ആയിരം കൈകളുമായി സെന്റ് ഡൊമിനിക്‌സ് കോളേജ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

കാഞ്ഞിരപ്പള്ളി: ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ജൂബിലി ആഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയോടു ചേർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് “ഹസാർ ഹാഥ്” എന്ന പേരിൽ പങ്കാളിത്ത ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഭാഗമായി കോളജിലെ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും ചേർന്ന് 2500 ചതുരശ്രയടി വലിപ്പമുള്ള ഒറ്റ കാൻവാസിൽ ഒരേ സമയം75 ഫ്രെയിമുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം തയ്യാറാക്കും. തുടർന്ന് ഇത് സമീപ വിദ്യാലയങ്ങളിലും പട്ടണങ്ങളിലും എത്തിച്ച് വിദ്യാർത്ഥികൾക്കും ഇതരപൗരർക്കും ബോധവത്കരണം നടത്തുന്നതാണ്.

സ്വാതന്ത്യ സമര ചരിത്രത്തിൽ നിന്ന് 75 ഇതിവൃത്തങ്ങൾ തിരഞ്ഞെടുത്ത് അവ പഠിച്ച് വിവരങ്ങൾ ശേഖരിച്ച് ചിത്രങ്ങളും വാക്കുകളും ഉൾപ്പെടുത്തിയാണ് ഫ്രെയിമുകൾ തയ്യാറാക്കുക.

ആഗസ്റ്റ് 11, 10.45 am മുതൽ 1 മണിക്കൂർ കൊണ്ട് മുഴുവൻ കുട്ടികളും ചേർന്ന് ഒരേ സമയം ‘ഹസാർ ഹാഥ് ‘ പരിപാടി നടത്തും. വാദ്യഘോഷങ്ങളുടെ അകമ്പടിയുണ്ടാകും ചിത്രങ്ങൾ, ഡയഗ്രങ്ങൾ, മാപ്പുകൾ, കാർട്ടൂണുകൾ, മുതലായവ ഉൾപ്പെടുത്തും.

പാശ്ചാത്യർക്കൊപ്പമെത്തിയ ആധുനികത എങ്ങനെ ഇന്ത്യൻ സമൂഹത്തെ പുതുക്കിയെന്നും എങ്ങനെയുള്ള സാമൂഹ്യ നവോത്ഥാനം ഇവിടെ സംഭവിച്ചെന്നും ”ഹസാർ ഹാഥ് ” വിശദീകരിക്കും.

ഉപ്പുസത്യഗ്രഹം, ക്വിറ്റിന്ത്യ മുതലായ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങൾ കാലഗണനാക്രമത്തിൽ അവതരിപ്പിക്കും. ഗാന്ധിജിക്കും ഗാന്ധിയൻ സത്യഗ്രഹ മുന്നേറ്റത്തിനും സമര ചരിത്രത്തിൽ പ്രത്യേക പ്രാധാന്യം നല്കും. സ്വാതന്ത്ര്യ സമരത്തിലെ ഇതര പ്രമുഖ നേതാക്കളെയും ഉൾപ്പെടുത്തും. കേരളം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു നൽകിയ സംഭാവനകളായ ആറ്റിങ്ങൽ കലാപവും കുണ്ടറ വിളംബരവും പഴശ്ശി വിപ്ലവവും കാൻവാസിൽ സ്ഥാനം പിടിക്കും. ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന മുഖ്യസമരധാരക്കു പുറമേ കമ്യൂണിസ്റ്റുകൾ, വിപ്ലവകാരികൾ, സോഷ്യലിസ്റ്റുകൾ, ട്രേഡ് യൂണിയനുകൾ മുതലായവ സ്വാതന്ത്ര്യ സമരത്തിനു നല്കിയ സംഭാവനകളും പഠനവിഷയമാകും. സ്വാതന്ത്ര്യ സമരം എങ്ങനെയാണ് ജാതി-മത-വർഗ്ഗ – വംശ- സാംസ്കാരിക ഭിന്നതകൾക്കപ്പുറം ആയിരമായിരം കൈകളെയും മനസ്സുകളെയും ഒരുമിപ്പിച്ച് ഇന്ത്യ എന്ന രാജ്യത്തെ രൂപീകരിച്ചത് എന്നതാവും “ഹസാർ ഹാഥ്”ൻ്റെ മുഖ്യ സന്ദേശം.

രണ്ടാം ഘട്ടത്തിൽ സ്വാതന്ത്ര്യ സമര ചരിത്രമെഴുതി തയാറാക്കിയ ക്യാൻവാസ് പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നു. ഓരോ ഫ്രെയിമിലും ഉൾക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും അതിലെ ചരിത്ര സംഭവങ്ങളും വിദ്യാർഥികൾ അവിടെ വരുന്ന ജനങ്ങൾക്ക് / വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുക്കുന്നു.

“ഹസാർ ഹാഥ് ” എന്നതിന് ‘ആയിരം കൈകൾ’ എന്നാണർത്ഥം. എല്ലാ വൈവിധ്യങ്ങൾക്കു മുപരി പിറന്ന മണ്ണിൻ്റെ സ്വാതന്ത്ര്യത്തിനായി ഒന്നായിത്തീർന്ന ആയിരമായിരം ഹൃദയങ്ങളെയും കൈകളെയുമാണ് ഈ പേര് സൂചിപ്പിക്കുന്നത്. ഒപ്പം, ഈ പരിപാടിക്കായി ചേർത്തു പിടിച്ച സെൻ്റ് ഡൊമിനിക് സി ലെ കൈകളെയും ‘ഹസാർ ഹാഥ്’ സൂചിപ്പിക്കുന്നു.

ഇന്ത്യയെ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സംഭവങ്ങളെയും വ്യക്തികളെയും പറ്റി അവബോധം ഉണ്ടാക്കുക, സാധാരണ ജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ബോധവൽക്കരണം നടത്തുക, ദേശോദ്ഗ്രഥനത്തിനും ദേശാഭിമാനത്തിനും സംഭാവന ചെയ്യുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബിനോ പി ജോസ്, സോണി ജോസഫ്, നെൽസൺ കുര്യാക്കോസ്, ഹാരി സി ജോസഫ്, മഞ്ജുഷ എസ് ജി, ഫസിയ അൻസാരി, സിസ്റ്റർ ടിനു, പാർവ്വതി ബോബി എന്നിവർ നേതൃത്വം നൽകും.

error: Content is protected !!