പാലാ – പൊൻകുന്നം റോഡ് അപകട മുനന്പാകുന്നു
അപകടം വിട്ടൊഴിയാതെ പാലാ-പൊൻകുന്നം റോഡ്. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ 21.49 കിലോമീറ്റർ റോഡിലാണ് അപകടം തുടർക്കഥയാകുന്നത്. പാലായ്ക്കും പൈകയ്ക്കുമിടയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തോളം അപകടങ്ങളാണ് ഉണ്ടായത്. ചരളയിൽ റോഡ് മുറിച്ചു കടന്നയാൾക്കുൾപ്പെടെ നിരവധി പേർക്കു ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വിളക്കുംമരുതിലുണ്ടായ അപകടത്തിൽ ഒരാൾക്കു ജീവൻ നഷ്ടമായി.
വളവും തിരിവും
2015ൽ നവീകരണം പൂർത്തിയായതോടെയാണ് പാലാ-പൊൻകുന്നം റോഡിൽ അപകടങ്ങൾ കുത്തനെ കൂടിയത്. നിർമാണ കാലഘട്ടത്തിൽത്തന്നെ റോഡ് നിർമാണത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചു പല കോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു.
പാതയിൽ വളവുകൾ കൂടുതലുള്ളതിനാൽ ദൂരകാഴ്ച കുറവാണെന്നതാണ് പ്രധാന പ്രശ്നം. വേഗത്തിലെത്തുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുന്പോഴാണ് എതിരേ വരുന്ന വാഹനങ്ങളെ കാണുന്നത്.
ഇരുട്ടുമൂടിയ പാത
വഴിയോരങ്ങളിലെ വഴിവിളക്കുകൾ കണ്ണടച്ചതും അപകട സാധ്യത കൂട്ടുകയാണ്. തകരാറിലായ വിളക്കുകൾ നന്നാക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. ഒാരോ പ്രാവശ്യവും അപകടങ്ങളുണ്ടാകുന്പോൾ പലവിധ പദ്ധതികളെക്കുറിച്ചു ചർച്ചകൾ നടക്കുന്നതല്ലാതെ യാതൊരുവിധ പരിഹാര നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഹൈവേ പോലീസ് പട്രോളിംഗും ഈ മേഖലയിൽ കാര്യക്ഷമമല്ല.
സീബ്രാ ലൈനുകൾ മാഞ്ഞു തുടങ്ങിയ ഈ റോഡിൽ സ്കൂൾ കുട്ടികളും മുതിർന്നവരും റോഡ് മുറിച്ചു കടക്കുന്നതു തന്നെ ഭീതിയോടെയാണ്. പാലാ- പൊൻകുന്നം റോഡിൽ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ജിബിൻ ആലപ്പുരയ്ക്കൽ അധ്യക്ഷതവഹിച്ചു.