പാറത്തോട് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം
പാറത്തോട്: പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. ബാങ്ക് ഭരണസമിതിയിൽനിന്നു പ്രസിഡന്റ് ഉൾപ്പെടെയുള്ള നാല് എൽഡിഎഫ് അംഗങ്ങൾ രാജിവച്ച സാഹചര്യത്തിലാണ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. അഡ്മിനിസ്ട്രേറ്ററായി സഹകരണ വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ മുണ്ടക്കയം യൂണിറ്റ് ഇൻസ്പെക്ടർ കെ.പി.എ. ഫാസിൽ ചുമതലയേറ്റു. ബാങ്കിൽ സാന്പത്തിക പ്രതിസന്ധികൾ നിലവിൽ ഇല്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ സാന്പത്തിക പ്രതിസന്ധിയുള്ളതായി കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധന നടത്തി സഹകാരികളുടെ ആശങ്കകൾ അകറ്റിയ ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും അസിസ്റ്റന്റ് റജിസ്ട്രാർ അറിയിച്ചു.
എൽഡിഎഫ് അംഗങ്ങൾ രാജിവച്ചതോടെ 11 അംഗ ഭരണസമിതിയിൽ അവശേഷിക്കുന്നത് അഞ്ച് യുഡിഎഫ് അംഗങ്ങൾ മാത്രമാണ്. ഭരണസമിതി നിലനിൽക്കണമെങ്കിൽ നിയമപരമായി ആറ് അംഗങ്ങൾ വേണം.
ഭരണസമിതിയിലെ എൽഡിഎഫ് – യുഡിഎഫ് പോരു മുറുകിയതോടൊണ് എൽഡിഎഫ് അംഗങ്ങൾ രാജിവച്ചത്. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും ധനസ്ഥിതിക്കു ഭംഗം വരുത്തുന്ന തരത്തിലും യുഡിഎഫിലെ ഒരംഗം പ്രവർത്തിക്കുന്നത് ബാങ്ക് ഭരണത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് എൽഡിഎഫിന്റെ ആരോപണം. ബാങ്കിലെ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുകൾ ഭരണസമിതി കണ്ടെത്തിയതായും എന്നാൽ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാജിവച്ചവർ ആരോപിക്കുന്നു.
എന്നാൽ കേരള കോണ്ഗ്രസ്-എം ഇടതുപക്ഷത്തേക്ക് മാറിയതിനുശേഷം യുഡിഎഫ് അംഗങ്ങളുടെ അഭിപ്രായം മാനിക്കാതെ ഏതാനും ജീവനക്കാരും ചേർന്ന് ബാങ്കിനെ പ്രതിസന്ധിയിലാക്കിയെന്നു യുഡിഎഫ് അംഗങ്ങൾ ആരോപിക്കുന്നു. ഇതിൽനിന്നു രക്ഷപ്പെടുന്നതിനും സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണ് എൽഡിഎഫ് അംഗങ്ങൾ രാജിവച്ചതെന്നുമാണ് യുഡിഎഫിന്റെ ആരോപണം.