പുരപ്പുറത്തുനിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി
എരുമേലി: വീടിനോട് ചേർന്ന് റബ്ബർഷീറ്റ് സൂക്ഷിക്കുന്ന പുരയിൽ ഷീറ്റ് നോക്കാൻ കയറിയപ്പോൾ ഷെഡ്ഡിന് മുകളിൽ ഭയങ്കര ശബ്ദം. വെളിയിലിറങ്ങി ഷെഡ്ഡിന് മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് വലിയ പെരുമ്പാമ്പിനെ… എരുമേലി ചക്കാലക്കൽ അബ്ദുൾനാസറിന്റെ വീടിനോട് ചേർന്നുള്ള ഷീറ്റ് പുരയുടെ മുകളിലാണ് പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിയച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി ഷീറ്റ് പുരയുടെ മുകളിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. 12 അടിയോളം നീളവും 35 കിലോയോളം ഭാരവുമുണ്ട് പെരുമ്പാമ്പിന്.
ഷെഡ്ഡിന്റെ മുൻവശം എരുമേലി കൊച്ചുതോടും മറുവശം കാട് മൂടിയ പ്രദേശവുമാണ്. ജലസ്രോതസ്സുകളിൽനിന്ന് ഏറെ ഉയരത്തിലാണ് വീടും ഷീറ്റ് പുരയും ഉള്ളത്. മറുവശത്തെ കാടുമൂടിയ പ്രദേശത്തുനിന്ന് പെരുമ്പാമ്പ് പുരയ്ക്ക് മുകളിൽ കയറിയതാവാമെന്നാണ് നിഗമനം.
പെരുമ്പാമ്പുകൾ പതിവ്
2018-ലെ പ്രളയശേഷം മേഖലയിലെ ജലസ്രോതസ്സുകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർധിച്ചു. തോടുകളിൽ പലയിടത്തും തടയണയുള്ളതിനാലാണ് ഇവ ജനവാസമേഖലകളിൽ അടിയാൻ കാരണമെന്നാണ് ആക്ഷേപം.
എരുമേലി വലിയതോട്ടിൽ ധർമശാസ്താ ക്ഷേത്രത്തിന് മുമ്പിലുള്ള കുളിക്കടവിൽനിന്ന് രണ്ട് പെരുമ്പാമ്പിനെയും നാല് കുഞ്ഞുങ്ങളെയും പിടിച്ചിരുന്നു. മണിമലയാറിന്റെ തീരത്തെ ഓരുങ്കൽ കടവിൽനിന്ന് പെരുമ്പാമ്പിനെ കിട്ടുകയുണ്ടായി. പൊയ്ക തോടുകൾ ഒഴുകുന്ന വനാതിർത്തിയിലെ ജനവാസമേഖലകളിൽനിന്നും പുരയിടത്തിലെ കോഴിക്കൂട്ടിൽനിന്നും പെരുമ്പാമ്പിനെ പിടിച്ച നിരവധി സംഭവങ്ങൾ ഉണ്ടായി.