കർഷക ദിനത്തിൽ കടുത്ത പ്രതിഷേധം : ബഫർസോൺ വേണ്ടേ വേണ്ട…
മുക്കൂട്ടുതറ : രണ്ടായിരത്തോളം കർഷകർ അണിനിരന്ന ബഫർ സോൺ വിരുദ്ധ റാലി ഇന്നലെ മുക്കൂട്ടുതറയിൽ തീർത്തത് ബഫർ സോണിനെതിരെ കടുത്ത പ്രതിഷേധ അലയൊലികൾ. ഇന്നലെ കർഷക ദിനാചരണ ചടങ്ങുകൾ ബഹിഷ്കരിച്ചാണ് ഇൻഫാം പ്രവർത്തകർ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
ബുധനാഴ്ച രണ്ട് മണിയോടെ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ മേഖലയിലെ കർഷകരും കുടുംബങ്ങളും അണിനിരന്നു.മുക്കൂട്ടുതറ അസീസി ആശുപത്രിപ്പടി, ചെറുപുഷ്പം ആശുപത്രിപ്പടി, കൊണ്ടാട്ടുകുന്നേൽ പെട്രോൾ പമ്പ് എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് ഒരേസമയം ആരംഭിച്ച പ്രകടനം മുക്കൂട്ടുതറ ടൗണിൽ എത്തി സംഗമിച്ചപ്പോൾ റോഡ് നിറഞ്ഞ വലിയ ജനാവലിയായി മാറി. മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി പാരീഷ് ഹാളിൽ പ്രകടനം സമാപിച്ചു. ഇൻഫാം ജില്ലാ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പ്രതിഷേധ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബഫർ സോൺ പ്രഖ്യാപിച്ചതിന്റെ 2019 ലെ വിഞാപനം റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഫർ സോൺ റദ്ദാക്കുന്നത് വരെ പ്രതിഷേധം അടങ്ങില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരിലും നിയമ നീതിപീഠത്തിലും ചലനം സൃഷ്ടിക്കാൻ കർഷകരുടെ ഈ പ്രതിഷേധത്തിന് കഴിയും. സംസ്ഥാന സർക്കാർ ഉചിതമായ നടപടികൾ സ്വീകരിച്ചെന്ന് പറഞ്ഞ് കയ്യൊഴിയരുത്. വിഷയത്തെ നിസാരവൽക്കരിക്കുന്ന നിലപാടുകൾ ഇനി ആവർത്തിക്കരുതെന്നും കർഷകരുടെ ജീവിതം വെച്ച് പന്താടരുതെന്നും അദ്ദേഹം പറഞ്ഞു.
കെ ജെ ജോസഫ് കരീക്കുന്നേൽ അധ്യക്ഷനായിരുന്നു. ഫാ. മാത്യു നിരപ്പേൽ, ജോസ് താഴത്തുപീടികയിൽ തുടങ്ങിയവർ പ്രസംഗിച്ചു. റോബിൻ ആലപ്പി, ജോയൽ ഉറുമ്പിൽ, ജെയ്സൺ കണ്ണിമല, സിബി മണ്ണംപ്ലാക്കൽ, ജോൺകുട്ടി വെൺമാന്തറ, ജോപ്പച്ചൻ പാണപിലാവ്, ജോസ് പള്ളിവാതിൽക്കൽ, മനോജ് നിരവ്, റെജി കുരുമ്പൻമുഴി, ബിജു താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.