തിരുവാറന്മുളയപ്പന്റെ സന്നിധിയിൽ പാളത്തൈര് വിളമ്പി ; ധന്യതയിൽ ചേനപ്പാടി ഗ്രാമം
പൊൻകുന്നം: ‘ചേനപ്പാടി രാമശ്ശാരുടെ കോളപ്പശുവിൻ പാളത്തൈരേ…അത് കൊണ്ടുവാ…വള്ളപ്പാട്ട് ചൊല്ലി ഭക്തർ തൈര് ചോദിച്ചു; തിരുവാറന്മുള പാർഥസാരഥി സന്നിധിയിൽ ജന്മാഷ്ടമി വള്ളസദ്യക്ക് വ്യാഴാഴ്ച തൈര് വിളമ്പിയപ്പോൾ മനംനിറഞ്ഞ് ചേനപ്പാടി ഗ്രാമം. വഴിപാടായി തൈര് സമർപ്പിച്ച ഭക്തർക്കത് പുണ്യനിമിഷമായി.
ജന്മാഷ്ടമി സദ്യക്ക് വിളമ്പുന്നതിനുള്ള പാളത്തൈര് വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് ആറന്മുളക്ഷേത്രത്തിൽ സമർപ്പിച്ചത്. ചേനപ്പാടി ഗ്രാമത്തിൽനിന്നും വാഴൂർ തീർഥപാദാശ്രമത്തിൽനിന്നുമായി 1,300 ലിറ്റർ തൈരാണ് ഘോഷയാത്രയായി എത്തിച്ചത്. ഭക്തജനസമിതി പ്രസിഡന്റ് കെ.കെ.രാജപ്പൻ നായർ കോയിക്കൽ, സെക്രട്ടറി ജയകൃഷ്ണൻ നായർ കുറ്റിക്കാട്ട്, ട്രഷറർ അഭിലാഷ് പടത്യാനിക്കൽ, ജോയിന്റ് സെക്രട്ടറി വിജയകുമാർ കുളഞ്ഞിയിൽ എന്നിവർ നേതൃത്വം നൽകി.
പൂർവകാലത്ത് ചേനപ്പാടി കേളുച്ചാർ രാമച്ചാർ എന്ന കാരണവരും സുഹൃത്തുക്കളും ശേഖരിച്ച തൈര് മണിമലയാറ്റിലൂടെ വള്ളത്തിൽ സഞ്ചരിച്ച് പമ്പയാറ്റിലെത്തി ആറന്മുളയപ്പന് സമർപ്പിച്ചിരുന്നു. അന്നുമുതൽ വള്ളപ്പാട്ടിൽ ഇടംപിടിച്ച തൈര് നൽകൽ ഇക്കാലത്തും നാട്ടുകാർ തുടരുന്നതാണ്. പഴയകാലത്ത് കമുകിൻപാളപ്പാത്രങ്ങളിൽ പാൽ ഉറയൊഴിച്ചാണ് തൈര് ഉണ്ടാക്കിയിരുന്നത്. അങ്ങനെ പാളത്തൈര് എന്ന് ഖ്യാതി നേടിയ സമർപ്പണമാണിത്. പാരമ്പര്യം നിലനിർത്തി പാളപ്പാത്രങ്ങളിലും തൈര് സമർപ്പിച്ചിരുന്നു.
തിടമ്പേറ്റി ചിറക്കടവ് തിരുനീലകണ്ഠൻ
പൊൻകുന്നം: തിരുവാറന്മുളയപ്പന്റെ ജന്മാഷ്ടമി ഉത്സവം ചിറക്കടവ് ഗ്രാമത്തിനും അഭിമാനനിമിഷമായി. ചിറക്കടവിന്റെ പ്രിയ കൊമ്പൻ തിരുനീലകണ്ഠനാണ് അഷ്ടമിരോഹിണി ഉത്സവത്തിൽ പാർഥസാരഥിയുടെ തിടമ്പേറ്റിയത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ഈ ആന രണ്ടുവർഷത്തോളമായി എഴുന്നള്ളത്തുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. നീര് ഭേദമായതിനുശേഷം രണ്ടുമാസം മുൻപാണ് എഴുന്നള്ളത്തുകളിൽ പങ്കെടുത്തുതുടങ്ങിയത്.
തിരുനീലകണ്ഠന്റെ ഓരോ എഴുന്നള്ളത്തും ആഘോഷമായി കൊണ്ടാടുന്ന ചിറക്കടവ് നിവാസികൾ ആറന്മുള എഴുന്നള്ളത്തിന്റെ ആഹ്ലാദത്തിലാണ്.