കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയയായി , 31ന് ഔദ്യോഗികമായി തുറന്നു കൊടുക്കും
കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയയായി . ഓഗസ്റ്റ് 31ന് പാലം ഔദ്യോഗികമായി തുറന്നു കൊടുക്കും. കെകെ റോഡും അക്കരപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 31നു ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിക്കും.
സീറോ മലബാര്‍ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എത്തുന്ന ഭക്തജനങ്ങള്‍ക്ക് സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടി നിർമിച്ചിട്ടുള്ളതാണ് ഈ പാലം. ഏകദേശം 500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായ പാര്‍ക്കിംഗ് ഗ്രൗണ്ടും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പുതിയ പാലം തുറന്നു കൊടുക്കുന്നതോടെ ഭക്തജനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തിരക്കൊഴിവാക്കി എളുപ്പത്തിൽ പള്ളിയിൽ എത്തുവാനും തിരികെ പോകുവാനും സാധിക്കും.
ദേശീയപാതയിൽനിന്നു നേരിട്ട് പഴയപള്ളി ഗ്രൗണ്ടിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ ഇവിടേക്ക് പ്രവേശിക്കാനാകും. ഇടവക ജനങ്ങളുടെയും, മറ്റ് വിശ്വാസ സമൂഹത്തിന്റെയും സഹകരണത്തോടെയാണ് പാലം പൂർത്തീകരിച്ചത്.
പഴയപടി ഈരാറ്റുപേട്ട റോഡിൽ നിന്നും വാഹനങ്ങൾക്ക് പള്ളിയിൽ എത്തുവാനും സാധിക്കും . എന്നാൽ അതുവഴി വരുന്ന വാഹനങ്ങൾക്ക് പുതിയ പാലത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയില്ല . അത്തരം വാഹനങ്ങൾക്കും പ്രത്യേക പാർക്കിംഗ് ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ മാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ നടക്കും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 31 ന് വൈകുന്നേരം 4 മണിക്ക് തിരുനാളിന് കൊടിയേറും.
നൂറ്റാണ്ടുകളുടെ ചരിത്ര പ്രാധാന്യമുള്ള പഴയപള്ളി പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രമാണ്. അക്കരയമ്മയുടെ സജീവസാന്നിധ്യം നിറഞ്ഞ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആത്മീയശാന്തിയും അനുഗ്രഹങ്ങളും പ്രാപിക്കാന്‍ അനേകായിരങ്ങളാണ് ജാതിമത വ്യത്യാസമില്ലാതെ എത്തുന്നത്.