സർക്കാർ ജോലി ലഭിച്ചതോടെ എരുമേലി പഞ്ചായത്തിൽ വാർഡ് അംഗം രാജി നൽകി.
എരുമേലി : ഒഴക്കനാട് വാർഡ് അംഗം കോൺഗ്രസിലെ പി. എസ്. സുനിമോൾ പഞ്ചായത്ത് അംഗത്വം രാജി വെച്ചു. എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്വീപ്പർ ജോലി ലഭിച്ചതിനെ തുടർന്നാണ് രാജി. തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് രാജി നൽകി. ഒഴക്കനാട് പട്ടിക ജാതി സംവരണ വാർഡിൽ നിന്ന് ജയിച്ച സുനിമോൾ ആശാ വർക്കർ ജോലി നഷ്‌ടപ്പെടാതിരിക്കാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനം നേരത്തെ രാജി വെച്ചിരുന്നു.
23 അംഗങ്ങളുള്ള എരുമേലിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അംഗ ബലം ഇടതിനും യുഡിഎഫിനും 11 വീതമായി തുല്യമാവുകയും ഒരു സ്വതന്ത്രൻ നിർണായകമായി മാറുകയായിരുന്നു. എന്നാൽ സ്വതന്ത്രന്റെ പിന്തുണ നേടി ഭൂരിപക്ഷം ഉറപ്പിച്ച യുഡിഎഫി ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒഴക്കനാട് വാർഡ് അംഗം സുനിമോൾ വോട്ട് ചെയ്തപ്പോൾ ഒപ്പ് വെയ്ക്കാഞ്ഞതിനാൽ യുഡിഎഫിന്റെ ഒരു വോട്ട് അസാധു ആവുകയും ഇതോടെ തുല്യ വോട്ടിലെത്തി നറുക്കെടുപ്പിൽ ഇടതിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയുമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോൺഗ്രസ് പിന്തുണയോടെ ജയിച്ച സ്വതന്ത്രനെ പിന്നീട് ഇടതു പക്ഷം അവിശ്വാസം നൽകി നീക്കി. അതേസമയം പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാൻ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ഇരുമ്പൂന്നിക്കര വാർഡ് അംഗമായ കോൺഗ്രസ് പ്രതിനിധി പ്രകാശ് പള്ളിക്കൂടം വിട്ടു നിന്നതിനാൽ അവതരിപ്പിക്കാനാവാതെ ഭരണം ഇടതിന് തന്നെയായി ഉറയ്ക്കുകയായിരുന്നു. പ്രകാശ് പള്ളിക്കൂടത്തിനെ കൂറുമാറ്റം ആരോപിച്ച് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകി. ഇതോടെ കോൺഗ്രസിന്റെ അംഗബലം 11 ൽ നിന്ന് പത്ത് ആയി ചുരുങ്ങിയ നിലയിലായിരുന്നു. ഇപ്പോൾ സുനിമോളുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലത്തിൽ ഒന്ന് കൂടി നഷ്‌ടമായി ഒമ്പത് ആയി മാറിയിരിക്കുകയാണ്.
ഭരണം തുലാസിലായിരുന്ന സിപിഎമ്മിന് കോൺഗ്രസ് അംഗം സുനിമോളുടെ രാജി സന്തോഷത്തിന് വക നൽകിയിരിക്കുകയാണ്.11 വീതം തുല്യ അംഗ ബലത്തിലായിരുന്ന സ്ഥാനത്ത് യുഡിഎഫ് ഇപ്പോൾ ഒമ്പത് ആയി മാറിയതോടെ ഇനി ഭരണം പിടിക്കാൻ യുഡിഎഫിന് കഴിയില്ലെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും പ്രകാശ് പള്ളിക്കൂടം കോൺഗ്രസ് അനുഭാവത്തിലാണ് നിലകൊള്ളുന്നത്. എന്നാൽ സുനിമോൾ രാജി വെച്ചതോടെ പ്രകാശ് പള്ളിക്കൂടം ഇനി യുഡിഎഫി ന് ഒപ്പം ചേർന്നാലും ഭൂരിപക്ഷമാകില്ല. സുനിമോളുടെ രാജിയോടെ ഇടതുപക്ഷത്തിന് ഭരണത്തിൽ ഇനി അട്ടിമറി ഉണ്ടാകില്ലെന്ന ഉറപ്പ് കൂടിയാണ് ലഭിച്ചിരിക്കുന്നത്.
ഭരണമാറ്റം സംഭവിക്കാതിരിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് കോൺഗ്രസ് അംഗത്തിന് സർക്കാർ ജോലി നൽകുകയായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആക്ഷേപം. ഒഴക്കനാട് വാർഡ് കോൺഗ്രസ് കമ്മറ്റിയാണ് പാർട്ടിക്കുള്ളിൽ ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. വാർഡിൽ നിന്ന് ജയിച്ച കോൺഗ്രസ് അംഗം സുനിമോൾക്ക് ജോലിക്കുള്ള ഇന്റർവ്യൂ നടന്നപ്പോൾ തന്നെ കോൺഗ്രസ് വാർഡ് കമ്മറ്റി ഈ ആക്ഷേപം ഉന്നയിച്ചിരുന്നു. ഭരണത്തിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ഉറപ്പിക്കാൻ സുനിമോൾക്ക് ജോലി നൽകുന്നതിന് സിപിഎം നേതൃത്വം ശുപാർശ നൽകിയെന്നത് പരസ്യമായ വസ്തുത ആണെന്ന് ഒഴക്കനാട് വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഏണസ്റ്റ് പറഞ്ഞു. കമ്മറ്റി ചേർന്ന് അംഗത്തിനോട് പ്രവർത്തകർ വിശദീകരണം തേടിയിരുന്നു. സിപിഎം സഹായം തേടിയില്ലെന്നാണ് വാർഡ് അംഗം സുനിമോൾ അന്ന് വിശദീകരണം നൽകിയത്.
സുനിമോൾ രാജി വെച്ച ഒഴിവിൽ വൈകാതെ ഒഴക്കനാട് വാർഡിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടിക ജാതി സംവരണ വാർഡായ ഇവിടെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവ് പി അനിതയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേനപ്പാടി വാർഡിൽ പി അനിത പരാജയപ്പെട്ടത് യുഡിഎഫി ലെ വോട്ട് ചോർച്ച ആണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒഴക്കനാട് വാർഡിൽ യുഡിഎഫി ന് അനുകൂല സാധ്യത ശക്തമാണെന്നും അനിത സ്ഥാനാർത്ഥി ആയാൽ വിജയം ഉറപ്പാകുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ ഉപ തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് ഭരണത്തിൽ മാറ്റാമുണ്ടാക്കാനുള്ള ഭൂരിപക്ഷം നേടാൻ കഴിയില്ല. ഇതാണ് എൽഡിഎഫി ന് വിജയപ്രതീക്ഷ വർധിപ്പിക്കുന്നത്.