അക്കരപ്പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, എട്ടുനോമ്പാചരണവും സമാപിച്ചു
കാഞ്ഞിരപ്പള്ളി: വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എട്ടുനോമ്പാചരണ സമാപന ദിവസം നാനാജാതി മതസ്ഥരായ പതിനായിരങ്ങളാണ് , തിരുവോണ ദിവസം ആയിട്ടും, പെരുമഴയെ അവഗണിച്ച് അക്കരപ്പള്ളിയിൽ ഒത്തുകൂടിയത് .
സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളി അഥവാ അക്കരപ്പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, എട്ടുനോമ്പാചരണവും സെപ്റ്റംബർ എട്ടിന് സമാപിച്ചു . തിരുവോണ ദിനമായ സമാപന ദിവസം, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് കുരിശടി ചുറ്റി ആയിരങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്ത പ്രദക്ഷിണം നടന്നു. വൈകിട്ട് ഏഴുമണിയോടെ തിരുനാളിന്റെ കൊടിയിറങ്ങി..
കെകെ റോഡും പഴയപള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ചരിപ്പും ഉദ്‌ഘാടനവും തിരുനാളിന്റെ തുടക്കത്തിൽ കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നിർവഹിച്ചിരുന്നു. പഴയപള്ളിയിലെത്തുന്നവരുടെ സഞ്ചാരം സുഗമമാക്കുന്നതിനുവേണ്ടി, ഇടവക ജനം ഉൾപ്പെടെയുള്ള വിശ്വാസികളുടെ സഹകരണത്തോടുകൂടിയാണ് പാലം നിര്‍മിച്ചത്. പുതിയ പാലത്തിലൂടെ എത്തുന്ന അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ദേവാലയ പരിസരത്ത് ഒരുക്കിയിരുന്നു. പുതിയപാലം പള്ളിയിൽ എത്തിയ ഭക്തജനങ്ങൾക്ക് ഏറെ സൗകര്യമായി.