കോട്ടയം ജില്ലയിൽ ചിറക്കടവ് ഉൾപ്പെടെ അഞ്ച് ‘വിമുക്തി’ മാതൃകാ പഞ്ചായത്തുകൾ
‘വിമുക്തി’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മാതൃകയാകാൻ കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ്, പനച്ചിക്കാട്, ഉഴവൂർ, ചിറക്കടവ്, തൃക്കൊടിത്താനം പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ അധ്യക്ഷതയിൽ ജില്ലാതല ജനകീയ സമിതിയോഗത്തിന്റേതാണ് തീരുമാനം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ‘വിമുക്തി’ വാർഡുതല ജാഗ്രത സമിതികളുടെയും സ്‌കൂൾ, കോളേജ് വിമുക്തി ക്ലബ്ബുകളുടെയും പ്രവർത്തനം സജീവമാക്കും.
എക്‌സൈസ്, പോലീസ്, വിദ്യാഭ്യാസ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
നഗരസഭാധ്യക്ഷരായ ബിൻസി സെബാസ്റ്റ്യൻ, രാധിക ശ്യാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, എക്‌സൈസ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം.എൻ. ശിവപ്രസാദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിമുക്തി ജില്ലാ മാനേജർ സോജൻ സെബാസ്റ്റ്യൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സി.രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.