റബർ മേഖലയിലെ പ്രതിസന്ധി: റോളറുകൾ കർഷകർ കൈയൊഴിയുന്നു
കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധിമൂലം റോളറുകൾ കർഷകർ കൈയൊഴിയുന്നു.
റബർ ഷീറ്റിന്റെ ഉത്പാദനത്തേക്കാൾ ലാറ്റക്സിന്റെ വിൽപനയ്ക്ക് സാധ്യതയേറിയതോടെയാണ് റോളർ വിൽക്കാൻ കർഷകർ ഒരുങ്ങുന്നത്. ഇതിനോടകം നിരവധി കർഷകർ റോളറുകൾ വിറ്റുകഴിഞ്ഞു. ഹാൻഡ്മെയ്ഡ് റോളറുകൾക്ക് 25,000 രൂപവരെ അടിസ്ഥാനവിലയായി ലഭിക്കുന്നുണ്ട്.
കൈമറിഞ്ഞു പോകുന്ന റോളറുകൾക്ക് അന്യസംസ്ഥാനങ്ങളിലാണ് ഡിമാൻഡ്. വഴിയോരങ്ങളിൽ കരിന്പ് ജ്യൂസറായും എണ്ണയാട്ടുന്ന പ്രൊപ്പല്ലറായും വലിയ റബർ പ്ലാന്റേഷനുകളിലേക്കുമാണ് ഇവയെത്തുന്നത്.
റബർപാൽ വീപ്പകളിൽ ശേഖരിച്ച് സ്വകാര്യ കന്പനികളിലേക്ക് എത്തിച്ചശേഷം കൊഴുപ്പ് അനുസരിച്ചാണ് ലാറ്റക്സിന്റെ വില നിശ്ചയിക്കുന്നത്. 156 രൂപയാണ് ലാറ്റക്സിനു ലഭിക്കുന്നത്. 168 രൂപയാണ് ഒരു കിലോ ഉണക്ക റബറിനു കർഷകനു ലഭിക്കുന്നത്.
തൊഴിലാളികളുടെ അഭാവവും കാർഷിക മേഖലയിൽ ഏറി വരുന്ന ചെലവും മതിയായ വില ലഭിക്കാത്തതും കർഷകർക്കു തിരിച്ചടിയാണ്.
റബർത്തടിക്ക് ടണ്ണിന് 7,000 രൂപ വില ഉണ്ടെങ്കിലും ഇടനിലക്കാരുടെ ഇടപെടൽ കാരണം 3,000 രൂപയിൽ കൂടുതൽ കർഷകനു കിട്ടാത്ത സ്ഥിതിയുമാണ്. പ്രതിദിനം അവശ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിക്കുന്ന സാഹചര്യത്തിൽ തുച്ഛമായ കൂലിക്ക് റബർവെട്ടാൻ ആരും തയാറാകുന്നില്ല.
റബർ ബോർഡ് ആദ്യകാലങ്ങളിൽ ജില്ലയിൽ എല്ലാപ്രദേശങ്ങളിലും റബർ വെട്ടുന്നതിന് ആവശ്യമായ പരിശീലനം നൽകിയിരുന്നു. ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ മാത്രമാണ് പരിശീലനം.
ഇതോടെ പരിശീലനം ലഭിച്ച തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കൂടാതെ പുതുതലമുറയിലുള്ളവർ റബർ മേഖലയിലേക്കു കടന്നുവരുന്നില്ല. പ്രകൃതിദത്ത അസംസ്കൃത റബർ ആഭ്യന്തര വിലയെക്കാൾ കുറഞ്ഞ വിലക്ക് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരും ടയർ കന്പനികളും നടത്തുന്നതെന്ന് റബർ കർഷകർ പറഞ്ഞു. ഇത്തരം റബർ ഇറക്കുമതി ചെയ്യാൻ തുടങ്ങിയാൽ സ്വാഭാവിക റബറിനു വില ലഭിക്കില്ലെന്ന ആശങ്കയിലാണ് കർഷകർ. ലാറ്റക്സും നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.
ഇടകൃഷിയും മങ്ങിത്തന്നെ
റബറിന് ഇടവിളയായി കൂടുതലും ചെയ്തിരുന്നത് പൈനാപ്പിൾ ആയിരുന്നു. റബറിന് വിലയുണ്ടെങ്കിൽ മാത്രമേ ഇടകൃഷി ലാഭകരമാകൂ എന്നാണ് കർഷകരുടെ അഭിപ്രായം.
കഴിഞ്ഞ മൂന്നുവർഷങ്ങളായി കൈതകൃഷിക്കായി നിരവധി കർഷകർ പാട്ടത്തിനു ഭൂമി കൊടുക്കാറുണ്ടെങ്കിലും ന്യായമായ പാട്ടം ലഭിക്കാറില്ല. റബറുകളുടെയും റബർത്തോട്ടത്തിന്റെയും പരിപാലനത്തെ ആശ്രയിച്ചിരിക്കും ഇടകൃഷിയുടെ സാധ്യത.
റബർതൈകൾ നടുന്പോൾ അതിനൊപ്പം തന്നെ കൈതകൃഷിക്കായി ഭൂമി പാട്ടത്തിനു നൽകിയിരുന്നു. ഇതിനൊപ്പം ഒന്നോ രണ്ടോ വർഷത്തേക്ക് പച്ചക്കറി, കാപ്പി തുടങ്ങിയവ കൃഷി ചെയ്തിരുന്നെങ്കിലും ഇതു പ്രാവർത്തികമായില്ല. ആദ്യകാലങ്ങളിൽ ഏക്കറിന് 20,000 രൂപവരെ പാട്ടം കിട്ടിയിരുന്നു. എന്നാൽ അടുത്തിടയായി പാട്ടം മുടങ്ങിയതോടെ ഇടകൃഷി സാധ്യതയും മങ്ങിയ അവസ്ഥയാണ്.