ഒച്ചിനെ തുരത്താന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി: ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏകാരോഗ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി “പാഠം ഒന്ന് ഒച്ച്’ എന്ന പേരില്‍ നടപ്പാക്കുന്ന ജനകീയ കാമ്പയിന്റെയും പരിശീലന പരിപാടിയുടെയും ബ്ലോക്കുതല ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിച്ചു.
ജില്ലയില്‍ അതിവേഗം അനിയന്ത്രിതമായി പെരുകി കാര്‍ഷിക വിളകളെ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നതും കുട്ടികളില്‍ മെനഞ്ചൈറ്റിസ് രോഗത്തിന് കാരണമായേക്കാവുന്നതുമാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, ജയശ്രീ ഗോപിദാസ്, ബിഡിഒ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ വിവിധ നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിജയന്, കൃഷി ഓഫീസര്‍ സിമി ഇബ്രാഹിം തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. അസിസ്റ്റന്റ് സെക്രട്ടറിമാര്‍, കൃഷി ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വിഇഒമാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡുതലത്തിലും ഒരുമിക്കാം ഒച്ചിനെതിരെ കാമ്പയിനും പരിശീലനവും സംഘടിപ്പിക്കാന്‍ ബ്ലോക്കുതല യോഗത്തില്‍ തീരുമാനിച്ചു.