മുണ്ടക്കയം ബിവറേജസ് കോർപറേഷന്റെ ചില്ലറ വില്പനശാലയിൽ മോഷണം
മുണ്ടക്കയം: പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ ചില്ലറ വില്പനശാലയിൽ മോഷണം. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്.
ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. 11 കുപ്പി മദ്യം മോഷണം പോയതായി കണക്കെടുപ്പിൽ വ്യക്തമായി. എന്നാൽ ബിവറേജ് ഔട്ട്ലെറ്റിൽ ഒരു ലക്ഷത്തോളം രൂപയുണ്ടായിരുന്നെങ്കിലും പണം മോഷണം പോയിട്ടില്ല. അതുകൊണ്ടുതന്നെ മദ്യം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സ്ഥാപനത്തിലെ സിസിടിവി കാമറയിൽ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പോലീസും എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.
തൊഴിലാളി സംഘടനകളുടെ സമരത്തെത്തുടർന്ന് നാളുകളോളം പ്രവർത്തനം നിലച്ചിരുന്ന ഔട്ട്ലെറ്റ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.