പതിനെട്ടുകാരന് നേരേ ആക്രമണം; അച്ഛനും മക്കളും അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പതിനെട്ടുകാരനെ ആക്രമിച്ച സംഭവത്തിൽ അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം കന്നുപറമ്പിൽ അബ്ദുൽ അസീസ് (56), മക്കളായ മുഹമ്മദ് ഷെഫീഖ് (36), ഷെമീർ അസീസ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം അബ്ദുൽ അസീസ് നടത്തുന്ന കടയിൽ സാധനം വാങ്ങാനെത്തിയ മുഹമ്മദ് ഷഹനാസിനെയാണ് അബ്ദുൽ അസീസും മക്കളും ആക്രമിച്ചത്.
മഴ ആയതിനാൽ കടയുടെ സമീപത്ത് നിന്നിരുന്ന ഷഹനാസും ഷെഫീഖും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇവർ ഇയാളെ മർദിക്കുകയായിരുന്നു. ഷഹനാസും ഷെഫീക്കും തമ്മിൽ മുൻവൈരം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ഷിന്റോ പി. കുര്യൻ, എസ്.ഐ.മാരായ അരുൺ തോമസ്, ബിനോയ്, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, സതീഷ് ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.