ബസ്സും മിൽമ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്
എരുമേലി : വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെ എസ് ആർ ടി സി ബസ്സും , മിൽമ പാൽ ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക് .
പത്തനംതിട്ടയിൽ നിന്നും കട്ടപ്പനയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മിൽമ ടാങ്കർ ലോറിയിൽ ഇടിച്ച് 20 ഓളം പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെ എരുമേലി റാന്നി പാതയിൽ കരിങ്കല്ലുംമൂഴിക്ക് സമീപമായിരുന്നു അപകടം.
കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം തെറ്റി റോഡിൽ മറുവശത്തേക്ക് പാഞ്ഞ് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസ് നിയന്ത്രണം തെറ്റി വരുന്നത് കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. ബസ് ഡ്രൈവർ ഉൾപ്പെടെ 20 ഓളം പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ മണിപ്പുഴ തേവാരിമണക്ക് ജസ്റ്റിൻ ടി സാബു (11), കൊടുങ്ങൂർ ചെമ്മരച്ചാടത്ത് എൻ ജി സുജാത (61) , ചാത്തൻതറ കൊല്ലായി പ്രിയ കെ. ജെയിംസ് (28), ഇടുക്കി സ്വദേശികളായ മേലന്തറ രാജു ജെ. വർഗീസ് (15), മേലന്തറ സിന്ധു ജോമോൻ (38), മേലന്തറ ബോബസ് ജെ വർഗീസ് (17) എന്നിവരെ കാഞ്ഞിരപ്പള്ളി 26 മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദു കുമാരി (45), അമ്മിണി ഗോപാലൻ (72), സജീഷ് (32), വി. ഷീല (49), ജേക്കബ് അലക്സാണ്ടർ (50), സുരേന്ദ്രൻ (69), തോമസ് മാത്യു (47), ബിനു കുമാർ (47) എന്നിവരെ എരുമേലി ഗവ: ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മറ്റുള്ളവർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല.