എരുമേലിയുടെ അഭിമാന താരങ്ങൾ ഇവർ : സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ സ്വർണവുമായി ആദിത്യ അജി : ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടം നേടി ആറാം ക്ലാസുകാരൻ അൾജിൻ ഡൊമിനിക്
എരുമേലി : സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടി ഒമ്പതാം ക്ലാസുകാരി ആദിത്യ അജി. ചക്രാസനരീതിയിൽ അരക്കിലോമീറ്ററിലധികം ദൂരം നടന്ന് ഇന്ത്യാ ബുക്ക് ഓഫ് റിക്കോർ ഡ്‌സിൽ ഇടം നേടി ആറാം ക്ലാസുകാരൻ അൾജിൻ ഡൊമിനിക്. ഇരുവരെയും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിനന്ദിച്ചു.
കോഴിക്കോട് നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ പതിനാറ് വയസ്സിന് താഴെയുള്ളവരുടെ എണ്ണുറ് മീറ്റർ ഹർഡിൽസിലാണ് ആദിത്യ അജി ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ മെഡൽ നേടിയത്. കാഞ്ഞിരപ്പള്ളി മാരുതി ഇൻഡസ് ഷോറൂമിലെ ജീവനക്കാരനായ എരുമേലി കൊച്ചുതോട്ടത്തിൽ അജിയുടെയും സൗമ്യയുടെയും മകളാണ് ആദിത്യ. സ്പോട്ർട്സ് കൗൺസിലിന്റെ കീഴിൽ ഭരണങ്ങാനം എസ്എച്ച്ജിഎച്ച് സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്പോർട്സ് അക്കാദമിയിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയായ ആദിത്യ ആദ്യ മത്സരത്തിൽ തന്നെ സ്വർണ മെഡൽ നേടാനായത് വിജയത്തിന് തിളക്കം കൂട്ടുന്നു.
കണമല സെൻ്റ് തോമസ് യൂ പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൾജിൻ ഡൊമിനിക് പാണപിലാവ് അമ്പാട്ടുപറമ്പിൽ ജോയി – ലിജി ദമ്പതികളുടെ മകനാണ്. ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്‌സിന്റെ ജൂറിയുടെയും സ്കൂൾ അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിദ്ധ്യത്തിൽ സ്കൂളിലെ സാഹിത്യ സമാജത്തിൻ്റയും കരാത്തെയുടെയും ഉത്ഘാടന വേദിയിലായിരുന്നു അൾജിൻ്റ പ്രകടനം.
ചക്രാസന രൂപത്തിൽ നടന്നാണ് അൾജിൻ റിക്കോർഡ് നേടിയത്. അൾജിനെ കൂടാതെ സഹോദരി അലിൻ തെരേസ്, മിഥുൻ മധു, ദിവ്യദർശൻ, ഹിമ ബിനു എന്നിവരും സ്കൂളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. മുക്കൂട്ടുതറ ഐബിഎൽ അക്കാദമിയിലെ ഡോ. കെ ജെ ജോസഫ് ആണ് ഇവർക്ക് പരിശീലനം നൽകിയത്. വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. എബ്രഹം തൊമ്മിക്കാട്ടിൽ, ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, പിറ്റിഎ പ്രസിഡൻ്റ് റ്റോമി ജോസ്, ഡോ. കെ ജെ ജോസഫ്, ജിനോഷ് വേങ്ങത്താനം, ബിനു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.