ദിലീപ് കേസ് : ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ആക്രമിക്കപ്പെട്ട നടിക്കെതിരേ സൈബർ പ്രചാരണം നടത്തിയെന്ന കേസിൽ ഷോൺ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധനനടത്തി. പി.സി. ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജും ദിലീപിന്റെ സഹോദരൻ അനൂപുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നടിക്കെതിരേ ആസൂത്രിതപ്രചാരണം നടത്താൻ വ്യാജ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കേസ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റർചെയ്തിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീൻ ഷോട്ട് ഷോൺ ജോർജിന്റെ ഫോണിൽനിന്ന് നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് പോയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ പി.സി. ജോർജിന്റെയും മകൻ ഷോണിന്റെയും വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഉച്ചകഴിഞ്ഞാണ് മടങ്ങിയത്. മൊബൈൽ ഫോൺ, മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ സംഘം പരിശോധനയ്ക്കായി കൊണ്ടുപോയി.
2019-ൽ ദിലീപിന്റെ സഹോദരൻ, ഷോൺ ജോർജിനെ വിളിച്ച ഫോണാണ് ക്രൈംബ്രാഞ്ച് തിരഞ്ഞത്. ഈ ഫോൺ 2019-ൽ നഷ്ടപ്പെട്ടെന്നും ഇതുസംബന്ധിച്ച് കോട്ടയം എസ്.പി.ക്ക് പരാതിനൽകിയിരുന്നെന്നും ഷോൺ അറിയിച്ചു.
കുട്ടികളുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ടാബ് കൊണ്ടുപോകാൻ അന്വേഷണസംഘം ശ്രമിച്ചത് നേരിയ വാക്‌തർക്കത്തിനും ഇടയാക്കി.
മകനെ കുടുക്കാൻ ശ്രമമെന്ന് പി.സി. ജോർജ് :
തന്നെ കുടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പിണറായി വിജയൻ, മകനെ കുടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പി.സി. ജോർജ് ആരോപിച്ചു.
മുഖ്യമന്ത്രി സ്വർണം കടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. മകൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കില്ല -പി.സി. ജോർജ് പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് ഇ.ഡി.ക്കുമുന്നിൽ കൂടുതൽ തെളിവുനൽകുമെന്ന് പറഞ്ഞിരുന്നെന്നും അവ കണ്ടെത്താനാണ് റെയ്ഡിലൂടെ ശ്രമിച്ചതെന്നും ഷോൺ ജോർജ് പറഞ്ഞു.
വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ട പലതും ഓർമയില്ല. ദിലീപിനെതിരേ വന്നതൊക്കെ അനൂപിനും വക്കീലിനും അയച്ചിട്ടുണ്ട്. താനൊരു ചാറ്റും തയ്യാറാക്കിയിട്ടില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
