കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഏഴു വർഷം കഴിഞ്ഞിട്ടും പണിതീർന്നിട്ടില്ല.. ദുരിതത്തിൽ രോഗികൾ..
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ അസൗകര്യങ്ങളുടെ നടുവിൽ ബുദ്ധിമുട്ടുമ്പോഴും, പുതിയ കെട്ടിടം പണിതീർത്തു തുറന്നു കൊടുക്കാൻ നടപടിയില്ല. വർഷങ്ങൾക്കു മുന്പ് നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണമാണ് ഇനിയും പൂർത്തിയാകാത്തത്. മലയോര മേഖലയിലെ നിർധനരായ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. 2014-2015 വർഷത്തിൽ ആശുപത്രിക്കായി അഞ്ചു നിലകളുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങുന്നത്. എന്നാൽ, ഏഴു വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിച്ചു കെട്ടിടം തുറന്നുനൽകാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങൾ പഴക്കമുള്ള പഴയ കെട്ടിടത്തിൽ പരിമിതികളുടെ നടുവിലാണ് ആശുപത്രിയുടെ പ്രവർത്തനം. അത്യാഹിത വിഭാഗം രണ്ടുവർഷം മുന്പ് നവീകരിച്ചെങ്കിലും കിടക്കകളുടെ എണ്ണത്തിൽ കുറവുണ്ട്. രോഗികൾ കൂടുമ്പോൾ ഒരു കട്ടിലിൽ രണ്ടുപേരെ വീതമാണ് കിടത്തുന്നത്. രാവിലെ മുതൽ ഒപിയിൽ ചികിത്സ തേടിയെത്തുന്നവർക്കു വിശ്രമകേന്ദ്രമുണ്ടെങ്കിലും ദിവസേന ആയിരത്തിൽപരം ആളുകൾ ചികിത്സ തേടിയെത്തുന്ന ഇവിടെ തിങ്ങിക്കൂടി നിൽക്കേണ്ട സ്ഥിതിയാണുള്ളത്. 140 കിടക്കകളാണ് നിലവിൽ ആശുപത്രിയിലുള്ളത്. പുതിയ കെട്ടിടം പ്രവർത്തനയോഗ്യമാക്കിയാൽ കൂടുതൽ കിടക്കകൾ ഒരുക്കാനാകും.
ആയിരക്കണക്കിനു രോഗികളെത്തുന്ന ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും വലിയ പ്രതിസന്ധിയാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം രോഗികൾക്കാണ് ദുരിതം. ജീവനക്കാരുടെ കുറവ് മൂലം നിലവിൽ ജോലി ചെയ്യുന്നവർക്കും അമിത ഭാരമാണ്. ചീട്ട് എടുക്കാനും ഡോക്ടറെകാണാനുമായി രോഗികൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സ്ഥിതിയാണ് പലപ്പോഴും.