വള്ളസദ്യ : ചേനപ്പാടി പാളത്തൈര് സമർപ്പണം 17-ന്
ചേനപ്പാടി: അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് വിളമ്പുന്നതിനായി ചേനപ്പാടി ഗ്രാമത്തിൽനിന്ന് തിരുവാറന്മുള പാർഥസാരഥി ക്ഷേത്രത്തിലേക്ക് നൂറ്റാണ്ടുപിന്നിട്ട പാരമ്പര്യത്തുടർച്ചയായി പാളത്തൈര് സമർപ്പണം 17 ന് നടക്കും. ചേനപ്പാടിയിൽനിന്ന് 17-ന് ഘോഷയാത്രയായി 1300 ലിറ്റർ തൈര് ആറന്മുളയിലെത്തിക്കും.
ചേനപ്പാടി ഗ്രാമവാസികൾ വഴിപാടായി സമർപ്പിക്കുന്നതും വാഴൂർ തീർഥപാദാശ്രമത്തിൽ തയ്യാറാക്കുന്നതുമായ തൈരാണ് കൊണ്ടുപോകുന്നത്. ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി രക്ഷാധികാരി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ, ഭാരവാഹികളായ ശശിധരൻനായർ ഹരിവിഹാർ, സോമൻ ആര്യശ്ശേരിൽ, കെ.എസ്. ജയകൃഷ്ണൻ കുറ്റിക്കാട്ട്, രാജപ്പൻനായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, പി.പി. വിജയകുമാർ, ടി.ജി. അഭിലാഷ്, എൻ.എസ്. വിജയകുമാർ, കെ.സി. രഞ്ജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമർപ്പണ ഘോഷയാത്ര.
തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ എന്നിവരുടെ നേതൃത്വത്തിൽ 16-ന് മൂന്നിന് ആശ്രമത്തിൽ ഭക്തരുടെ സാന്നിധ്യത്തിൽ പാലിൽ ഉറയൊഴിക്കും.
നൂറ്റാണ്ടുകൾക്ക് മുമ്പേ ഗോസമൃദ്ധിയും ക്ഷേത്രങ്ങളുംമൂലം പ്രശസ്തമായ ഗ്രാമമാണ് ചേനപ്പാടി. എല്ലാക്ഷേത്രങ്ങളിലും വഴിപാട് നടത്തിയതിന് ശേഷമാണ് 17-ന് തൈര് സമർപ്പണ ഘോഷയാത്ര പുറപ്പെടുന്നത്. ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതീക്ഷേത്രം, ധർമശാസ്താക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിലാണ് പൂജകളും വഴിപാടുമുള്ളത്. ചേനപ്പാടി എസ്.എൻ.ഡി.പി. യോഗം ശാഖ, പരുന്തന്മല ശ്രീദേവിവിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജനസമിതി എന്നിവയുടെ സഹകരണത്തോടെ തീർഥപാദാശ്രമത്തിൽനിന്ന് തൈര് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്ര സന്നിധിയിലെത്തിക്കും. തുടർന്നാണ് പാർഥസാരഥി ക്ഷേത്രത്തിൽ തൈര് സമർപ്പിക്കുന്നത്.
കേളുച്ചാർ രാമച്ചാരുടെ നേതൃത്വത്തിൽ പൂർവകാലത്ത് ചേനപ്പാടി ഗ്രാമത്തിൽ നിന്ന് കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിലാണ് തൈര് തയ്യാറാക്കി എത്തിച്ചിരുന്നത്. ഇടക്കാലത്ത് മുടങ്ങിപ്പോയ ആചാരം 12 വർഷം മുൻപ് പാളത്തൈര് ചരിത്രം തിരിച്ചറിഞ്ഞ് ആറന്മുള കരക്കാരും ചേനപ്പാടി കരക്കാരും ചേർന്ന് വീണ്ടും തുടങ്ങിയതാണ് ഇപ്പോഴും തുടരുന്നത് .
സമിതി രക്ഷാധികാരി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ , ഭാരവാഹികളായ ശശിധരൻ നായർ ഹരിവിഹാർ, സോമൻ ആര്യശ്ശേരിൽ , കെ.എസ്.ജയകൃഷ്ണൻ കുറ്റിക്കാട്ട്, രാജപ്പൻ നായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, പി.പി.വിജയകുമാർ, ടി.ജി.അഭിലാഷ്, എൻ.എസ്.വിജയകുമാർ, കെ.സി.രഞ്ജൻ എന്നിവർ പത്രസമ്മേളനത്തിൽ ചടങ്ങുകളെക്കുറിച്ച് വിശദീകരിച്ചു.