പട്ടികജാതി-വർഗ പീഡന നിരോധനനിയമം മുൻകൂർ ജാമ്യഹർജി നൽകേണ്ടത് പ്രത്യേക കോടതിയിൽ -ഹൈക്കോടതി 

 

കൊച്ചി: പട്ടികജാതി-വർഗ പീഡന നിരോധന നിയമ (എസ്.സി.-എസ്.ടി.ആക്ട്) പ്രകാരം എടുത്ത കേസുകളിൽ മുൻകൂർ ജാമ്യഹർജി നൽകേണ്ടത് ഇത്തരം കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണെന്ന് ഹൈക്കോടതി. സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ മുൻകൂർ ജാമ്യഹർജി നൽകാനാകില്ല. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെങ്കിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കരുത്. മറിച്ചാണെങ്കിൽ വസ്തുതകൾ പരിഗണിച്ച് തീരുമാനം എടുക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. പ്രത്യേക കോടതി ഉത്തരവിനെതിരായുള്ള അപ്പീൽ ഹർജി മാത്രമേ ഹൈക്കോടതിയിൽ ഫയൽ ചെയ്യാനാകൂ. 

എസ്.സി.-എസ്.ടി. നിയമ പ്രകാരമെടുത്ത കേസുകളിൽ പ്രതികളായ കോഴിക്കോട് സ്വദേശി കെ.എം. ബഷീർ, പാലക്കാട് സ്വദേശി ബിനീഷ്, കോട്ടയം സ്വദേശിനി ഷൈനി സത്യൻ, ആലുവ സ്വദേശി എം. ദിനേശ് എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എസ്.സി.-എസ്.ടി. നിയമത്തിലെ സെക്‌ഷൻ 18 പ്രകാരം മുൻകൂർജാമ്യം അനുവദിക്കുന്നത് വിലക്കുന്നുണ്ട്. എന്നാൽ, പൃഥ്വിരാജ് ചൗഹാൻ കേസിൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാൽ ഈ വിലക്ക് ബാധകമാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എവിടെ ഉന്നയിക്കും എന്നതിൽ അവ്യക്തതയുണ്ടായിരുന്നു. ഇത്തരം കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികൾ രൂപവത്കരിച്ചതോടെ അവ്യക്തത ഏറി. തുടർന്നാണ് വിഷയം സിംഗിൾ ബെഞ്ച് വിശദമായി പരിശോധിച്ചത്. ഇതിനായി അഡ്വ. കെ.കെ. ധീരേന്ദ്ര കൃഷ്ണനെ അമിക്കസ്‌ക്യൂറിയായും നിയമിച്ചിരുന്നു.

2018-ൽ ഡോ. സുഭാഷ് കാശിനാഥ് മഹാജൻ കേസിലും 2020-ൽ യൂണിയൻ ഓഫ് ഇന്ത്യയും മഹാരാഷ്ട്ര സംസ്ഥാനവും തമ്മിലുള്ള കേസിലെ ഉത്തരവിലൂടെയും മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിലെ നിയന്ത്രണത്തിൽ സുപ്രീംകോടതി ചില ഇളവുകൾ അനുവദിച്ചിരുന്നു. ആരോപണം തെറ്റാണെന്നോ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്നോ ബോധ്യമായാൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത് മറികടക്കാൻ ഭരണഘടന ഭേദഗതിയിലൂടെ സെക്‌ഷൻ 18-എ ഉൾപ്പെടുത്തി. ഇതിന്റെ ഭരണഘടനാ സാധുതയായിരുന്നു പൃഥ്വിരാജ് ചൗഹാൻ കേസിൽ സുപ്രീംകോടതി പരിശോധിച്ചത്.

പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതല്ലെങ്കിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കാം എന്നായിരുന്നു സുപ്രീംകോടതി ഈ കേസിലൂടെ വ്യക്തമാക്കിയത്. അപ്പോഴും ഏത് കോടതിയിലാണ് മുൻകൂർ ജാമ്യഹർജി നൽകേണ്ടതെന്നതിൽ അവ്യക്തത തുടർന്നു. അതിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.

error: Content is protected !!