പൂക്കൃഷി വിളവെടുപ്പ്
• പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിയുടെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷി വിളവെടുപ്പ്
വാഴൂർ: ഓണത്തിന് പൂക്കളമൊരുക്കാൻ കുടുംബശ്രീ അംഗങ്ങളുടെ പൂത്തോട്ടം. വാഴൂർ ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡിലാണ് വിവിധ നിറത്തിലുള്ള ബന്തികൾ പൂത്തുലഞ്ഞത്. വാർഡംഗം സൗദ ഇസ്മായിൽ, സി.ഡി.എസ്.അംഗം ഷീജ സലാം എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പൂക്കൃഷിയാണ് വിളവെടുക്കാൻ പാകമായത്. പരിസ്ഥിതി ദിനത്തിൽ ചേർന്ന യോഗത്തിൽ കുടുംബശ്രീ അംഗമായ ഫൗസിയ ബഷീറാണ് പൂത്തോട്ടം എന്ന ആശയം അവതരിപ്പിച്ചത്. തുടർന്ന് ഷീജയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മറ്റ് അംഗങ്ങളായ രഞ്ജിത കണ്ണൻ, സുൽഫി സലീം എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി ആരംഭിച്ചത്. തൃശ്ശൂരിൽ നിന്നും ഓൺലൈനായി വാങ്ങിയ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. പ്രദേശവാസികളും എല്ലാ പിന്തുണയും നൽകി. വാഴൂർ കൃഷിഭവന്റെ പിന്തുണ കൂടി ലഭിച്ചതോടെ നാട്ടിലെ പൂക്കൃഷി ഉഷാറായി. പൂക്കൾ വിപണിയിലെത്തിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു പിന്തുണയും കിട്ടി. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി.തങ്കച്ചൻ, ഡി.സേതുലക്ഷ്മി, എസ്.പുഷ്‌കലാദേവി, സൗദ ഇസ്മായിൽ, നിഷ രാജേഷ്, കൃഷി ഓഫീസർ ജി.അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.