെ വൈദ്യുതി ലൈൻ ഓഫ് ചെയ്തതായി കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. കെ.എസ്.ഇ.ബി. ജീവനക്കാർ നടത്തിയ ദേശീയ സമരത്തിന്റെ ഭാഗമായി ജീവനക്കാർ സമരത്തിലായതിനാലാണ് സ്ഥലത്തെത്താൻ വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

error: Content is protected !!